

തിരുവനന്തപുരം: അന്താരാഷ്ട്ര നിലവാരത്തിലുള്ള പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്ക് ഒക്ടോബര്‍ 28 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പാര്‍ക്ക് ഉദ്ഘാടനം ചെയ്യും. സുവോളജിക്കല്‍ പാര്‍ക്ക് പ്രവര്‍ത്തനം തുടങ്ങുന്നതോടെ തൃശൂര്‍ മൃഗശാലയുടെ പ്രവര്‍ത്തനം പൂര്‍ണമായും അവസാനിപ്പിക്കും. തിരുവനന്തപുരത്ത് ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം ഉണ്ടായത്. സാധാരണ മൃഗശാലകളില്‍ നിന്നും വ്യത്യസ്തമായി പ്രത്യേകം ആവാസ വ്യവസ്ഥകള്‍ ഒരുക്കിയാണ് സുവോളജിക്കല്‍ പാര്‍ക്ക് സജ്ജമാക്കുക. ജനുവരിയോടെ പൊതുജനങ്ങള്‍ക്ക് തുറന്നു കൊടുക്കുന്നതിന് മുമ്പ് മൃഗങ്ങള്‍ക്ക് അതത് ആവാസ വ്യവസ്ഥയുമായി പൊരുത്തപ്പെടാനാവും.
തൃശൂര്‍ മൃഗശാലയില്‍ നിന്നുള്ള മൃഗങ്ങളെ പുത്തൂരിലേക്ക് എത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. മാനുകള്‍ ഒഴികെ സുവോളജിക്കല്‍ പാര്‍ക്കിലെ കൂടുകളിലേക്കുള്ള മുഴുവന്‍ മൃഗങ്ങളെയുമാണ് ആദ്യഘടത്തില്‍ മാറ്റുക. സഫാരി പാര്‍ക്കിന്റെ നിര്‍മ്മാണം പൂര്‍ത്തിയായാല്‍ മാനുകളെയും പുത്തൂരില്‍ എത്തിക്കും.
തൃശൂര്‍ മൃഗശാലയിലെ സ്ഥിരം ജീവനക്കാരെ മൃഗശാല വകുപ്പില്‍ നിന്ന് ധനകാര്യ വകുപ്പിന്റെ അനുമതിയോടെ സുവോളജിക്കല്‍ പാര്‍ക്കിന്റെ കീഴിലേക്ക് മാറ്റി നിയമിക്കാനും യോഗത്തില്‍ തീരുമാനമായി. റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍, വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ എന്നിവരുടെ സാന്നിധ്യത്തില്‍ വനം, മൃഗശാല വകുപ്പ് ഉന്നത ഉദ്യോഗസ്ഥരടക്കം യോഗത്തില്‍ പങ്കെടുത്തു.
വിദേശ രാജ്യങ്ങളില്‍ നിന്നും തമിഴ്‌നാട്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളില്‍ നിന്നുമെല്ലാം മൃഗങ്ങളും മറ്റ് ജീവജാലങ്ങളും പുത്തൂരിലെത്തിക്കുന്ന നടപടികളും ഒക്ടോബര്‍ മാസത്തില്‍ നടക്കും. തുടര്‍ന്നുള്ള നാളുകളിലും സുവോളജിക്കല്‍ പാര്‍ക്കിലേക്ക് പുതിയ മൃഗങ്ങളെയും പക്ഷികളെയും ഉരഗങ്ങളെയും എത്തിച്ചു കൊണ്ടിരിക്കും. പാര്‍ക്കിലെ വിപുലീകരണവും വികസന പ്രവര്‍ത്തനങ്ങളും ഇതിന്റെ ഭാഗമായി തുടരും. ഹോളോഗ്രാം സൂ, പെറ്റിങ് സൂ തുടങ്ങിയവയെല്ലാം സഫാരി പാര്‍ക്കിനൊപ്പം പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കില്‍ ഒരുങ്ങും.
28 ന് നടക്കുന്ന ഔപചാരിക ഉദ്ഘാടനവും അനുബന്ധ പരിപാടികളും ആഘോഷമാക്കാന്‍ വലിയ ഒരുക്കമാണ് പുത്തൂരില്‍ നടക്കുന്നതെന്ന് യോഗത്തില്‍ സ്ഥലം എംഎല്‍എ കൂടിയായ റവന്യൂ മന്ത്രി കെ രാജന്‍ പറഞ്ഞു. ഉദ്ഘാടനത്തോടനുബന്ധിച്ച് ഉള്ള പരിപാടികള്‍ക്ക് ഈ മാസം 18 ന് കൊടിയുയരും. 21 ന് പെറ്റിങ് സൂവിന്റെ ശിലാസ്ഥാപനം നടക്കും. 25, 26, 27 തിയതികളില്‍ കലാ സാംസ്‌കാരിക പരിപാടികള്‍ അരങ്ങേറും. യോഗത്തില്‍ മൃഗസംരക്ഷണ, മൃഗശാല, വനം വകുപ്പുകളുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി മിന്‍ഹാജ് ആലം, മൃഗശാല ഡയറക്ടര്‍ മഞ്ജുളാ ദേവി, പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്ക് സ്‌പെഷല്‍ ഓഫീസര്‍ കെ ജെ വര്‍ഗീസ്, വനം വകുപ്പ് മേധാവി ഡോ. പി പുഗഴേന്തി, ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഡോ. പ്രമോദ് ജി കൃഷ്ണന്‍ തുടങ്ങിയവരും പങ്കെടുത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates