

രാഹുല്‍ മാങ്കൂട്ടത്തിലിന് ചില കാലിടര്‍ച്ചകള്‍ സംഭവിച്ചെന്നും ശോഭനമായ ഭാവി ഉണ്ടായിരുന്ന രാഹുല്‍ പാര്‍ട്ടിയിലേയ്ക്ക് അധികം വൈകാതെ തിരികെ വരുമെന്നും മുന്‍ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കെ ബാബു. അദ്ദേഹത്തിന് ചില തെറ്റുകള്‍ പറ്റി എന്നത് ശരിതന്നെ. സംഭവിച്ച കാര്യങ്ങള്‍ അങ്ങേയറ്റം ദുഃഖകരമാണ്. എന്നാല്‍ ആയുഷ്‌ക്കാലം മുഴുവന്‍ ഒരാളെ പുറത്തു നിര്‍ത്താന്‍ പാര്‍ട്ടിയ്ക്ക് കഴിയില്ല. സിപിഎമ്മില്‍ സമാനമായ ചില കേസുകളില്‍ പെട്ട ആളുകള്‍ വീണ്ടും പാര്‍ട്ടിയിലേക്ക് തിരിച്ചു വന്നില്ലേ...? കുറേ കാലത്തേയ്‌ക്കൊക്കെ മാറ്റി നിര്‍ത്താന്‍ പറ്റുമെങ്കിലും ജീവപര്യന്തം തടവുശിക്ഷ പോലെ എക്കാലത്തേക്കും രാഹുലിനെ മാറ്റി നിര്‍ത്താന്‍ കഴിയില്ലെന്ന് ബാബു സമകാലിക മലയാളത്തോട് പറഞ്ഞു.
സോളാര്‍ കേസില്‍ ഉമ്മന്‍ചാണ്ടിയെ പിണറായിയും സിപിഎം നേതാക്കളും ദ്രോഹിച്ചിട്ടുണ്ട്. എന്നു കരുതി ഇപ്പോള്‍ വന്ന മാസപ്പടി കേസില്‍ പിണറായിയെ യുഡിഎഫ് സര്‍ക്കാര്‍ സംരക്ഷിക്കുന്ന നിലപാട് എടുക്കുമെന്ന് ഞാന്‍ കരുതുന്നില്ല. അത്തരത്തില്‍ നിലപാട് എടുത്താല്‍ ഈ സര്‍ക്കാരിന് അധികകാലം മുന്നോട്ടു പോകാന്‍ കഴിയില്ല. ഇഡിയുടെ നിര്‍ദ്ദേശപ്രകാരം വി ഡി സതീശന്‍ ചാടിക്കയറി പിണറായിക്ക് എതിരെ എഫ്‌ഐആര്‍ ഇട്ടിരുന്നെങ്കില്‍ ഇവിടെ മോഡി-ഇഡി-വിഡി കൂട്ടുകെട്ടാണെന്ന് സിപിഎം നേതാക്കള്‍ തന്നെ വിമര്‍ശിച്ചേനേ...!!!
കെപിസിസി പ്രസിഡന്റാകാന്‍ ഒത്തിരി നേതാക്കള്‍ക്ക് ആഗ്രഹമുണ്ട്. അവരെ ഞാന്‍ കുറ്റം പറയില്ല. എന്നാല്‍ സംസ്ഥാനത്ത് ഒരു സമവായം ഉണ്ടായിട്ടില്ല. ഹൈക്കമാന്റാണ് ആളെ തീരുമാനിക്കേണ്ടത്. അവര്‍ ഡല്‍ഹിയില്‍ ഇന്ത്യമുന്നണി നയിക്കുന്ന സമരത്തിന്റെ തിരക്കുകളിലാണ്. അധികം വൈകാതെ പുതിയൊരു കെപിസിസി പ്രസിഡന്റിനെ കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഉമ്മന്‍ചാണ്ടിയ്‌ക്കെതിരെ ഗൂഢാലോചന നടത്തിയതില്‍ പ്രധാനി കെ ബി ഗണേഷ് കുമാറാണ്. സോളാര്‍ കേസും വിവാദവും ഉണ്ടാകുന്നതിനു മുന്നേ ബിജു രാധാകൃഷ്ണന്‍ എറണാകുളം ഗസ്റ്റ്ഹൗസില്‍ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയെ കാണാന്‍ വന്നിട്ടുണ്ട്. അന്ന് ഗണേഷന്‍ മന്ത്രിയാണ്. ഉമ്മന്‍ചാണ്ടി മരണം വരെ തന്നോടല്ലാതെ മറ്റാരോടും പറയാത്ത കാര്യമാണിത്. തന്റെ ഭാര്യയെ ഗണേശന്‍ വീട്ടുതടങ്കലില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്നും വിട്ടുകിട്ടണമെന്നുമായിരുന്നു ബിജു രാധാകൃഷ്ണന്റെ ആവശ്യം. ചങ്ങമ്പുഴ പാര്‍ക്കിലെ ഒരു പരിപാടിയില്‍ പങ്കെടുത്തു തിരികെ വരവേ പാലാരിവട്ടം ട്രാഫിക് സിഗ്നലില്‍ വെച്ചാണ് ഉമ്മന്‍ചാണ്ടി എന്നോട് ഈ കാര്യം പറയുന്നത്. പിന്നീടാണ് ബിജു രാധാകൃഷ്ണന്‍ മന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ കയറി ഗണേഷിനെ അടിയ്ക്കുന്നതും ഗണേഷിന്റെ അച്ഛന്‍ ആര്‍ ബാലകൃഷ്ണപിള്ളയുടെ നിര്‍ദ്ദേശ പ്രകാരം ഗണേഷന്‍ മന്ത്രി സ്ഥാനം രാജിവെക്കുന്നതും. ഇതില്‍ ഗണേഷിന് ഏറ്റവും പക ഉമ്മന്‍ചാണ്ടിയോടായിരുന്നു. അതിന്റെ തുടര്‍ നാടകങ്ങളാണ് പിന്നീട് സോളാര്‍ കേസില്‍ നാം കണ്ടത്.
ബാര്‍കോഴ കേസില്‍ ഞാനുള്‍പ്പടെയുള്ള മന്ത്രിമാരെ കുടുക്കിയത് സിപിഎമ്മിൻറെ അന്നത്തെ പാര്‍ട്ടി സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണനാണ്. അന്നത്തെ യുഡിഎഫ് സര്‍ക്കാര്‍ അടപ്പിച്ച ബാറുകള്‍ തുറക്കണമെന്ന ആവശ്യവുമായി 3 ബാറുടമകള്‍ കോടിയേരിയെ കണ്ടു. തിരുവനന്തപുരത്ത് സിപിഎമ്മിന്റെ മുന്‍മന്ത്രിയുടെ വീട്ടില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച്ച. ബാറുകള്‍ തുറന്നു തരണമെന്ന് കോടിയേരിയോട് ഇവര്‍ അഭ്യര്‍ത്ഥിച്ചു. ഈ സര്‍ക്കാരിനെ വലിച്ച് താഴെയിട്ടാല്‍ ബാറുകള്‍ തുറന്നു തരാം എന്ന് കോടിയേരി ഇവര്‍ക്ക് വാക്കു നല്‍കി. അതിന് കെഎം മാണി മാത്രം പോരാ... കൂടുതല്‍ മന്ത്രിമാര്‍ കോഴ വാങ്ങി എന്നു പറയണമെന്ന് ബാറുടമകളോട് കോടിയേരി പറഞ്ഞു. അങ്ങിനെയാണ് എന്റെയും ശിവകുമാറിന്റെയുമൊക്കെ പേരില്‍ ബാറുടമകള്‍ ആരോപണം ഉന്നയിക്കുന്നത്.
2016ല്‍ തൃപ്പൂണിത്തുറയില്‍ മത്സരിച്ചപ്പോള്‍ തന്റെ പാര്‍ട്ടിക്കാര്‍ തന്നെയാണ് തന്നെ തോല്‍പ്പിച്ചത്. അതില്‍ അന്നത്തെ കെപിസിസി പ്രസിഡന്റായ വി എം സുധീരന് നിര്‍ണ്ണായക പങ്കുണ്ട്. എം സ്വരാജ് ഒരു തവണ അവിടെ നിന്ന് ജയിച്ചെങ്കിലും പിന്നീട് തോറ്റില്ലേ...? ജനമനസ്സില്‍ സ്ഥാനമില്ലാത്ത നേതാവാണ് സ്വരാജ്. ഞാനൊക്കെ ജനങ്ങളോട് ചേര്‍ന്നു നിന്നാണ് പ്രവര്‍ത്തിച്ചതെങ്കില്‍ സ്വരാജ് നേരെ എതിരായിരുന്നു. ആരോഗ്യപ്രശ്‌നം കാരണമാണ് ഇനി മത്സരിക്കാനില്ലെന്ന് വാര്‍ത്താ സമ്മേളനം വിളിച്ച് പ്രഖ്യാപിച്ചത്. മത്സരിക്കണമെന്ന ആവശ്യവുമായി എ കെ ആന്റണി, കെസി വേണുഗോപാല്‍, വിഡി സതീശന്‍ തുടങ്ങിയ നേതാക്കള്‍ തന്നെ സമീപിച്ചിരുന്നു. മത്സരിച്ചിരുന്നെങ്കില്‍ തീര്‍ച്ചയായും ജയിച്ചേനേ... മന്ത്രിയും ആയേനെ...!!!
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates