

തൃശൂര്‍: തൃശൂര്‍ പൂരവുമായി ബന്ധപ്പെട്ട് ഉണ്ടായ പ്രശ്‌നങ്ങളില്‍ പൊലീസിന്റെ വീഴ്ച വീണ്ടും ചൂണ്ടിക്കാട്ടി എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി എസ് സുനില്‍കുമാര്‍. പൊലീസില്‍ ചില ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടുള്ള തെറ്റായ പ്രവണതകളും രീതികളുമാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമായത്. ആചാരങ്ങള്‍ അറിയാത്ത ഉദ്യോഗസ്ഥര്‍ എത്തുന്നതാണ് പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കിയത്. വരുംകാലങ്ങളില്‍ അനുഭവസമ്പത്തുള്ള ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തുമെന്നും സുനില്‍കുമാര്‍ പറഞ്ഞു. ഫെയ്‌സ്ബുക്ക് ലൈവിലൂടെയായിരുന്നു സുനില്‍കുമാറിന്റെ പ്രതികരണം.
'തൃശൂര്‍ പൂരവുമായി ബന്ധപ്പെട്ട് പൊലീസിന്റെ നിയന്ത്രണങ്ങള്‍ തിരുവമ്പാടി ദേവസ്വത്തിന് മാനസികമായി ചില പ്രയാസങ്ങള്‍ ഉണ്ടാക്കി. പൂരത്തില്‍ പതിവായി നടക്കുന്ന പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടാണ് അവര്‍ക്ക് പ്രയാസങ്ങള്‍ നേരിട്ടത്. സ്വാഭാവികമായി വികാരപരമായി തന്നെ അവര്‍ നിലപാട് സ്വീകരിച്ചു. പൂരത്തിന്റെ ചടങ്ങുകള്‍ നിര്‍ത്തിവെയ്ക്കാനും വെടിക്കെട്ട് നടത്തേണ്ടതില്ല എന്ന തരത്തിലുമാണ് തീരുമാനം എടുത്തത്. രാത്രിയാണ് സംഭവം ഉണ്ടാവുന്നത്. അത്തരത്തിലുള്ള കടുത്ത നിലപാടിലേക്ക് പോകരുതെന്ന് ഞാന്‍ അടക്കം അഭ്യര്‍ഥിച്ചു. പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കാം എന്നും ചടങ്ങുകള്‍ക്ക് ഭംഗം വരരുതെന്നും പറഞ്ഞു. നിരന്തരമായി ചര്‍ച്ചകള്‍ നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് വെടിക്കെട്ട് നടത്താന്‍ തീരുമാനിച്ചത്. പൊലീസില്‍ ചില ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടുള്ള തെറ്റായ പ്രവണതകളും രീതികളുമാണ് ഇതിന് കാരണമായത്. തിരുവമ്പാടിക്കാര്‍ പറയുന്നതില്‍ ചില സത്യങ്ങളുണ്ട് എന്ന് മനസിലായതിന്റെ അടിസ്ഥാനത്തിലാണ് ഇടപെട്ടത്.'- സുനില്‍ കുമാര്‍ പറഞ്ഞു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
'എന്നാല്‍ തൃശൂര്‍ പൂരത്തെ രാഷ്ട്രീയമായി കൊണ്ടുപോകുന്നതിനോട് എനിക്ക് യോജിപ്പില്ല. വെടിക്കെട്ട് നാലുമണിക്കൂര്‍ വൈകി എന്നത് പ്രയാസം ഉണ്ടാക്കിയ കാര്യമാണ്. തൃശൂര്‍ പൂരത്തിന്റെ ഒരു ചടങ്ങ് പോലും മുടങ്ങരുത് എന്നത് തന്നെ സംബന്ധിച്ച് വൈകാരികമായ കാര്യമാണ്. പൊലീസിന്റെ ഭാഗത്ത് വീഴ്ച ഉണ്ടായിട്ടുണ്ടെങ്കില്‍ പരിശോധിക്കുമെന്നും നടപടി ആവശ്യമാണെങ്കില്‍ സ്വീകരിക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. എന്നാല്‍ താന്‍ വെടിക്കെട്ടിന് തടസം നിന്നു എന്നൊക്കെ പറഞ്ഞാല്‍ അത് ദുഷ്പ്രചാരണമാണ്.തൃശൂര്‍ പട്ടണത്തിലെ ആളുകള്‍ക്ക് എന്നെ അറിയാത്തതാണോ? സുനില്‍ അങ്ങനെ ചെയ്യുമോ എന്ന തരത്തില്‍ ചിലര്‍ക്കെങ്കിലും സംശയം ഉയര്‍ന്നാലോ എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് വിശദീകരണവുമായി രംഗത്തുവരാന്‍ തീരുമാനിച്ചത്. വര്‍ഷങ്ങളായി തൃശൂര്‍ പൂരവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നയാളാണ് ഞാന്‍. തൃശൂരിലെ എല്ലാവര്‍ക്കും എന്നെ അറിയാം. അതുകൊണ്ട് എനിക്ക് ഭയമില്ല. രാഷ്ട്രീയത്തിന് അതീതമായി എനിക്ക് സുഹൃത്തുക്കള്‍ ഉണ്ട്. അവരൊന്നും തന്നെ കുറ്റപ്പെടുത്തില്ല എന്ന് അറിയാം. എന്നാല്‍ ലോക്‌സഭ തെരഞ്ഞെടുപ്പ് അടുത്ത പശ്ചാത്തലത്തില്‍ ചില കോണുകളില്‍ നിന്ന് ദുഷ്പ്രചാരണം ഉണ്ടായ പശ്ചാത്തലത്തിലാണ് വിശദീകരണം നല്‍കാന്‍ തീരുമാനിച്ചത്. ഇത്തരത്തില്‍ ആളുകളെ തേജോവധം ചെയ്യുന്ന തരത്തില്‍ വ്യക്തിഹത്യ നടത്തുന്നത് നല്ലതല്ല എന്ന് കൂടി ഓര്‍മ്മിപ്പിക്കുന്നു'- സുനില്‍കുമാര്‍ വിശദീകരിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates