വന്ദേഭാരത് , ഫയല്‍ ചിത്രം
വന്ദേഭാരത് , ഫയല്‍ ചിത്രം

വന്ദേഭാരത് കാസര്‍കോട് വരെ; ഒന്നരവര്‍ഷത്തിനുള്ളില്‍ 110 കിലോ മീറ്റര്‍ വേഗം കൈവരിക്കും; റെയില്‍വേ മന്ത്രി

ട്രെയിനിന്റെ വേഗം കൂട്ടാന്‍ ട്രാക്കുകള്‍ പരിഷ്‌കരിക്കും.
Published on

ന്യൂഡല്‍ഹി: വന്ദേഭാരത് ട്രെയിന്‍ കാസര്‍കോട് വരെ സര്‍വീസ് നടത്തുമെന്ന് റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ്. ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ട്രെയിനിന്റെ വേഗം കൂട്ടാന്‍ ട്രാക്കുകള്‍ പരിഷ്‌കരിക്കും. ഒന്നാംഘട്ടത്തിൽ ഒന്നര വർഷംകൊണ്ട് മണിക്കൂറിൽ 110 കിലോമീറ്റർ വേഗത്തിൽ ഓടിക്കാൻ സൗകര്യം ഒരുക്കും. രണ്ടാം ഘട്ടത്തിൽ 130 കിലോമീറ്ററാകും വേഗമെന്നും മന്ത്രി പറഞ്ഞു.

ഡബിള്‍ സിസ്റ്റന്‍സ് സിഗ്നല്‍ സംവിധാനം കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞുചില സ്ഥലങ്ങളിൽ വളവ് നികത്തേണ്ടി വരും. അതിന് സ്ഥലം ഏറ്റെടുക്കണം. ഇതിന് രണ്ട് മൂന്ന് വർഷം വേണ്ടിവരും. 160 കിലോമീറ്റർ വേഗമാക്കുകയാണു ലക്ഷ്യം. അതിന് ഡിപിആർ തയാറാക്കണം. കേരളത്തിലെ റെയിൽവേ മേഖല വികസിപ്പിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വ്യക്തമായ നിർദേശമുണ്ട്.

തിരുവനന്തപുരത്ത് ചെറിയ പദ്ധതികൾ നടപ്പാക്കി സമഗ്രമായ വികസനം കൊണ്ടുവരാനാണ് നീക്കം. ഇതിനായി ട്രാക്ക് വികസനം നടപ്പാക്കും. 166 കോടി രൂപ ഇതിനായി അനുവദിക്കും. നേമം– കൊച്ചുവേളി പാത വികസിപ്പിക്കും. സ്റ്റേഷനുകൾ വികസിപ്പിച്ച് പുതിയ പേരുകളും നമ്പറുകളും നൽകും. എറണാകുളം മുതൽ കായംകുളം വരെ ട്രാക്കിൽ വലിയ വികസനമാണ് നടക്കുന്നതെന്നും വൈഷ്ണവ് പറഞ്ഞു.  

പ്രധാനമന്ത്രി ഫ്ലാ​ഗ് ഓഫ് ചെയ്യും

വന്ദേഭാരത് ട്രെയിനിന്റെ ഫ്ലാ​ഗ് ഓഫ് ഈ മാസം 25ന്.  പ്രധാനമന്ത്രി നരേന്ദ്രമോദി തിരുവനന്തപുരം തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വെച്ചാകും വന്ദേഭാരതിന് ഫ്ലാ​ഗ് ഓഫ് ചെയ്യുക. അന്ന് തെരഞ്ഞെടുക്കപ്പെട്ട യാത്രക്കാര്‍ മാത്രമാകും ട്രെയിനില്‍ സഞ്ചരിക്കുക. ഉദ്ഘാടനത്തിനെത്തുന്ന പ്രധാനമന്ത്രി യാത്രക്കാരുമായി സംവദിക്കും. 

വന്ദേഭാരതിന്റ കേരളത്തിലെ കന്നിയാത്രയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും യാത്ര ചെയ്‌തേക്കും. തിരുവനന്തപുരം മുതല്‍ കൊല്ലം വരെ പ്രധാനമന്ത്രി യാത്ര ചെയ്യുന്നതാണ് പരിഗണിക്കുന്നത്. പ്രധാനമന്ത്രിക്കൊപ്പം യാത്ര ചെയ്യാന്‍ കുട്ടികളെ തെരഞ്ഞെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 

ഇതിനായി പട്ടം കേന്ദ്രീയ വിദ്യാലയത്തില്‍ വന്ദേഭാരത് ആസ്പദമാക്കി ചിത്രരചനാ മത്സരം സംഘടിപ്പിച്ചിരുന്നു. അതേസമയം നരേന്ദ്രമോദി വന്ദേഭാരത് ട്രെയിനില്‍ സഞ്ചരിക്കുന്നത് സംബന്ധിച്ച് പ്രധാനമന്ത്രിയുടെ സുരക്ഷാ ചുമതലയുള്ള എസ്പിജിയാണ് അന്തിമ തീരുമാനം എടുക്കുക. 

ഈ മാസം 24 ന് കൊച്ചിയിലെ പ്രധാനമന്ത്രിയുടെ പരിപാടിക്കിടയിലോ, 25 നോ വന്ദേഭാരതിന്റെ ഉദ്ഘാടനം നടക്കുമെന്നാണ് സൂചന. ഇതിനു മുന്നോടിയായി വന്ദേഭാരതിന്റെ ട്രയല്‍ റണ്‍ കഴിഞ്ഞദിവസം നടത്തിയിരുന്നു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com