പ്രിയ വര്‍ഗീസിനെ നിയമിച്ചത് സര്‍ക്കാരല്ല; അധികാരം സര്‍വകലാശാലയ്ക്ക്: മന്ത്രി ആര്‍ ബിന്ദു

പ്രിയ വര്‍ഗീസിന്റെ നിയമനം മരവിപ്പിച്ചുകൊണ്ടുള്ള ഗവര്‍ണറുടെ ഉത്തരവ് പുറത്തുവന്നതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം
ആര്‍ ബിന്ദു, പ്രിയ വര്‍ഗീസ്‌
ആര്‍ ബിന്ദു, പ്രിയ വര്‍ഗീസ്‌
Updated on
2 min read


തിരുവനന്തപുരം: പ്രിയ വര്‍ഗീസിനെ കണ്ണൂര്‍ സര്‍വകലാശാലയില്‍ അസോസിയേറ്റ് പ്രൊഫസറായി നിയമിച്ചത് സര്‍ക്കാരല്ലെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍ ബിന്ദു. നിയമനത്തിനുള്ള പൂര്‍ണ അധികാരം സര്‍വകലാശാലയ്ക്കാണ്. നിയമപ്രകാരമുള്ള നിയമനമായിരിക്കും നടന്നതെന്നും മന്ത്രി പ്രതികരിച്ചു. പ്രിയ വര്‍ഗീസിന്റെ നിയമനം മരവിപ്പിച്ചുകൊണ്ടുള്ള ഗവര്‍ണറുടെ ഉത്തരവ് പുറത്തുവന്നതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം. 

അതേസമയം, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നടപടിക്ക് എതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഗോപിനാഥ് രവീന്ദ്രന്‍ പറഞ്ഞു. കണ്ണൂര്‍ സര്‍വകലാശാല നിയമത്തിലെ ചട്ടം 7(3) വായിച്ച് ഗവര്‍ണറുടെ നടപടി നിയമവിധേയമല്ലെന്ന് വൈസ് ചാന്‍സലര്‍ പരോക്ഷമായി സൂചിപ്പിച്ചു.

കണ്ണൂര്‍ സര്‍വകലാശാലയില്‍ മലയാളം അസോസിയേറ്റ് പ്രഫസര്‍ നിയമനവുമായി ബന്ധപ്പെട്ട റാങ്ക് പട്ടികയില്‍ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷിന്റെ ഭാര്യ പ്രിയ വര്‍ഗീസിന് ഒന്നാം റാങ്ക് നല്‍കിയതിനെതിരെ പരാതി ഉയര്‍ന്നിരുന്നു. ഈ പശ്ചാത്തലത്തില്‍ നിയമവിദഗ്ധരുമായി ആലോചിച്ചാണ് നിയമന നടപടി മരവിപ്പിച്ച് കൊണ്ട് ചാന്‍സലര്‍ എന്ന നിലയില്‍ ഗവര്‍ണറുടെ നടപടി.

കണ്ണൂര്‍ സര്‍വകലാശാലയുടെ 1996ലെ ആക്ട് പ്രകാരമാണ് നടപടി. സേവ് യൂണിവേഴ്സിറ്റി ക്യാമ്പെയിന്‍ കമ്മിറ്റി നല്‍കിയ പരാതിയിലാണ് ഗവര്‍ണര്‍ നടപടി സ്വീകരിച്ചത്. നിയമന നടപടിയുമായി ബന്ധപ്പെട്ട് വൈസ് ചാന്‍സലര്‍ ഡോ. ഗോപിനാഥ് രവീന്ദ്രന്‍ അടക്കമുള്ളവര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസും നല്‍കി. നിയമനത്തെ ന്യായീകരിച്ച് കൊണ്ടുള്ള വൈസ് ചാന്‍സലറുടെ വാദങ്ങള്‍ തള്ളി കൊണ്ടാണ് ഗവര്‍ണറുടെ നടപടി.

കണ്ണൂര്‍ സര്‍വകലാശാലയില്‍ സ്വജനപക്ഷപാതവും ഗുരുതര ചട്ടലംഘനവും നടക്കുന്നുവെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇന്നലെ തുറന്നടിച്ചിരുന്നു. തനിക്ക് ചാന്‍സലറുടെ അധികാരം ഉള്ള കാലത്തോളം സ്വജന പക്ഷപാതം അംഗീകരിക്കില്ലെന്നും ഗവര്‍ണര്‍ വ്യക്തമാക്കിയിരുന്നു. കണ്ണൂര്‍ സര്‍വകലാശാലയില്‍ സ്വജന പക്ഷപാതം, നിയമലംഘനം, ക്രമക്കേട് എന്നിവ നടന്നു എന്നത് പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടെന്നും ഗവര്‍ണര്‍ വ്യക്തമാക്കി

കണ്ണൂര്‍ സര്‍വകലാശാലയില്‍ പ്രിയ വര്‍ഗീസിനെ നിയമിച്ചു കൊണ്ടുള്ള ഉത്തരവ് രണ്ട് ദിവസത്തിനകം ഉണ്ടാകുമെന്നായിരുന്നു വൈസ് ചാന്‍സലര്‍ ഡോ. ഗോപിനാഥ് രവീന്ദ്രന്‍ നേരത്തെ പ്രതികരിച്ചത്. കണ്ണൂര്‍ സര്‍വകലാശാലയില്‍ ക്രമക്കേട് നടന്നതായി പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടു എന്ന് ഗവര്‍ണര്‍ വ്യക്തമാക്കിയതിന് പിന്നാലെയായിരുന്നു ഗോപിനാഥ് രവീന്ദ്രന്റെ വാക്കുകള്‍. സിമിലാരിറ്റി ചെക്കിംഗ് ബാക്കിയുള്ളതിനാലാണ് നിയമനം വൈകുന്നത്. ഇക്കാര്യം പൂര്‍ത്തിയാകുന്നതോടെ നിയമന ഉത്തരവ് നല്‍കുമെന്നും വൈസ് ചാന്‍സലര്‍ വ്യക്തമാക്കി.

ഗവര്‍ണര്‍ തനിക്കെതിരെ പരസ്യമായി ആരോപണം ഉന്നയിക്കുകയാണ്. ഇത്തരത്തില്‍ ആരോപണം ഉന്നയിക്കുന്നതിന് പകരം എഴുതി നല്‍കുകയാണെങ്കില്‍ മറുപടി നല്‍കാമെന്നും ഡോ.ഗോപിനാഥന്‍ നായര്‍ പറ!ഞ്ഞു. റിസര്‍ച്ച് സ്‌കോര്‍ എന്നത് ഉദ്യോഗാര്‍ത്ഥികളുടെ അവകാശം മാത്രമല്ല, യൂണിവേഴ്സിറ്റി സ്‌ക്രീനിങ് കമ്മിറ്റി പരിശോധിച്ച് അംഗീകരിച്ചതാണ്. ഇക്കാര്യത്തില്‍ പ്രിയ വര്‍ഗീസിന്റെ ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധിച്ചിട്ടില്ല. വിവരാവകാശ രേഖ വഴി ഇന്റര്‍വ്യൂവിന്റെ റെക്കോര്‍ഡ് പുറത്തു വിടാന്‍ കഴിയുമോ എന്നതില്‍ വ്യക്തത ഇല്ല എന്നും വൈസ് ചാന്‍സലര്‍ പറഞ്ഞു. പുറത്തു വിടാന്‍ കഴിയില്ലെന്നാണ് നിയമ വൃത്തങ്ങളില്‍ നിന്ന് മനസിലാകുന്നത്. അത്തരത്തില്‍ ചെയ്യണമെങ്കില്‍ ഇന്റര്‍വ്യൂ ബോര്‍ഡിലെ 11 പേരുടെയും അഭിമുഖത്തില്‍ പങ്കെടുത്ത ആറു പേരുടെയും അനുമതി വേണ്ടി വരുമെന്നും ഡോ.ഗോപിനാഥന്‍ നായര്‍ വ്യക്തമാക്കി. സര്‍വകലാശാലയ്ക്ക് ഇക്കാര്യത്തില്‍ ബുദ്ധിമുട്ടൊന്നും ഇല്ലെന്നും വൈസ് ചാന്‍സലര്‍ അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com