കൊച്ചി: എറണാകുളം ജില്ലയിൽ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ പുരോഗമിക്കുമ്പോൾ മഴ കൂടി എത്തുന്നതോടെ വെള്ളപ്പൊക്ക ഭീഷണി മുന്നിൽ കണ്ട് പ്രവർത്തിക്കാൻ തദ്ദേശ സ്ഥാപനങ്ങളോട് ജില്ലാ കലക്ടർ എസ് സുഹാസ് നിർദേശിച്ചു. ജില്ലാ കലക്ടറുടെ അധ്യക്ഷതയിൽ ചേർന്ന ദുരന്ത നിവാരണ അതോറിറ്റി കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്തി.
വെള്ളപ്പൊക്കമുണ്ടായാൽ ക്യാമ്പുകൾ ക്രമീകരിക്കേണ്ടതുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങൾ നടത്തേണ്ടതുണ്ട്. വെള്ളപ്പൊക്ക സാധ്യതാ പ്രദേശങ്ങളിലുള്ള സിഎഫ്എൽടിസികൾ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റാനുള്ള നടപടികളും സ്വീകരിക്കണം.
ആക്ടീവ് കേസുകൾ കൂടുതലുള്ള പഞ്ചായത്തുകളിൽ കർശന നിയന്ത്രണങ്ങൾ നടപ്പാക്കി വരികയാണ്. ബിപിസിഎല്ലിൽ ആരംഭിക്കുന്ന കോവിഡ് ചികിത്സാ കേന്ദ്രങ്ങൾ ഉടൻ പ്രവർത്തനസജ്ജമാകും. 1000, 500 വീതം ഓക്സിജൻ ബെഡുകളാണ് ഇവിടെ സജ്ജമാകുന്നത്. ഇവയുടെ പ്രവർത്തനം കൈകാര്യം ചെയ്യുന്നതിനായി രണ്ട് കമ്മിറ്റികൾ രൂപീകരിച്ചിട്ടുണ്ട്.
വാർഡ് തല ദ്രുത കർമ്മ സേനയുടെ പ്രവർത്തനം കൂടുതൽ ശക്തമാക്കിയാലേ കോവിഡ് വ്യാപനം ചെറുക്കാനാകൂ എന്ന് യോഗം വിലയിരുത്തി. കൂടുതൽ അംഗങ്ങളെ ചേർത്ത് പ്രവർത്തനം ശക്തമാക്കും. ആരോഗ്യം, പൊലീസ്, റവന്യു, പഞ്ചായത്ത് വകുപ്പുകളുടെ നേതൃത്വത്തിലുള്ള ഇൻസിഡെൻസ് റെസ്പോൺസ് സിസ്റ്റം ദ്രുത കർമ്മ സേനയുടെ പ്രവർത്തനം നിരീക്ഷിക്കും. സെക്ടറൽ മജിസ്ട്രേറ്റുമാർ അവരവരുടെ പരിധിയിൽ നടക്കുന്ന വിവാഹം, മരണം പോലുള്ള ചടങ്ങുകൾ പരിശോധിച്ച് കോവിഡ് പ്രോട്ടോക്കോൾ പാലനം ഉറപ്പാക്കും.
കോവിഡ് ബാധിതരാകുന്ന ജയിലുകളിലെ പ്രതികൾക്ക് ജയിലുകളിൽ തന്നെ ചികിത്സ ഉറപ്പാക്കും. സ്ഥിരം ആംബുലൻസ് സംവിധാനം ഏർപ്പെടുത്തും. ടെലി മെഡിസിൻ, ഓൺ കോൾ മെഡിസിൻ എന്നിവയും ലഭ്യമാക്കും. കോവിഡ് പോസിറ്റീവാകുന്ന റിമാൻഡ് പ്രതികളെ കളമശേരി നുവാൽസിൽ സജ്ജമാക്കുന്ന എഫ്എൽടിസിയിലേക്ക് മാറ്റും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates