കൃത്യ സമയം പാലിച്ചില്ലെങ്കിൽ ശമ്പളം പോകും; സർവകലാശാലകളിലും കോളജുകളിലും ഓ​ഗസ്റ്റ് ഒന്ന് മുതൽ പഞ്ചിങ് നിർബന്ധം 

ക്യാമ്പസുകളിൽ അധ്യാപകരുടെ സാന്നിധ്യം ആറ് മണിക്കൂർ വേണമെന്നു യുജിസി വ്യവസ്ഥയുണ്ട്. സ്പാർക്കും പഞ്ചിങും സംയോജിപ്പിച്ചാണ് വ്യവസ്ഥ നടപ്പാക്കുന്നത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

തിരുവനന്തപുരം: സർവകലാശാലകളിലും സർക്കാർ, എയ്ഡഡ് കോളേജുകളിലും പഞ്ചിങ് നിർബന്ധമാക്കുന്നു. ഓ​ഗസ്റ്റ് ഒന്ന് മുതലാണ് പഞ്ചിങ് നിർബന്ധമാക്കുന്നത്. ​ഹാജർ ശമ്പളവുമായി ബന്ധിപ്പിക്കും. അനധികൃതമായി ഹാജരാകാത്തവർക്കും ജോലി സമയം കൃത്യമായി പാലിക്കാത്തവർക്കും ഓ​ഗസ്റ്റ് ഒന്ന് മുതൽ ശമ്പളം ലഭിക്കാതെ പോകും. 

ക്യാമ്പസുകളിൽ അധ്യാപകരുടെ സാന്നിധ്യം ആറ് മണിക്കൂർ വേണമെന്നു യുജിസി വ്യവസ്ഥയുണ്ട്. സ്പാർക്കും പഞ്ചിങും സംയോജിപ്പിച്ചാണ് വ്യവസ്ഥ നടപ്പാക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ ഉച്ച ഭക്ഷണ ഇടവേള കൂടി ഉൾപ്പെടുത്തിയാണ് കോളജ് അധ്യാപകരുടെ ജോലി സമയം ഏഴ് മണിക്കൂറായി നിശ്ചയിച്ചത്. 

അധ്യാപകർ ദിവസം ആറ് മണിക്കൂർ കോളജിൽ ഹാജരുണ്ടാവണം. ഒരു മണിക്കൂർ ഉച്ചഭക്ഷണ ഇടവേള. പ്രാദേശിക സാഹചര്യമനുസരിച്ച്, രാവിലെ ഒമ്പത് മുതൽ വൈകീട്ട് നാല് വരെ, ഒമ്പതര മുതൽ നാലര വരെ, പത്ത് മുതൽ അഞ്ച് വരെ എന്നീ സമയക്രമം പാലിക്കാം. സമയക്രമം അതതു സർവകലാശാലയെ അറിയിക്കണം. പഞ്ചിങ്ങിലെ സമയക്കുറവ് കാഷ്വൽ ലീവായി കണക്കാക്കും. ഇവയാണ് നിർദ്ദേശങ്ങൾ. 

പഞ്ചിങ് കർശനമല്ലാത്തതിനാൽ ഈ തൊഴിൽ സമയം നിരീക്ഷിക്കാൻ സംവിധാനങ്ങളുണ്ടായിരുന്നില്ല. കോളജ് പാഠ്യ പദ്ധതി നാല് വർഷ ബിരുദത്തിലേക്കു മാറുന്നതോടെ ക്യാമ്പസിൽ നിശ്ചിത സമയം അധ്യാപകർ ഉണ്ടാകണമെന്ന നിയമം കർശനമാകും. ഉന്നത വിദ്യാഭ്യാസ സേവനങ്ങളെല്ലാം ഒരു കുടക്കീഴിലാക്കുന്ന കെ റീപ് (കേരള റിസോഴ്സ് ഫോർ എജ്യുക്കേഷൻ അഡ്മിനിസ്ട്രേഷൻ ആൻഡ് പ്ലാനിങ്) എന്ന ഇ ​ഗവേണൻസ് സംവിധാനം നടപ്പിലാകുന്നതോടെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെല്ലാം പഞ്ചിങ് നിർബന്ധമാകുകയും ചെയ്യും. 

ജൂൺ ഒന്ന് മുതൽ എല്ലാ സർക്കാർ ഓഫീസുകളിലും പഞ്ചിങ് നിർബന്ധമാക്കിയിരുന്നു. എന്നാൽ ആ ഘട്ടത്തിൽ സർവകലാശാലകളും കോളജുകളും അതിലുൾപ്പെട്ടിരുന്നില്ല. സർക്കാർ കോളജുകളിൽ നേരത്തെ തന്നെ പഞ്ചിങ് മെഷീനുകൾ സ്ഥാപിച്ചിരുന്നു. എന്നാൽ ഉപയോ​ഗിച്ചിരുന്നില്ല. എയ്ഡഡ് കോളജുകളിൽ ഭൂരിഭാ​ഗവും യന്ത്രം പോലും സ്ഥാപിച്ചിരുന്നില്ല. 

സർക്കാരിന്റെ ശമ്പള വിതരണ സോഫ്റ്റ്‌വേറായ സ്പാർക്കിൽ കോളജ്- സർവകലാശാലാ അധ്യാപകരുടെയും ജീവനക്കാരുടെയും സേവന വിവരങ്ങളെല്ലാമുണ്ട്. പക്ഷെ, ഹാജരും അവധിയും സ്പാർക്കുമായി ബന്ധിപ്പിച്ചിട്ടില്ല. ഇതിനായി ഉടൻ നടപടിയെടുക്കണമെന്നു സർവകലാശാലാ രജിസ്ട്രാർമാർക്ക് സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com