

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപി ഭരണത്തെ മുൾമുനയിൽ നിർത്തിയ മുൻ ഡിജിപിയും ശാസ്തമംഗലം വാർഡ് കൗൺസിലറുമായ ആർ. ശ്രീലേഖയുടെ രാജി പ്രഖ്യാപനം ഒത്തുതീർപ്പിലേക്ക്. നേരത്തെ, വാട്സ്ആപ്പ് ഗ്രൂപ്പിലൂടെ കൗൺസിലർ സ്ഥാനം രാജിവെക്കുന്നതായി പ്രഖ്യാപിച്ച ആർ. ശ്രീലേഖ, ആ സന്ദേശം ഡിലീറ്റ് ചെയ്തു. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ നേരിട്ട് ഇടപെട്ട് നടത്തിയ സമവായ ചർച്ചകൾ ഫലം കണ്ടെന്നാണ് സൂചന. കോർപ്പറേഷൻ സെക്രട്ടറിക്ക് ഔദ്യോഗികമായി രാജിക്കത്ത് സമർപ്പിക്കുന്നത് തടയാൻ പാർട്ടി നേതൃത്വത്തിന് സാധിച്ചതോടെയാണ് നഗരസഭാ ഭരണത്തിനു തന്നെ ഭീഷണിയായി ഉയർന്നുവന്ന രാഷ്ട്രീയ പ്രതിസന്ധിക്ക് താൽക്കാലിക വിരാമമായത്. .
ഇതിനിടെ ശ്രീലേഖ കൗൺസിലർ സ്ഥാനത്തുനിന്ന് രാജിവെച്ചുകൊണ്ടുള്ള കത്തൊന്നും നൽകിയിട്ടില്ലെന്നും അവർ കൗൺസിലറായി തന്നെ തുടരുമെന്നും തിരുവനന്തപുരം മേയർ വി.വി. രാജേഷ് വ്യക്തമാക്കി. നഗരസഭയിലെ പ്രവർത്തനങ്ങൾ കൂടുതൽ സുഗമമാക്കുന്നതിനുള്ള ചില നിർദ്ദേശങ്ങൾ അടങ്ങിയ കത്താണ് അവർ നൽകിയതെന്നും കൗൺസിലർ എന്ന നിലയിൽ അവർക്ക് ചില ആരോഗ്യപ്രശ്നങ്ങൾ ഉണ്ടെന്നും മേയർ പറഞ്ഞു
സെപ്റ്റംബർ 30-ന് താൻ സ്വകാര്യ കാരണങ്ങളാൽ കൗൺസിലർ സ്ഥാനം രാജിവെക്കുകയാണെന്ന് വ്യക്തമാക്കി മേയർ വി.വി. രാജേഷിന് കത്ത് നൽകിയെന്നും, ഇതിന്റെ പകർപ്പ് തിങ്കളാഴ്ച ജില്ലാ കളക്ടർക്ക് കൈമാറുമെന്നും അറിയിച്ച് ശാസ്തമംഗലം വാർഡ് ഗ്രൂപ്പിൽ ഇന്നലെ രാവിലെ 11.52-ഓടെയാണ് ശ്രീലേഖ ആദ്യം സന്ദേശമയച്ചത്. പ്രദേശവാസികൾ നൽകിയ പിന്തുണയ്ക്ക് അഗാധമായ നന്ദി രേഖപ്പെടുത്തിക്കൊണ്ടായിരുന്നു സന്ദേശം. എന്നാൽ നഗരസഭ സെക്രട്ടറിക്ക് കത്ത് നൽകാതിരുന്നതിനാൽ രാജിക്ക് നിയമസാധുത ഉണ്ടായിരുന്നില്ല. ഒരു സ്വതന്ത്രന്റെ നേരിയ പിന്തുണയിൽ ഭരണം നടത്തുന്ന ബിജെപിക്ക് ശ്രീലേഖയുടെ രാജി കനത്ത തിരിച്ചടിയാകുമായിരുന്നു.
സംസ്ഥാനത്തെ ആദ്യ വനിതാ ഐപിഎസ് ഓഫീസറായ ആർ. ശ്രീലേഖ, പോലീസിൽ നിന്ന് ഡിജിപി റാങ്കിൽ വിരമിച്ച ശേഷമാണ് സജീവ ബിജെപി രാഷ്ട്രീയത്തിലേക്ക് എത്തിയത്. പാർട്ടി സംസ്ഥാന വൈസ് പ്രസിഡന്റായി പ്രവർത്തിച്ചുവരവെ, തദ്ദേശ തെരഞ്ഞെടുപ്പിൽ ശാസ്തമംഗലം വാർഡിൽ നിന്ന് മത്സരിച്ച് വൻ ഭൂരിപക്ഷത്തോടെ വിജയിച്ചു. കോർപ്പറേഷൻ തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ ശ്രീലേഖയെ ബിജെപിയുടെ മേയർ സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടിയിരുന്നുവെങ്കിലും, തിരഞ്ഞെടുപ്പിന് ശേഷം ഇവരെ തഴഞ്ഞ് കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടലിൽ വി.വി. രാജേഷിനെ മേയറാക്കുകയായിരുന്നു. ഇതിൽ ശ്രീലേഖയ്ക്ക് കടുത്ത അതൃപ്തിയുണ്ടായിരുന്നു.
തുടർന്ന് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവ് മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ചെങ്കിലും മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതും വലിയ നിരാശയ്ക്ക് കാരണമായി. കോർപ്പറേഷൻ ഭരണത്തിലെ ചില തർക്കങ്ങളും പാർട്ടിയിലെ അവഗണനയും ചേർന്നാണ് രാജി പ്രഖ്യാപനത്തിലേക്ക് നയിച്ചത്. എന്നാൽ ബിജെപി നേതൃത്വം നടത്തിയ അനുനയ നീക്കങ്ങൾ വിജയിച്ചതോടെ ശ്രീലേഖ രാജി തീരുമാനത്തിൽ നിന്ന് പിന്മാറിയതായാണ് സൂചന. അതേസമയം, സംഭവവികാസങ്ങളെക്കുറിച്ച് മാധ്യമങ്ങളോട് പ്രതികരിക്കാൻ ആർ. ശ്രീലേഖ ഇതുവരെ തയ്യാറായിട്ടില്ല. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ തിങ്കളാഴ്ച ശ്രീലേഖയുമായി ചർച്ച നടത്തുമെന്നാണ് സൂചന.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates