

കോട്ടയം: രമേശ് ചെന്നിത്തലയും ഞാനും തമ്മില്‍ സംസാരിക്കുന്നതോ സംസാരിക്കാത്തതോ കേരളത്തിലെ പൊതുജനങ്ങളെ ഏതെങ്കിലും തരത്തില്‍ ബാധിക്കുന്ന ഒരു വാര്‍ത്തയായോ വിഷയമായോ തോന്നുന്നില്ലെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍. ചെന്നിത്തല ഗൗനിക്കാതെ കടന്നുപോയി എന്ന വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മന്നം ജയന്തിയുമായി ബന്ധപ്പെട്ട് പെരുന്നയില്‍ വെച്ച് രമേശ് ചെന്നിത്തല അടക്കമുള്ള പല രാഷ്ട്രീയപാര്‍ട്ടി നേതാക്കളുമായും പലകുറി സംസാരിക്കുകയും കുശലം പറയുകയും ചെയ്തിരുന്നു. അതില്‍ കൗതുകമുണ്ടെന്ന് തോന്നുന്നില്ലെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.
എന്നാല്‍ മാധ്യമങ്ങള്‍ അതു മാത്രമാണ് അവതരിപ്പിച്ചത്. ഇതു പൊതുജനങ്ങളെ ബാധിക്കുന്ന വിഷയമായി കരുതുന്നില്ല. ഈ വിഷയത്തില്‍ ചെന്നിത്തലയ്‌ക്കെതിരെ സൈബര്‍ ആക്രമണം ഉണ്ടാകേണ്ട കാര്യമില്ല. ചെന്നിത്തലയുമായി സംസാരിച്ചു എന്ന് സ്ഥാപിക്കേണ്ടതുണ്ടെന്ന് കരുതുന്നില്ല. എത്രയോ കാലമായി ബന്ധവും പരിചയവുമുള്ള ആളുകളാണ് തങ്ങള്‍. ഓഫീസിലേക്ക് കയറി ചെന്നപ്പോള്‍ ജനറല്‍ സെക്രട്ടറി മുകളിലുണ്ടെന്ന് പറഞ്ഞതു പോലും അദ്ദേഹമാണെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ വ്യക്തമാക്കി.
നിയമസഭ തെരഞ്ഞെടുപ്പില്‍ പാലക്കാട് മത്സരിക്കുമോയെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് വ്യക്തമായ മറുപടി രാഹുല്‍ മാങ്കൂട്ടത്തില്‍ നല്‍കിയില്ല. താനിപ്പോള്‍ നിയമസഭ സാമാജികനാണ്. നിയമസഭ തെരഞ്ഞെടുപ്പിന്റെ വിജ്ഞാപനം വന്നിട്ടില്ലല്ലോ. അതിനൊക്കെ ഇനിയും സമയവും നടപടിക്രമങ്ങളുമുണ്ടല്ലോയെന്നും രാഹുല്‍ പറഞ്ഞു. യുഡിഎഫിന്റെ സ്ഥാനാര്‍ത്ഥിയായി ആരു മത്സരിക്കും, ആരു മത്സരിക്കില്ല എന്ന് ഏതെങ്കിലും മണ്ഡലത്തില്‍ ഏതെങ്കിലും കാലത്ത് പറയാന്‍ പറ്റുന്ന ആളല്ലല്ലോ താനെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.
ഏതെങ്കിലും കാലത്ത് പറയാനുള്ള കപ്പാസിറ്റി ഉണ്ടായിരുന്ന ആളല്ല താന്‍. ഇപ്പോള്‍ തീരെയില്ല. നിയമസഭ പോകട്ടെ, വാര്‍ഡില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥിയുടെ കാര്യം പോലും തീരുമാനിക്കാന്‍ കപ്പാസിറ്റി തനിക്കില്ല. ഏതെങ്കിലും മണ്ഡലത്തില്‍ മത്സരിക്കുമോയെന്ന ചോദ്യത്തിന്, നോട്ടിഫിക്കേഷന്‍ അടക്കം ഇനിയും എത്ര കാര്യങ്ങളുണ്ട്. അത്രയും തീര്‍ച്ചയോടെ നാളത്തെ കാര്യങ്ങള്‍ പറയാന്‍ കഴിയുന്നവരല്ലല്ലോ നമ്മള്‍. ഇതില്‍ ഞാന്‍ ഒന്നും പറഞ്ഞിട്ടില്ല. ഇത്തരം കാര്യങ്ങളെപ്പറ്റി ഞാനോ, എന്നോടോ ആരും നടത്തിയിട്ടില്ലെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ വ്യക്തമാക്കി.
പി ജെ കുര്യനുമായി അഭിപ്രായ വ്യത്യാസമൊന്നുമില്ല. ഓരോ വ്യക്തികള്‍ക്കും അവരവരുടേതായ അഭിപ്രായങ്ങളുണ്ടാകും. അതു പറയാനുള്ള സ്വാതന്ത്ര്യമുണ്ട്. ജനങ്ങള്‍ക്ക് ജനങ്ങളുടെ അഭിപ്രായമുണ്ട്. അഭിപ്രായ സ്വാതന്ത്ര്യം എല്ലാവര്‍ക്കുമുണ്ടല്ലോയെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. രാഹുല്‍ മത്സരിക്കേണ്ടെന്ന കുര്യന്റെ അഭിപ്രായത്തോട് പ്രതികരിക്കുകയായിരുന്നു എംഎല്‍എ.
പി ജെ കുര്യനുമായി ചെവിയില്‍ സംസാരിച്ചതിന്റെ ഡബ്ബിങ് പലതും കേട്ടു. പക്ഷെ ലിപ് മൂവ്‌മെന്റുമായി സിങ്ക് ആണോയെന്ന് നോക്കിയിട്ടില്ല. പി ജെ കുര്യന്റെ ആരോഗ്യപ്രശ്‌നങ്ങളെപ്പറ്റിയാണ് പ്രധാനമായും സംസാരിച്ചത്. അതല്ലാതെ മറ്റൊന്നും ഗൗരവത്തില്‍ സംസാരിച്ചിട്ടില്ല. സ്ഥാനാര്‍ത്ഥിവുമായി ബന്ധപ്പെട്ട് താന്‍ പറയാത്ത കാര്യങ്ങളാണ് വന്നുകൊണ്ടിരിക്കുന്നതെന്നും കുര്യന്‍ സൂചിപ്പിച്ചിരുന്നെന്നും രാഹുല്‍ മാങ്കുട്ടത്തില്‍ വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates