'രഹസ്യബന്ധമുണ്ടെന്ന് സമ്മതിക്കണമെന്ന് ആവശ്യപ്പെട്ട് റിദാന്റെ ഭാര്യയെ പൊലീസ് ക്രൂരമായി മർദ്ദിച്ചു; രണ്ടു ഫോണുകളും കണ്ടെടുക്കാത്തത് ദുരൂഹം'

എഡിജിപി എംആർ അജിത് കുമാറിനെതിരെ പുതിയ ഫോൺ സംഭാഷണം പുറത്തു വിട്ട് പി വി അൻവർ എംഎൽഎ
pv anvar
പിവി അൻവർ, എംആർ അജിത് കുമാർ ഫെയ്സ്ബുക്ക്
Updated on
2 min read

മലപ്പുറം: എടവണ്ണ റിദാന്‍ കൊലപാതകത്തില്‍ ആരോപണവുമായി പി വി അന്‍വര്‍ എംഎല്‍എ. റിദാന്‍ എന്ന ചെറുപ്പക്കാരന്‍ തലയ്ക്ക് വെടിയേറ്റാണ് മരിച്ചത്. മരിച്ച റിദാന്റെ ഭാര്യയെയും കുടുംബത്തെയും ഇന്നലെ കണ്ടിരുന്നു. ഇപ്പോള്‍ ആ കേസില്‍ പ്രതിയായി പൊലീസ് കുറ്റപത്രം കൊടുത്ത ഷാന്‍, ഒരിക്കലും റിദാനെ കൊലപ്പെടുത്തില്ലെന്ന് റിദാന്റെ കുടുംബം പറയുന്നു. റിദാന്റെ മരണത്തിന്റെ മൂന്നാം നാള്‍, മരിച്ച റിദാന്‍ ഫാസിലിന്റെ ഭാര്യയോട് പൊലീസ് വളരെ മോശമായാണ് പെരുമാറിയത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

റിദാന്റെ അടുത്ത സുഹൃത്താണ് പ്രതിയെന്ന് പൊലീസ് പറയുന്ന ഷാന്‍. പ്രതിയായ ഷാനുമായി രഹസ്യ ബന്ധമുണ്ടെന്ന് സമ്മതിക്കണമെന്ന് റിദാന്റെ ഭാര്യയോട് പൊലീസ് ആവശ്യപ്പെട്ടു. അവളുമായി ഒരുമിച്ച് താമസിക്കുന്നതിനായി ഷാന്‍ റിയാദിനെ വെടിവെച്ചു കൊലപ്പെടുത്തിയതാണെന്ന് സമ്മതിക്കണമെന്നാണ് പൊലീസ് ആവശ്യപ്പെട്ടത്. ഇതിനായി ആ പെണ്‍കുട്ടിയെ ഭീകരമായി മര്‍ദ്ദിച്ചു. ഇതു സമ്മതിച്ചില്ലെങ്കില്‍ സെന്‍ട്രല്‍ ജയിലിലേക്ക് പോകുമെന്ന് പൊലീസ് ഭീഷണിപ്പെടുത്തി. എന്നാല്‍ യുവതി അതു സമ്മതിക്കാന്‍ കൂട്ടാക്കിയില്ല.

കൊലപാതകത്തില്‍ പ്രതിയെന്ന് പറയപ്പെടുന്ന ഷാനിനെ മൂന്നു ദിവസം പൊലീസ് കസ്റ്റഡിയില്‍ മൃഗീയമായി മര്‍ദ്ദിച്ചു. യുവതിയുമായി രഹസ്യ ബന്ധമുണ്ടെന്ന് സമ്മതിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു മര്‍ദ്ദനം. എന്നാല്‍ ഷാനും അതു സമ്മതിച്ചില്ല. തുടര്‍ന്ന് റിദാനുമായി വേറെ വൈരാഗ്യം ഉണ്ടായിരുന്നതായി പൊലീസ് കഥയുണ്ടാക്കി. ആ വൈരാഗ്യത്തിനാണ് റിദാനെ കൊന്നതെന്ന് പറഞ്ഞ് അന്വേഷണം അവസാനിപ്പിക്കുകയായിരുന്നു.

സംഭവ ദിവസം വൈകീട്ട് ഏഴുമണിക്ക് റിദാനും ഷാനും ഒരുമിച്ച് ഇറങ്ങി എന്നതു വെച്ചാണ് പൊലീസ് പിന്നീട് കഥയുണ്ടാക്കിയത്. അന്ന് അവര്‍ ഒരുമിച്ചിറങ്ങി എന്നതു ശരിയാണ്. മരിച്ച റിദാന്റെ സുഹൃത്തിന് വേണ്ടി വാടകയ്ക്ക് എടുത്ത വണ്ടിയുടെ പൈസ കൊടുക്കുന്നതിനു വേണ്ടിയാണ് റിദാന്‍ ഷാനിനെ വിളിച്ചത്. ജാമിയ കോളജിന്റെ അടുത്ത് ചായ കുടിച്ചു നില്‍ക്കെ മരിച്ച റിദാന് വേറെ ഫോണ്‍ വന്നു. പ്രതിയെന്ന് പറയുന്ന ഷാനിനോട് ഇന്നു പോകുന്നില്ലെന്നും, വേറെ ഫ്രണ്ട്‌സ് വരുന്നുണ്ടെന്നും പറഞ്ഞതിനെത്തുടര്‍ന്ന് ഇവര്‍ പിരിയുകയായിരുന്നു. ഇതോടെ ഷാന്‍ സ്‌കൂട്ടറും ഓടിച്ച് വീട്ടിലേക്ക് പോയി.

കരിപ്പൂര്‍ കേന്ദ്രീകരിച്ചു നടക്കുന്ന സ്വര്‍ണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട നിരവധി വിവരങ്ങള്‍ മരിച്ച യുവാവിന്റെ കൈവശമുണ്ട്. കേസ് അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥരില്‍ നിന്നുമാണ് ഇതു മനസ്സിലാക്കാന്‍ കഴിഞ്ഞത്. അവന്റെ ഫോണുകള്‍ വേറെ കേസില്‍കുടുക്കി തട്ടിയെടുക്കാന്‍ പൊലീസ് ശ്രമിച്ചെങ്കിലും അതു പരാജയപ്പെട്ടിരുന്നു. തന്റെ പക്കലുള്ള വിവരങ്ങള്‍ ചില പൊലീസ് ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തുമെന്ന് അവന്‍ പറഞ്ഞിരുന്നു. ആ മോട്ടീവ് ആണ് റിദാന്റെ കൊലപാതകത്തിന് കാരണം. അതു ചെന്നെത്തുന്നത് സുജിത് ദാസിന്റെ അടുത്തേക്കാണ്. പി വി അന്‍വര്‍ പറഞ്ഞു.

കൊലയ്ക്ക് ഉപയോഗിച്ചതെന്ന് പറയുന്ന തോക്ക് കണ്ടെടുത്തതും ദുരൂഹമാണ്. മൂന്നു ദിവസമായി പൊലീസ് അരിച്ചുപെറുക്കിയ, പൊലീസിന്റെ കസ്റ്റഡിയിലുള്ള വീട്ടില്‍ പ്രതിയെന്ന് പറയുന്ന ആളെയും കൊണ്ടു പോകുന്നു. പെട്ടെന്ന് കട്ടിലിന് താഴെ പ്ലാസ്റ്റിക് കവര്‍ കാണുന്നു. പൊലീസ് ഉദ്യോഗസ്ഥന്‍ തട്ടിയിട്ട് ദേ കിടക്കുന്നു തോക്ക് എന്നു പറഞ്ഞ്, തോക്ക് റിക്കവര്‍ ചെയ്യുന്നു. മരിച്ച റിദാന്റെ കയ്യില്‍ രണ്ടു ഫോണുകളുണ്ട്. ഒന്ന് രഹസ്യ വിവരങ്ങളുള്ളതും മറ്റൊന്ന് സാധാരണ ഉപയോഗത്തിനുള്ളതും. ഈ രണ്ടു ഫോണുകളും ഇതുവരെ കണ്ടെത്താനായിട്ടില്ല. ഫോണുകള്‍ ചാലിയാര്‍ പുഴയിലേക്ക് എറിഞ്ഞു എന്ന് പറയണമെന്ന് പൊലീസ് ആവശ്യപ്പെട്ടു.

ഇതുപ്രകാരം ഷാനിനെ കൊണ്ടുവന്ന് പറയിപ്പിച്ച്, സ്‌കൂബ ടീം മുങ്ങിത്തപ്പിയെങ്കിലും കണ്ടെത്താനാകാതെ വന്നതോടെ, ഫോണ്‍ നഷ്ടമായെന്ന് പൊലീസ് റിപ്പോര്‍ട്ടെഴുതി. നിരവധി രഹസ്യങ്ങള്‍ അടങ്ങിയ ഫോണാണ് നഷ്ടമായത്. ഇതിനാണ് പൊലീസ് കഥയുണ്ടാക്കിയത്. ഇതുമായി ബന്ധപ്പെട്ട ഫോണ്‍ സംഭാഷണങ്ങളും അന്‍വര്‍ പുറത്തു വിട്ടു. കരിപ്പൂര്‍ കേന്ദ്രീകരിച്ച് നടക്കുന്ന സ്വര്‍ണക്കള്ളക്കടത്ത് ഗ്രൂപ്പുകളുമായി അജിത് കുമാരിന് കച്ചവട ബന്ധമുണ്ട്. ഈ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത് അജിത് കുമാറിന്റെ ഭാര്യയുടെ തൃശൂരിലുള്ള ബന്ധുക്കളാണ്. ഇക്കാര്യം തനിക്ക് നേരിട്ട് അറിയാവുന്നതാണെന്നും ഫോണ്‍ സംഭാഷണത്തില്‍ സൂചിപ്പിക്കുന്നുണ്ട്.

pv anvar
'തിരുവനന്തപുരത്ത് എഡിജിപി കോടികളുടെ കൊട്ടാരം പണിയുന്നു', വീണ്ടും ശബ്ദ സന്ദേശവുമായി പി വി അന്‍വര്‍, സോളാര്‍ കേസ് അട്ടിമറിച്ചെന്നും ആരോപണം

അജിത് കുമാറിന്റെ ഗ്രൂപ്പിലല്ലാത്ത ആര് സ്വര്‍ണം കടത്തിയാലും എസ് പി സുജിത് ദാസിന്റെ ടീം പിടികൂടും. ദുബായില്‍ നിന്ന് മലയാളികള്‍ ആര് സ്വര്‍ണം വാങ്ങിയാലും, കടത്തിയാലും അജിത് കുമാറിന്റെ നേതൃത്വത്തിലുള്ള ലോബി അറിയും. കാരിയറിന്റെ പാസ്‌പോര്‍ട്ടും ടിക്കറ്റ് ഡീറ്റെയില്‍സും അടക്കം മലപ്പുറം എസ്പിയായിരുന്ന സുജിത് ദാസിന് അറിയിക്കും. കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ കോടിക്കണക്കിന് രൂപയുടെ സ്വര്‍ണമാണ് എയര്‍പോര്‍ട്ടിന് പുറത്തുവെച്ച് പിടികൂടിയത്. ഈ പൊലീസ് നടപടിയെ ഒരു സര്‍ക്കാരിനും കടിഞ്ഞാണിടാന്‍ കഴിയില്ല. അജിത് കുമാറിന്റെ അടുത്ത സുഹൃത്തായ മുജീബ് ആണ് കാര്യങ്ങളെല്ലാം കൈകാര്യം ചെയ്യുന്നത്. വലിയ സംഘം തന്നെയാണ് പ്രവര്‍ത്തിക്കുന്നത് കേരളത്തിലെ പ്രമുഖരുടെയെല്ലാം ഫോണ്‍കോളുകള്‍ ചോര്‍ത്തുന്നുണ്ട്. ഇതില്‍ മുഖ്യമന്ത്രി, മുഖ്യമന്ത്രിയുടെ ഓഫീസ് എന്നിവയും ഉള്‍പ്പെടുന്നതായാണ് അറിഞ്ഞതെന്നും ഫോണ്‍ സംഭാഷണത്തില്‍ പറയുന്നുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com