

കോട്ടയം: കോഴിക്കോട് നടന്ന സാഹിത്യോത്സവത്തില്‍ എഴുത്തുകാരി കെ ആര്‍ മീര നടത്തിയ പരാമര്‍ശത്തിനെതിരെ രാഹുല്‍ ഈശ്വര്‍ പൊലീസില്‍ പരാതി നല്‍കി. എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനിലാണ് പരാതി നല്‍കിയത്.
ബിഎന്‍എസ് 352, 353,196 ഐടി ആക്ട് 67 തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് പരാതി നല്‍കിയിരിക്കുന്നത്. മീരയുടെ പ്രസ്താവന കൊലപാതകത്തെ ന്യായീകരിക്കുന്നതാണെന്ന് രാഹുല്‍ ഈശ്വര്‍ പറഞ്ഞു. സംസ്ഥാന പുരുഷ കമ്മീഷന്‍ ബില്ല് ഈ ആഴ്ച നിയമസഭയില്‍ അവതരിപ്പിക്കുമെന്നും രാഹുല്‍ ഈശ്വര്‍ കോട്ടയത്ത് വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളി സ്വകാര്യ ബില്ലായി അവതരിപ്പിക്കും. ബില്ലിന് സ്പീക്കറുടേയും നിയമവകുപ്പിന്റേയും അനുമതി ഉടന്‍ ലഭിക്കുമെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു.
ഷാരോണ്‍ വധക്കേസുമായി ബന്ധപ്പെട്ട് കെ ആര്‍ മീര നടത്തിയ പരാമര്‍ശമാണ് വിവാദമായത്.
മീരയുടെ പ്രസംഗത്തില്‍ നിന്ന്
'എന്റെ മകളോട് ഒരിക്കല്‍ ഞാന്‍ പറഞ്ഞൊരു കാര്യമുണ്ട്. നിങ്ങള്‍ കുറഞ്ഞത് മൂന്ന് പേരെയെങ്കിലും പ്രണയിച്ചിട്ടേ വിവാഹത്തെ പറ്റി ചിന്തിക്കാവൂയെന്ന്. മൂന്ന് പേരോ അതൊക്കെ എട്ടാം ക്ലാസിലേ കഴിഞ്ഞില്ലേയെന്നായിരുന്നു അവളുടെ മറുപടി. അപ്പോള്‍ എനിക്ക് സമാധാനമായി. അതായത് എങ്ങനെയാണ് ഒരാളെ മാത്രം അറിഞ്ഞിട്ടും ഒരാളെ മാത്രം പ്രണയിച്ചിട്ടും ലോകത്തെ അറിയാന്‍ സാധിക്കുകയെന്ന് അന്നത്തെ കാലത്താരും പറഞ്ഞു തന്നില്ല. നിങ്ങള്‍ ലോകമറിയേണ്ട മനസ്സിലാക്കേണ്ട, നിങ്ങള്‍ തനിച്ചായി പോയാല്‍ നടുക്കടലില്‍ കിടന്ന് മാനസികമായി സതിയനുഭവിച്ചോളൂ എന്ന് പറഞ്ഞ സമൂഹമാണ് നമ്മുടേത്.
ഇക്കാലത്തെ കുട്ടികളോട് എനിക്ക് പറയാനുള്ളത് നിങ്ങളൊരു കാരണവശാലും സതിയനുഷ്ഠിക്കരുത് എന്നാണ്. സതിയനുഷ്ഠിക്കാനുള്ള ഒരു സംഗതി ഒരിക്കലുമില്ല. ചില സമയത്തൊക്കെ ചില കഷായമൊക്കെ കൊടുക്കേണ്ടി വന്നാല്‍ പോലും...ഞാന്‍ കരുതുന്നത് എന്താണെന്ന് വെച്ചാല്‍ ഒരു സ്ത്രീക്ക് ഒരു ബന്ധത്തില്‍ നിന്ന് ഇറങ്ങി പോവാനുള്ള സ്വാതന്ത്ര്യമില്ലാതായാല്‍ ചിലപ്പോള്‍ കുറ്റവാളിയായി തീരും. ആ കുറ്റകൃത്യത്തിലേക്ക് അവളെ നയിക്കാതിരിക്കുകയെന്നുള്ളത് ഇപ്പറഞ്ഞ എല്ലാം തികഞ്ഞ കാമുകന്റെ കടമയും കര്‍ത്തവ്യവുമാണ്. ആ കര്‍ത്തവ്യം ചെയ്യാതിരിക്കുമ്പോഴാണ് പ്രശ്നം. എത്ര പുരുഷന്മാരാണ് മറ്റൊരു ബന്ധമുണ്ടെന്ന പേരില്‍ ഭാര്യയെ കൊല്ലുന്നത്. എന്തുകൊണ്ടാണ് ഒരു സ്ത്രീക്ക് ഒരു ബന്ധമുണ്ടാവേണ്ടത് എന്ന് ചോദിച്ചാല്‍ അവള്‍ക്ക് ദാമ്പത്യത്തിനകത്ത് സ്വാതന്ത്ര്യമില്ലാതെ വരുമ്പോഴാണ്. രാജ്യത്തിനകത്താണെങ്കില്‍ വിപ്ലവമുണ്ടാകുന്നത് പോലെ ദാമ്പത്യത്തിനകത്തുമുണ്ടാകും.'
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates