കൊച്ചി; അന്തരിച്ച കോൺഗ്രസ് നേതാവ് പിടി തോമസിന് ജന്മനാടിന്റെ യാത്രാമൊഴി. ഇടുക്കി ഉപ്പുതോടിലെ വീട്ടിൽ എത്തിച്ച മൃതദേഹത്തിൽ അന്ത്യോപചാരം അർപ്പിക്കാൻ ആയിരങ്ങളാണ് എത്തിയത്. അതിന് പിന്നാലെ തൊടുപുഴ രാജീവ് ഭവനിൽ എത്തിക്കും. അവിടത്തെ പൊതുദർശനത്തിനു ശേഷമായിരിക്കും കൊച്ചിയിൽ എത്തിക്കുക. കാൻസർ രോഗബാധിതനായിരുന്ന പിടി തോമസ് തമിഴ്നാട്ടിലെ വെല്ലൂരിലെ ആശുപത്രിയിൽ വച്ചാണ് മരിച്ചത്.
സംസ്കാരം മതപരമായ ചടങ്ങുകൾ ഒഴിവാക്കി
പാലാരിവട്ടത്തെ വീട്ടിൽ ഒൻപതു മണിയോടെയാവും പിടി തോമസിന്റെ മൃതദേഹം എത്തുക. നേരത്തെ ആറു മണിയ്ക്ക് എത്തിക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. ടൗൺ ഹാളിലെത്തിക്കുന്ന മൃതദേഹത്തിൽ രാഹുൽ ഗാന്ധി ഉൾപ്പടെയുള്ള പ്രധാന നേതാക്കളെത്തി അന്തിമ ഉപചാരം അർപ്പിക്കും. ഒന്നരയോടെ തൃക്കാക്കര കമ്മ്യൂണിറ്റി ഹാളിലെത്തിക്കുന്ന മൃതദേഹത്തിൽ പി ടി തോമസ്സിന്‍റെ പ്രിയപ്പെട്ട വോട്ടർമാർ യാത്രമൊഴി നൽകും. തുടർന്ന് 5.30മണിക്ക് എറണാകുളം രവിപുരം ശ്മശാനത്തിൽ പി.ടിയുടെ ആഗ്രഹപ്രകാരം മതപരമായ ചടങ്ങുകൾ ഒഴിവാക്കി ആകും സംസ്കാരചടങ്ങുകൾ.
സംസ്‌കാര ചടങ്ങില്‍ 'ചന്ദ്രകളഭം ചാര്‍ത്തിയുറങ്ങും' എന്ന ഗാനം
കഴിഞ്ഞ മാസമാണ് നട്ടെല്ലിനെ ബാധിച്ച അർബുദത്തിനുള്ള ചികിത്സയ്ക്ക് ആയി പിടി തോമസ് വെല്ലൂരിലെ ആശുപത്രിയിൽ എത്തിയത്. ഇന്ന് രാവിലെ പത്ത് മണിയോടെ പിടി തോമസ് മരണത്തിന് കീഴടങ്ങുകയായിരുന്നു. 71 വയസ്സായിരുന്നു. രവിപുരം ശ്മാശനത്തില്‍ ദഹിപ്പിക്കണം, മൃതദേഹത്തില്‍ റീത്ത് വെക്കരുത്, സംസ്‌കാര ചടങ്ങില്‍ 'ചന്ദ്രകളഭം ചാര്‍ത്തിയുറങ്ങും' എന്ന വയലാറിന്റെ ഗാനം ചെറിയ ശബ്ദത്തില്‍ കേള്‍പ്പിക്കണം, ചിതാഭസ്മത്തിന്റെ ഒരുഭാഗം ഉപ്പുതോട് പള്ളിയിലെ അമ്മയുടെ കല്ലറയില്‍ നിക്ഷേപിക്കണം എന്നീ അന്ത്യാഭിലാഷങ്ങളാണ് പിടി തോമസിനുണ്ടായിരുന്നത്. ഇക്കാര്യങ്ങള്‍ മരിക്കുന്നതിന് മുമ്പ് പിടി തോമസ് കുറിച്ചുവെക്കുകയും സുഹൃത്തുക്കളുമായി പങ്കിടുകയും ചെയ്തിരുന്നതായി പ്രതിപക്ഷ നേതാവ് പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates