

കോഴിക്കോട്: ബംഗാള്‍ ഉള്‍ക്കടലിലെ തീവ്ര ന്യൂനമര്‍ദത്തിന്റെ സ്വാധീനഫലമായി വെള്ളിയാഴ്ച രാവിലെ വരെ വടക്കന്‍ കേരളത്തില്‍ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത. കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, തിരുവനന്തപുരം എന്നീ നാല് ജില്ലകളിൽ യെല്ലോ അലർട്ടുണ്ട്. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളില്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചു. മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍, വെള്ളപ്പൊക്കം തുടങ്ങിയ അപകടസാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ അധികൃതരുടെ നിര്‍ദേശങ്ങള്‍ പാലിക്കണം.
ഇന്ന് രാത്രി മലയോര മേഖലകളിലൂടെയുള്ള അത്യാവശ്യമല്ലാത്ത യാത്രകള്‍ പൂര്‍ണമായും ഒഴിവാക്കണം. മണ്ണിടിച്ചില്‍ സാധ്യതയുള്ള റോഡുകളിലൂടെയുള്ള യാത്രകള്‍ പ്രത്യേകമായി ഒഴിവാക്കണം. ശക്തമായ മഴയോ കാറ്റോ അനുഭവപ്പെടുന്ന സാഹചര്യത്തില്‍ സുരക്ഷിതമായ സ്ഥലങ്ങളില്‍ തുടരുകയും അധികൃതരുടെ മുന്നറിയിപ്പുകള്‍ അവഗണിക്കാതിരിക്കുകയും വേണം. താഴ്ന്ന പ്രദേശങ്ങളിലും പെട്ടെന്ന് വെള്ളം കയറാന്‍ സാധ്യതയുള്ള പ്രദേശങ്ങളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം. ആവശ്യമായ സാഹചര്യത്തില്‍ അധികൃതര്‍ നിര്‍ദേശിക്കുന്നതനുസരിച്ച് സുരക്ഷിതമായ സ്ഥലങ്ങളിലേക്കോ ദുരിതാശ്വാസ ക്യാമ്പുകളിലേക്കോ മാറണം. ക്യാമ്പുകളിലേക്ക് മാറ്റിപ്പാര്‍പ്പിക്കുന്നതിനുള്ള നിര്‍ദേശം ലഭിച്ചാല്‍ സഹകരിക്കണം.
മഴ ശക്തമാകുന്ന സാഹചര്യത്തില്‍ പുഴകള്‍, തോടുകള്‍, വെള്ളക്കെട്ടുകള്‍ എന്നിവയുടെ സമീപത്തേക്ക് പോകരുത്. ശക്തമായ കാറ്റ് ഉണ്ടാകുമ്പോള്‍ മരങ്ങള്‍, വൈദ്യുതി പോസ്റ്റുകള്‍, പരസ്യബോര്‍ഡുകള്‍ തുടങ്ങിയവയുടെ സമീപത്ത് നില്‍ക്കുന്നത് ഒഴിവാക്കണം. വൈദ്യുതി സംബന്ധമായ അപകടസാധ്യതയുള്ള സാഹചര്യങ്ങളില്‍ ജാഗ്രത പാലിക്കുകയും പൊട്ടിവീണ വൈദ്യുതി ലൈനുകളുടെ സമീപത്തേക്ക് പോകരുതെന്നും നിര്‍ദേശമുണ്ട്.
അടിയന്തര സാഹചര്യങ്ങളില്‍ ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും ജില്ലാ ഭരണകൂടത്തിന്റെയും ദുരന്തനിവാരണ സംവിധാനങ്ങളുടെയും നിര്‍ദേശങ്ങള്‍ പാലിക്കണം. ഔദ്യോഗിക സംവിധാനങ്ങളിലൂടെ ലഭിക്കുന്ന കാലാവസ്ഥാ മുന്നറിയിപ്പുകള്‍ മാത്രം വിശ്വസിക്കുകയും സ്ഥിരീകരിക്കാത്ത സന്ദേശങ്ങള്‍ പ്രചരിപ്പിക്കാതിരിക്കുകയും ചെയ്യണം. പൊതുജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ല. എന്നാല്‍ ജാഗ്രത കൈവിടാതിരിക്കുകയും ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കുകയും ചെയ്യണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.
കോഴിക്കോട് ജില്ലയില്‍ രാത്രിയാത്രാ നിയന്ത്രണം
അപകടസാധ്യത കണക്കിലെടുത്ത് കോഴിക്കോട് ജില്ലയിലെ മലയോര, ഉയര്‍ന്ന പ്രദേശങ്ങളിലേക്കുള്ള അത്യാവശ്യമല്ലാത്ത എല്ലാ യാത്രകള്‍ക്കും സെപ്റ്റംബര്‍ 24 രാത്രി 7 മണി മുതല്‍ സെപ്റ്റംബര്‍ 25 രാവിലെ 7 മണി വരെ പൂര്‍ണ നിരോധനം ഏര്‍പ്പെടുത്തി ജില്ലാ കലക്ടര്‍ ഉത്തരവിട്ടു. താമരശ്ശേരി, തിരുവമ്പാടി, കൂരാച്ചുണ്ട് തുടങ്ങിയ മലയോര മേഖലകളിലെ മണ്ണിടിച്ചില്‍ സാധ്യതയുള്ള റോഡുകളില്‍ പൊലീസ് ഗതാഗതം പൂര്‍ണമായും നിയന്ത്രിക്കും. ദുരന്തനിവാരണവുമായി ബന്ധപ്പെട്ട അടിയന്തര വാഹനങ്ങള്‍ക്ക് നിയന്ത്രണത്തില്‍ ഇളവുണ്ടാകും.
നദികള്‍, ക്വാറികള്‍, വിനോദസഞ്ചാര കേന്ദ്രങ്ങള്‍, കടല്‍ത്തീരങ്ങള്‍ എന്നിവിടങ്ങളില്‍ വിനോദത്തിനും മീന്‍പിടിത്തത്തിനുമായി ഇറങ്ങുന്നത് കര്‍ശനമായി നിരോധിച്ചിട്ടുണ്ട്. ജില്ലയിലെ താലൂക്ക് എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്ററുകള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കും. എല്ലാ വില്ലേജുകളിലും മഴയുടെ അളവും ജലനിരപ്പും ഓരോ മണിക്കൂര്‍ ഇടവിട്ട് ശേഖരിച്ച് ജില്ലാ എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്ററിലേക്ക് കൈമാറും. അടിയന്തര സാഹചര്യം ഉണ്ടാകുന്ന പക്ഷം അധികൃതരുടെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും ജില്ലാ ഭരണകൂടം അഭ്യര്‍ഥിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates