'ശുഭ പ്രതീക്ഷ, മികച്ച ഭൂരിപക്ഷം ഉണ്ടാകും; എന്ത് വിവാദമുണ്ടാക്കിയാലും ജനങ്ങളെ ബാധിക്കില്ല'

മതേതരനിലപാട് പാലക്കാട്ടുകാർ എത്രയോ മുൻപ് തന്നെ സ്വീകരിച്ചതാണ്.
Rahul Mamkootathil
രാഹുൽ മാങ്കൂട്ടത്തിൽസ്ക്രീൻഷോട്ട്
Updated on
1 min read

പാലക്കാട്: പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ ശുഭപ്രതീക്ഷ പങ്കുവച്ച് യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ. പാലക്കാട് മതേതരത്വം കാത്തുപിടിക്കുമെന്നും ജനങ്ങൾ നേരത്തെ തീരുമാനമെടുത്തിട്ടുള്ളതാണെന്നും രാഹുൽ പറഞ്ഞു. മണപ്പുള്ളിക്കാവ് ഭഗവതി ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷമായിരുന്നു രാഹുലിന്റെ പ്രതികരണം.

ഇരട്ടവോട്ട് തടയും എന്ന സിപിഎമ്മിന്റെ പ്രസ്താവന നേരത്തേ ആകേണ്ടിയിരുന്നതാണെന്നും ബിജെപിയുടെ പരമാവധി ഇരട്ട വോട്ടർമാരെ കയറ്റാനായിരുന്നു സിപിഎമ്മിന്റെ ശ്രമമെന്നും രാഹുൽ ആരോപിച്ചു. തെരഞ്ഞെടുപ്പ് തലേന്ന് ഉടലെടുത്ത പരസ്യ വിവാദത്തിലും രാഹുൽ പ്രതികരിച്ചു. ഗൗരവതരമായ വിഷയമാണെന്നും എങ്ങനെയാണ് ഓരോ പത്രത്തിൽ വെവ്വേറെ പരസ്യങ്ങൾ വരുന്നതെന്നും രാഹുൽ ചോദിച്ചു.

സിപിഐഎം എന്ത് വിവാദം ഉണ്ടാക്കിയാലും ജനങ്ങൾ അതൊന്നും കാര്യമായിട്ടെടുക്കാൻ പോകുന്നില്ലെന്നും, മണ്ഡലത്തിൽ വോട്ട് ചെയ്യാനാകാത്തതിൽ സ്വാഭാവികമായ ഒരു വിഷമമുണ്ടെന്നും രാഹുൽ പറഞ്ഞു. വളഞ്ഞ വഴിയിലൂടെ വോട്ട് ചേർക്കാൻ തനിക്ക് താത്പര്യമില്ലെന്നും പൊതുപ്രവർത്തകർ ഇത്തരം കാര്യങ്ങളിൽ കുറച്ച് ധാർമികത പുലർത്തണമെന്നും രാഹുൽ കൂട്ടിച്ചേർത്തു.

"ഇരട്ടവോട്ടുകാരെ തടയേണ്ടത് ഇന്നല്ല. വോട്ടർപട്ടികയിൽ പേര് ചേർക്കുന്ന സമയം മുതൽ അക്കാര്യത്തിൽ ശ്രദ്ധ വേണം. ബിജെപിയുടെ പരമാവധി ഇരട്ടവോട്ടർമാരെ കയറ്റാനും അതുവഴി സിപിഎമ്മിന്റെ വോട്ടർമാരെ ഉറപ്പിക്കാനുമൊക്കെയുള്ള ശ്രമമാണ് ഉണ്ടായത്. ഇന്ന് വ്യാജവോട്ടർമാരെ തടയും എന്ന് പറയുന്നതിൽ യുക്തിയില്ല. ഇരട്ടവോട്ട് തടയപ്പെടണം. പക്ഷേ ഇരട്ടവോട്ടിന്റെ കാര്യം തുടരെ പറയുന്നതിലൂടെ പാലക്കാടെന്തോ ഭീകരാന്തരീക്ഷം ഉണ്ടെന്ന് വരുത്തിത്തീർക്കുകയാണ്.

അത് വോട്ടർമാരെ മാറ്റിനിർത്താനാണ്. അവരെന്ത് വിവാദം ഉണ്ടാക്കിയാലും അത് ജനങ്ങളെ ബാധിക്കില്ല. മതേതരനിലപാട് പാലക്കാട്ടുകാർ എത്രയോ മുൻപ് തന്നെ സ്വീകരിച്ചതാണ്. അതുകൊണ്ട് തന്നെ നല്ല പോളിങ് ഉണ്ടാകാൻ സാധ്യതയുണ്ട്. പ്രവാസികൾ പോലും വോട്ട് ചെയ്യാൻ മാത്രമായി എത്തി എന്നറിയുന്നതൊക്കെ വലിയ പ്രതീക്ഷ നൽകുന്നുണ്ട്. മികച്ച ഭൂരിപക്ഷം ഉണ്ടാകും എന്ന് തന്നെയാണ് വിശ്വാസം. പരസ്യ വിവാദത്തെ കുറിച്ച് പറയുകയാണെങ്കിൽ നാല് പത്രങ്ങളിൽ പരസ്യം കണ്ടിരുന്നു.

അതിന്റെ ഉള്ളടക്കത്തിൽ എങ്ങനെയാണ് മാറ്റം വരിക എന്ന് മനസിലാവുന്നില്ല. യുഡിഎഫ് പരസ്യം എല്ലാ പത്രങ്ങളിലും ഒന്നു തന്നെ ആയിരുന്നു. ഹരികൃഷ്ണൻസ് സിനിമയിലെ ക്ലൈമാക്‌സ് പല സ്ഥലത്തും പലതാണെന്ന് കേട്ടിട്ടുണ്ട്. മോഹൻലാലിന് പ്രാതിനിധ്യമേറിയ സ്ഥലത്ത് അദ്ദേഹത്തിന്റെ പോസിറ്റീവ് ക്ലൈമാക്‌സ്... മറ്റിടങ്ങളിൽ മമ്മൂട്ടിയുടേതും.. ഇതങ്ങനെയൊന്നും അല്ലല്ലോ. ഗൗരവകരമായ കാര്യമല്ലേ. അവർ പറയുന്നതൊക്കെ തൊണ്ടതൊടാതെ വിഴുങ്ങണം എന്ന് പറയാനാകില്ല".- രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com