കൊച്ചി: സംസ്ഥാനത്ത് സ്വകാര്യ ബസ് സമരം മൂന്നാം ദിവസവും തുടരുന്നു. നിരക്ക് വർധിപ്പിക്കാമെന്ന് ഉറപ്പ് നൽകിയിട്ടും നടപ്പാക്കാത്തതിനെതിരെയാണ് സമരം. മിനിമം ചാർജ് 12 രൂപയാക്കുക, വിദ്യാർഥികളുടെ നിരക്ക് മിനിമം ചാർജിന്റെ പകുതിയാക്കി ഉയർത്തുക, കോവിഡ് കാലത്തെ നികുതി ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.
അതേസമയം ചാർജ് വർധന എടുത്തുചാടി തീരുമാനിക്കേണ്ട കാര്യമല്ലെന്നും നിരവധി കാര്യങ്ങൾ പരിഗണിക്കണമെന്നുമാണ് ഗതാഗത മന്ത്രി ആന്‍റണി രാജു പറയുന്നത്. ജനങ്ങളെ മുൾമുനയിൽ നിർത്തുന്ന സമരം ശരിയാണോ എന്ന് ബസുടമകൾ ആലോചിക്കണമെന്നും മന്ത്രി പറഞ്ഞു.ഓട്ടോ-ടാക്സി നിരക്കു വർധനയും പരിഗണനയിലാണ്. ഒരു പാക്കേജ് ആയി മാത്രമേ നിരക്കുവർധന പ്രഖ്യാപിക്കൂ. 30-ാം തീയതിയിലെ എല്‍ഡിഎഫ് യോഗത്തിന് ശേഷമേ തീരുമാനം ഉണ്ടാകൂ എന്നും മന്ത്രി അറിയിച്ചു.
ഗതികേടു കൊണ്ടാണ് സമരത്തിനിറങ്ങേണ്ടി വന്നതെന്ന് സ്വകാര്യ ബസ് സംഘടനാ നേതാക്കൾ വ്യക്തമാക്കി. ഗതാഗതമന്ത്രിയുടെ നിലപാടാണ് സമരത്തിലേക്ക് എത്തിച്ചതെന്നും ചർച്ചയ്ക്കു മന്ത്രി തയാറാകുന്നില്ലെന്നും അവർ ആരോപിച്ചു. പണിമുടക്കിനു നോട്ടിസ് നൽകിയാൽ ചർച്ച നടത്താൻ ക്ഷണിക്കുക എന്നതാണ് സാമാന്യ മര്യാദ. മന്ത്രിയുടേത് ശാഠ്യമാണ്.
ബസ് സമരത്തിന് പുറമേ മാര്‍ച്ച് 28ന് രാവിലെ 6 മുതല്‍ 30ന് രാവിലെ 6 വരെ ദേശീയ പണിമുടക്കും പ്രഖ്യാപിച്ചിട്ടുണ്ട്. പണിമുടക്കിൽ മോട്ടര്‍ മേഖലയിലെ തൊഴിലാളികളും പങ്കെടുക്കുന്നതോടെ വാഹനങ്ങള്‍ ഓടില്ല.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates