27 ഇടങ്ങളില്‍ റെയില്‍വെ മേല്‍പ്പാലങ്ങള്‍; കേന്ദ്രത്തിന്റെ അനുമതി, നിര്‍മ്മാണം കെ റെയില്‍

ഫയല്‍
ഫയല്‍
Updated on
1 min read

തിരുവനന്തപുരം: സംസ്ഥാനത്തെ 27 സ്ഥലങ്ങളിലെ റെയില്‍വെ ലെവല്‍ ക്രോസുകളില്‍ മേല്‍പ്പാലങ്ങള്‍ നിര്‍മിക്കുന്നതിന്  റെയില്‍വേ ബോര്‍ഡ് അനുമതി കേരള റെയില്‍ ഡവലപ്‌മെന്റ് കോര്‍പറേഷനാണ് നിര്‍മ്മാണ ചുമതല. കേരളത്തിലെ ലെവല്‍ ക്രോസുകളില്‍ മേല്‍പ്പാലങ്ങള്‍ നിര്‍മിക്കുന്നതിന് സംസ്ഥാന സര്‍ക്കാരും കേന്ദ്ര റെയില്‍വെ മന്ത്രാലയവും കഴിഞ്ഞ വര്‍ഷം ജൂലൈ ഒന്‍പതിനാണ് ധാരണാപത്രം ഒപ്പുവച്ചത്. കഴിഞ്ഞ വര്‍ഷം തന്നെ അഞ്ച് മേല്‍പ്പാലങ്ങള്‍ നിര്‍മിക്കുന്നതിന് കെ റെയിലിന് അനുമതി നല്‍കിയിരുന്നു.

പുതുക്കാട്, ഇരിഞ്ഞാലക്കുട റെയില്‍വെ സ്‌റ്റേഷനുകള്‍ക്കിടയില്‍ പള്ളി ഗേറ്റ്, അമ്പലപ്പുഴ-ഹരിപ്പാട് റെയില്‍വേ സ്‌റ്റേഷനുകള്‍ക്കിടയില്‍ തൃപ്പാകുടം ഗേറ്റ്, അങ്ങാടിപ്പുറം-വാണിയമ്പലം റെയില്‍വേ സ്‌റ്റേഷനുകള്‍ക്കിടയില്‍ പട്ടിക്കാട് ഗേറ്റ്, നിലമ്പൂര്‍ യാര്‍ഡ് ഗേറ്റ്, പഴയങ്ങാടി- പയ്യന്നൂര്‍ റെയില്‍വേ സ്‌റ്റേഷനുകള്‍ക്കിടയില്‍ ഏഴിമല ഗേറ്റ് എന്നീ മേല്‍പ്പാലങ്ങള്‍ക്കാണ് ആദ്യഘട്ടത്തില്‍ അനുമതി ലഭിച്ചത്. ഇവ ഉള്‍പ്പെടെ ഏഴു സ്ഥലങ്ങളിലെ മേല്‍പ്പാലങ്ങള്‍ക്ക് സ്ഥലം ഏറ്റെടുക്കുന്നതിനു മുന്നോടിയായി സാമൂഹികാഘാത പഠനം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് അതാത് ജില്ലാ കലക്ടര്‍മാര്‍ക്ക് സമര്‍പ്പിച്ചിട്ടുണ്ട്. ബാക്കി 22 മേല്‍പ്പാലങ്ങളുടെ നിര്‍മാണാനുമതിയാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്.

മേല്‍പ്പാലങ്ങളുടെ നിര്‍മാണചെലവ് റെയില്‍വേയും സംസ്ഥാന സര്‍ക്കാരും തുല്യമായി വഹിക്കും. റെയില്‍വെ മന്ത്രാലയത്തിന്റെയും സംസ്ഥാന സര്‍ക്കാരിന്റെയും സംയുക്ത സംരംഭമായ കെ റെയില്‍ സില്‍വര്‍ലൈന്‍ പദ്ധതിക്കു പുറമെ നടപ്പാക്കുന്ന പ്രധാന വികസ പദ്ധതിയാണ് റെയില്‍വേ മേല്‍പ്പാലങ്ങള്‍. പള്ളിഗേറ്റിന്റേയും നിലമ്പൂര്‍ യാര്‍ഡ് ഗേറ്റിന്റെയും ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയായി വരുന്നു. ബാക്കി സ്ഥലങ്ങളിലും വൈകാതെ ടെണ്ടര്‍ ക്ഷണിക്കും. റെയില്‍വേയുടെ ഭാഗവും അപ്രോച്ച് റോഡുകളും നിര്‍മിക്കുന്നത് കെ റെയില്‍ തന്നെയായിരിക്കും. മേല്‍പ്പാലങ്ങള്‍ പൂര്‍ത്തിയാകുന്നതോടെ ഈ പ്രദേശങ്ങളിലെ ഗതാഗതക്കുരുക്കിനു പരിഹാരമാകും.

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
sticky_ads
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com