'ഇപ്പോള്‍ എഴുന്നള്ളിക്കുന്ന അക്കങ്ങളുടെ കള്ളക്കളി തുറന്നുകാട്ടേണ്ടതുണ്ട്'; നിയമന വിവാദം, വിശദീകരണവുമായി പ്രിയ വര്‍ഗീസ്

കണ്ണൂര്‍ സര്‍വകലാശാല അസോസിയേറ്റ് പ്രൊഫസര്‍ നിയമന വിവാദത്തില്‍ പ്രതികരണവുമായി ഡോ. പ്രിയ വര്‍ഗീസ്
പ്രിയ വര്‍ഗീസ്
പ്രിയ വര്‍ഗീസ്
Updated on
3 min read


കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാല അസോസിയേറ്റ് പ്രൊഫസര്‍ നിയമന വിവാദത്തില്‍ പ്രതികരണവുമായി ഡോ. പ്രിയ വര്‍ഗീസ്. വിവരാവകാശരേഖ എന്ന് പറഞ്ഞ് എഴുന്നള്ളിക്കുന്ന ചില അക്കങ്ങളിലെ കള്ളക്കളികള്‍ ഇപ്പൊത്തന്നെ തുറന്നു കാട്ടേണ്ടതുണ്ടെന്ന് പ്രിയ വര്‍ഗീസ് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. അസോസിയേറ്റ് പ്രൊഫസര്‍ റാങ്ക് പട്ടികയില്‍ ഒന്നാമതെത്തിയ ഡോ. പ്രിയാ വര്‍ഗീസ് റിസര്‍ച്ച് സ്‌കോറില്‍ ഏറെ പിറകിലാണെന്ന് വ്യക്തമാക്കുന്ന വിവരാവകാശ രേഖകള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷിന്റെ ഭാര്യയായ പ്രിയക്ക് ഒന്നാംറാങ്ക് നല്‍കാന്‍ വൈസ് ചാന്‍സലര്‍ ഡോ. ഗോപിനാഥ് രവീന്ദ്രന്റെ അധ്യക്ഷതയിലുള്ള സെലക്ഷന്‍ കമ്മിറ്റി മുന്‍വിധിയോടെയാണ് ഇന്റര്‍വ്യൂ നടത്തിയത് എന്നാണ് ആരോപണം. 


പ്രിയ വര്‍ഗീസിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

യുജിസി റെഗുലേഷനെ തെറ്റായി വ്യാഖ്യാനിച്ച് എഫ്. ഡി. പി ഗവേഷണകാലയളവ് അധ്യാപനപരിചയമായി കൂട്ടാനാവില്ല എന്ന് പറഞ്ഞു തുടങ്ങിയ വിവാദമാണ്. ഇപ്പൊ യു.ജി.സി റെഗുലേഷനൊക്കെ ആറ്റില്‍ ഒഴുക്കി ചില വിവരാവകാശരേഖകളുടെ മാത്രം ബലത്തില്‍ കൈകാലിട്ടടിക്കുന്നത്. ഏതായാലും ചില വിവരങ്ങള്‍ ഞാനും അവകാശപ്പെട്ടിട്ട് മതി പ്രതികരണം എന്ന് കരുതി ഇരിക്കുകയായിരുന്നു. പക്ഷേ വിവരാവകാശരേഖ എന്ന് പറഞ്ഞ് എഴുന്നള്ളിക്കുന്ന ചില അക്കങ്ങളിലെ കള്ളക്കളികള്‍ ഇപ്പൊ തന്നെ തുറന്നു കാട്ടേണ്ടതുണ്ട് എന്ന് കഴിഞ്ഞ രണ്ടു ദിവസമായി നുണരമയാദി പത്രങ്ങളുടെയും ഏഷ്യാനെറ്റാദി പരദൂഷണ ചാനലുകളുടെയും ഇളകിയാട്ടം കണ്ടപ്പോള്‍ തോന്നി. 

1. എന്താ ഈ കണക്കിലെ കളികള്‍? അതിന് കണ്ണൂര്‍ സര്‍വ്വകലാശാലയുടെ അപേക്ഷ സമര്‍പ്പണത്തിന്റെ ചരിത്രം കൂടി അറിയണം. കോവിഡ് കാലമായിരുന്നതുകൊണ്ട് അപേക്ഷ ഓണ്‍ലൈന്‍ അപേക്ഷയായിട്ടായിരുന്നു സമര്‍പ്പിക്കേണ്ടിയിരുന്നത്. ഈ ഓണ്‍ലൈന്‍ ഡാറ്റാ ഷീറ്റിലെ ഓരോ കോളത്തിലും നമ്മള്‍ ടൈപ്പ് ചെയ്തു കൊടുക്കുന്ന മുറക്ക് സ്‌കോര്‍ കോളത്തില്‍ തത്തുല്യമായ അക്കം ഓട്ടോ ജനറേറ്റ് ആവും. അങ്ങിനെ അപേക്ഷ പൂരിപ്പിച്ചു കഴിയുമ്പോള്‍ നമ്മുടെ ആകെ സ്‌കോറും ഓട്ടോ ജനറേറ്റ് ആയി വരും. ഇങ്ങിനെ ഓണ്‍ലൈന്‍ അപേക്ഷയില്‍ കമ്പ്യൂട്ടര്‍ സോഫ്റ്റ്വെയര്‍ അടയാളപ്പെടുത്തിയ അക്കങ്ങള്‍ ആണ് ഇപ്പോള്‍ ഈ പ്രദര്‍ശിപ്പിച്ചുകൊണ്ടിരിക്കുന്നത്. ഇതിന്മേല്‍ സര്‍വ്വകലാശാല നേരിട്ടുള്ള ഒരു തെളിവെടുപ്പ് (ഫിസിക്കല്‍ വെരിഫിക്കേഷന്‍ )നടത്തിയിട്ടില്ല. സാധാരണ ഇതു നടക്കാറുള്ളത് ഇന്റര്‍വ്യൂ ദിവസമാണ്. ഇന്റര്‍വ്യൂ ഓണ്‍ലൈന്‍ ആയിരുന്നതു്‌കൊണ്ട് അന്നും അത് നടന്നില്ല. അതായത് എന്റെ 156ഉം അപരന്റെ 651ഉം എല്ലാം ഞങ്ങളുടെ അവകാശവാദങ്ങള്‍ മാത്രമാണ്. സര്‍വ്വകലാശാല അത് മുഴുവന്‍ പരിശോധിച്ചു വക വെച്ചു തന്നിട്ടുള്ളതല്ല 

2. എന്നാലും അക്കങ്ങളിലെ ഇത്ര ഭീമമായ അന്തരം എങ്ങിനെയാ? 

ഒരു കമ്മ്യൂണിസ്റ്റ്കാരന്റെ ജീവിതപങ്കാളി എന്ന നിലക്ക് എല്ലായ്പോഴും സോഷ്യല്‍ ഓഡിറ്റിനെ ഭയന്നു ജീവിക്കുന്ന ഒരാളാണ് ഞാന്‍. അതുകൊണ്ട് അപേക്ഷ പൂരിപ്പിക്കുമ്പോഴും അതിജാഗ്രത ഉണ്ടായിരുന്നു. യു. ജി. സി. കെയര്‍ ലിസ്റ്റില്‍ മലയാളത്തില്‍ നിന്ന് അധികം ജേര്‍ണലുകള്‍ ഒന്നുമില്ല. പിന്നെ പിയര്‍ റിവ്യൂഡ് എന്ന ഗണത്തില്‍ ഏതൊക്കെ വരും? സംശയമായി. എ. കെ. പി. സി. ടി. എ യുടെ ISSN രെജിസ്‌ട്രേഷന്‍ ഒക്കെയുള്ള കോളേജ് ടീച്ചറില്‍ ഒക്കെ ഞാന്‍ ചിലത് എഴുതിയിട്ടുണ്ട് അതൊക്കെ ക്ലയിം ചെയ്യാമോ?(ചെയ്താല്‍ നാളെ അത് ഒരു ആക്ഷേപമായി വരുമോ? )സമകാലിക മലയാളത്തില്‍ എഴുതിയത്? സ്ത്രീ ശബ്ദത്തിലെ കോളം? സംശയം തീര്‍ക്കാന്‍ സര്‍വ്വകലാശാലയുടെ തന്നെ അക്കാദമിക് വിഭാഗത്തില്‍ വിളിച്ച്, Approved journals in Malayalam ലിസ്റ്റ് എടുത്തു. അതില്‍ പട്ടികപ്പെടുത്തിയിരുന്ന ജേര്‍ണലുകളില്‍ വന്ന പ്രബന്ധങ്ങള്‍ മാത്രമേ എന്റെ അപേക്ഷയില്‍ ഞാന്‍ പൂരിപ്പിച്ചു നല്‍കിയുള്ളൂ. മേല്‍പ്പറഞ്ഞ പ്രസിദ്ധീകരണങ്ങളില്‍ വന്നതിന്റെ ഒക്കെ പേരുവിവരങ്ങള്‍ ടൈപ്പ് ചെയ്തു വെച്ചിരുന്നെങ്കില്‍ സ്‌കോര്‍ കോളത്തില്‍ അതിനൊക്കെ മാര്‍ക്ക് വീണേനെ.  വിവരാവകാശ രേഖയില്‍ എന്റെ സ്‌കോര്‍ ഇപ്പോള്‍ ഉള്ളതിന്റെ ഇരട്ടി എങ്കിലും ആയേനെ. പക്ഷേ ഒരു കാര്യം എനിക്ക് ഉറപ്പിച്ചു പറയാം ഞാന്‍ ക്ലയിം ചെയ്തതത്രയും ഈ കഴിഞ്ഞ ഒന്നാം തിയ്യതി താവക്കരയിലെ സര്‍വ്വകലാശാല ആസ്ഥാനത്തു വെച്ച് നേരിട്ട് പരിശോധിക്കുകയും പ്ലേജിയരിസം പരിശോധനക്കായി സോഫ്റ്റ്കോപ്പി അയച്ചു കൊടുക്കാന്‍ ആവശ്യപ്പെട്ടപ്രകാരം അയച്ചു നല്‍കുകയും ചെയ്തതിന് ശേഷമാണ് ഇപ്പോള്‍ ഈ വിവാദങ്ങള്‍ ഉയര്‍ന്നിരിക്കുന്നത്. റിസര്‍ച്ച് സ്‌കോര്‍ ഷോര്‍ട്‌ലിസ്റ്റ് ചെയ്യാന്‍ മാത്രമേ പരിഗണിക്കൂ എന്നുള്ളതിനാല്‍ അതിനാവശ്യമായ 75പോയിന്റ് ഉണ്ടോ എന്നല്ലാതെ അവകാശപ്പെട്ട മുഴുവന്‍ പോയിന്റ്‌റും അര്‍ഹതപ്പെട്ടതാണോ എന്ന പരിശോധന മറ്റ് ഉദ്യോഗാര്‍ത്ഥികളുടെ ഒന്നും കാര്യത്തില്‍ ഇനിയും നടന്നിട്ടില്ല. അത് നടന്നു കഴിഞ്ഞാലേ ഈ അക്കങ്ങളിലെ നെല്ലും പതിരും തിരിയൂ.അതുകൊണ്ട് ഈ അക്കങ്ങളെ അങ്ങ് വല്ലാതെ ആഘോഷിക്കേണ്ടതില്ല. 

3. ആശാന്റെ സീതാകാവ്യത്തില്‍ സീത പറയുന്ന ഒരു വാക്യമുണ്ട് :
'ജനമെന്നെ വരിച്ചു മുമ്പുതാ-
നനുമോദത്തൊടു സാര്‍വ്വഭൗമിയായ്
പുനരെങ്ങനെ നിന്ദ്യയായി ഞാന്‍
മനുവംശാങ്കുരഗര്‍ഭമാര്‍ന്ന നാള്‍?'

യൂ. ജി. സി. റെഗുലേഷന്റെ കാര്യത്തിലും ഇവിടെ സംഭവിച്ചത് ഏതാണ്ട് ഇങ്ങിനെ ഒക്കെയാണ്. എഫ്. ഡി. പി. കാലയളവ് അധ്യാപനപരിചയമായി ഗണിക്കില്ല എന്ന് യൂ. ജി. സി റെഗുലേഷനിലുണ്ടെന്ന് വാദിച്ചുകൊണ്ടിരുന്നപ്പോള്‍ യു. ജി. സി റെഗുലേഷന്‍ സാര്‍വ്വഭൗമിയായിരുന്നു. അത് തെറ്റായ വ്യാഖ്യാനമാണെന്ന നിയമോപദേശം വന്നതോടെ യു. ജി. സി. റെഗുലേഷന്‍ നിന്ദ്യയായി. റിസര്‍ച്ച് സ്‌കോര്‍ ചുരുക്കപ്പട്ടിക തയ്യാറാക്കാനെ ഉപയോഗിക്കാവൂ എന്ന് യാതൊരു അര്‍ഥശങ്കക്കും ഇട നല്‍കാതെ യു. ജി. സി റെഗുലേഷനില്‍ പറഞ്ഞു വെച്ചിരിക്കുന്നത് കെ. കെ. രാഗേഷ് യു. ജി. സി ചെയര്‍മാനെ വി. സി ആക്കാം എന്ന് പറഞ്ഞതുകൊണ്ടല്ല എന്നെങ്കിലും സമ്മതിക്കുമോ ഇവിടുത്തെ മാ. പ്ര കള്‍? 

4. ഒരു നിശ്ചിത കട്ട് ഓഫ്‌ന് ശേഷമുള്ള റിസര്‍ച്ച് സ്‌കോര്‍ പണ്ടും കണക്കിലെടുത്തിരുന്നില്ലല്ലോ! അന്ന് പത്തു പ്രബന്ധമുണ്ടെങ്കില്‍ അഞ്ചെണ്ണത്തിന് മാത്രമേ മാര്‍ക്ക് കൂട്ടിയിരുന്നുള്ളൂ. അപ്പോഴും ഈ പറയുന്ന ഇന്റര്‍വ്യൂവിന് മാര്‍ക്ക് കൂട്ടി കൊടുത്തു എന്ന ദുരാരോപണത്തിന് സാധ്യത ഉണ്ടായിരുന്നു. ഇതിപ്പോ കണ്ണൂര്‍ സര്‍വ്വകലാശാലയുടെ ഇന്റര്‍വ്യൂ ഓണ്‍ലൈന്‍ ആയി നടന്നതായത്‌കൊണ്ട് റിക്കോഡ് ചെയ്യപ്പെട്ടിട്ടുണ്ട്. അതും കൂടി വിവരാവകാശം ചോദിച്ച് എടുത്തുവെച്ച് ചാനലില്‍ സംപ്രേഷണം ചെയ്യ്. അതില്‍ മാത്രം ഇനി ചാനല്‍ വിധിനിര്‍ണയം നടന്നില്ല എന്ന് വേണ്ട. ഒട്ടും ആത്മവിശ്വാസക്കുറവില്ലാത്തത്‌കൊണ്ട് ഞാന്‍ അതിനെ സുസ്വാഗതം ചെയ്യുന്നു. കാണിക്കുമ്പോള്‍ എല്ലാവരുടെയും കാണിക്കണം എന്ന് മാത്രം. മാധ്യമതമ്പ്രാക്കളോട് തല്ക്കാലം ഇത്രമാത്രം തെര്യപ്പെടുത്തികൊള്ളട്ടെ. ശേഷം പിന്നാലെ.

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com