

കോഴിക്കോട്: രാഹുല്‍ മാങ്കൂട്ടത്തിലിനെ പ്രതിരോധിച്ച് ഷാഫി പറമ്പില്‍ എംപി. കോടതി വിധിയോ എഫ്‌ഐആറോ ഒരു പരാതിയോ ലഭിക്കുന്നതിന് മുമ്പു തന്നെ പാര്‍ട്ടി നേതൃത്വവുമായി ആലോചിച്ച് രാഹുല്‍ രാജി അറിയിച്ചു. ആരോപണങ്ങളെ കണക്കിലെടുത്തു രാഹുല്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവച്ചിരിക്കുകയാണ്. പിന്നീടും കോണ്‍ഗ്രസ് എന്തു ചെയ്തു എന്ന ചോദ്യം എന്തടിസ്ഥാനത്തിലാണെന്നു ഷാഫി ചോദിച്ചു. താന്‍ ബിഹാറിലേയ്ക്ക് ഒളിച്ചോടി എന്ന തരത്തിലാണ് വാര്‍ത്തകള്‍ വന്നത്. ആരെ പേടിച്ചാണ് ഒളിച്ചോടേണ്ടതെന്നും ഷാഫി മാധ്യമങ്ങളോട് പ്രതികരിച്ചു. തനിക്ക് ആരും പരാതി തന്നിട്ടില്ലെന്നും ഷാഫി പറഞ്ഞു.
'ഞാന്‍ ഒളിച്ചോടി...മുങ്ങി എന്നൊക്കെ ചില ടൈറ്റിലുകള്‍ കാണാനിടയായി. പ്രത്യേകിച്ച് ചിലര്‍ പറഞ്ഞത് ബിഹാറിലേയ്ക്ക് മുങ്ങി എന്നുള്ളതാണ്. ബിഹാറില്‍ നടക്കുന്ന ഒരു എക്‌സര്‍സൈസിന്റെ ഗൗരവം എന്താണെന്ന് ഒട്ടും അറിയാത്തവരല്ല കേരളത്തിലെ മാധ്യമപ്രവര്‍ത്തകര്‍. അവിടെ ഒരു എംപി എന്ന നിലയിലും പാര്‍ട്ടിയിലെ ഒരു ചെറിയ പ്രവര്‍ത്തകനെന്നുള്ള നിലയിലും ഉത്തരവാദിത്തപ്പെട്ട ചില സ്ഥാനത്തിരിക്കുന്ന ആളെന്ന് നിലയിലും ആ സമരത്തിന്റെ, ആ യാത്രയുടെ ഭാഗമാകുക എന്നുള്ളത് ഞങ്ങളുടെയൊക്കെ റെസ്‌പോണ്‍സിബിലിറ്റിയാണ്. 21 ാം തിയതി പാര്‍ലമെന്റ് സമ്മേളനം കഴിഞ്ഞാല്‍ നാട്ടിലേയ്ക്ക് വരുന്നതിന് മുമ്പ് ഡല്‍ഹിയില്‍ നിന്ന് ബിഹാറിലേയ്ക്ക് പോകാന്‍ എളുപ്പമാണെന്ന് എല്ലാവര്‍ക്കും അറിയാം. അതിന് പോയിട്ട് ഞാന്‍ പുലര്‍ച്ചെയാണ് എത്തിയത്. ബിഹാറിലേയ്ക്ക് പോയി എന്ന് പറയാം. എന്നാല്‍ ബിഹാറിലേയ്ക്ക് മുങ്ങി എന്ന് പറയുന്ന മാധ്യപ്രവര്‍ത്തനം ശരിയാണോ എന്ന ആത്മപരിശോധന നടത്താന്‍ നിങ്ങളും തയ്യാറാകണം. ബിഹാറിലേയ്ക്ക് എനിക്ക് പോകേണ്ട ഉത്തരവാദിത്തമില്ലേ, ഞാന്‍ പോകേണ്ടേ. മാധ്യമങ്ങളെയിങ്ങനെ കോണ്‍ഗ്രസ് നേതാക്കള്‍ വരിവരിയായി നിന്ന് കാണണമെന്ന നിര്‍ബന്ധബുദ്ധി എവിടെയെങ്കിലുമുണ്ടോ. കെപിസിസി പ്രസിഡന്റ് പ്രതികരിച്ചില്ലേ. പ്രതിപക്ഷ നേതാവ് പ്രതികരിച്ചു. രാഹുല്‍ ഉള്‍പ്പെടെയുള്ള ആളുകള്‍ പത്രക്കാരെ കണ്ടു. എന്നിട്ടും ഒളിച്ചോടി എന്ന് വാര്‍ത്ത കൊടുക്കുന്നു. ആരെ പേടിച്ചിട്ടാണ് ഒളിച്ചോടേണ്ടത്? മാധ്യമങ്ങളെ പേടിച്ചിട്ടോ? അതല്ല ഏതെങ്കിലും പ്രതിഷേധങ്ങളെ പേടിച്ചിട്ടോ? പ്രതിഷേധിച്ചിട്ടുമുണ്ട്. പ്രതിഷേധങ്ങളെ കണ്ടിട്ടുമുണ്ട്'.
'ഇനി രാഹുലിന്റെ കാര്യം, ഒരു കോടതി വിധിയോ ഒരു എഫ്‌ഐആറോ സീരിയസായിട്ടുള്ള റിട്ടണ്‍ ആയിട്ടുള്ള കംപ്ലയിന്റ് ഏതെങ്കിലും സര്‍ക്കാര്‍ സംവിധാനങ്ങളിലോ ഒക്കെ വരുന്നതിന് മുമ്പ് തന്നെ ഇങ്ങനെ ഒരു ആരോപണം ഉയര്‍ന്നപ്പോള്‍ അതില്‍ രാജി സന്നദ്ധത പാര്‍ട്ടി നേതൃത്വത്തെ ആലോചിക്കുകയും രാജിവെയ്ക്കുകയും അയാള്‍ ചെയ്തിട്ടുണ്ട്. ഗോവിന്ദന്‍ മാഷുള്‍പ്പെടെയുള്ളവരുടെ പ്രതികരണം കേരളത്തിലെ ജനങ്ങള്‍ വിലയിരുത്തുന്നുണ്ട്. കോണ്‍ഗ്രസിനെ ധാര്‍മികത പഠിപ്പിക്കുകയാണ്. വിഷയത്തിന്റെ ധാര്‍മികതയാണ് പ്രശ്‌നമെങ്കില്‍ രാജി ഒരു പ്രധാനപ്പെട്ട ചുവടു തന്നെയാണ്. പക്ഷേ, അതിനപ്പുറത്തേയ്ക്ക് കോണ്‍ഗ്രസിനെ നിര്‍വീര്യമാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഇതുകൊണ്ട് കോണ്‍ഗ്രസ് നിര്‍വീര്യമാകില്ല. രാജിക്കപ്പുറമുള്ള കോണ്‍ഗ്രസിന്റെ മൊറാലിറ്റിയെ ചോദ്യം ചെയ്യുന്ന ഉദ്ദേശശുദ്ധി ധാര്‍മികതയില്‍ അടിസ്ഥാനമാക്കിയുള്ളതല്ല. അത് രാഷ്ട്രീയ ലക്ഷ്യങ്ങളോടു കൂടിയുള്ളതാണ്', ഷാഫി പറമ്പില്‍ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
