

തിരുവനന്തപുരം: മുഖ്യമന്ത്രി വിഡി സതീശനെതിരെ വിമര്‍ശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. കോണ്‍ഗ്രസ് കുടുംബ ദൈവത്തെ ആരാധിക്കേണ്ട ഗതികേടിലാണെന്നും തട്ടിപ്പ് രാഷ്ട്രീയം തുറന്നുകാട്ടപ്പെടുമ്പോള്‍ അതിന്റെ സത്യം വിളിച്ചുപറയാന്‍ തങ്ങള്‍ക്ക് സ്വാതന്ത്ര്യമുണ്ടെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. നേരത്തെ രാജീവ് ചന്ദ്രശേഖര്‍ രാഹുല്‍ ഗാന്ധിക്കെതിരെ രംഗത്തുവന്നിരുന്നു. അതിന് പിന്നാലെ ഭീഷണികൊണ്ട് രാഹുലിനെ തളര്‍ത്താനാകില്ലെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടിരുന്നു. തുടര്‍ന്നാണ് ഈ വിഷയത്തില്‍ വീണ്ടും രാജീവ് ചന്ദ്രശേഖരിന്റെ പ്രതികരണം.
'ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും കാര്യം അവിടെ നില്‍ക്കട്ടെ; പ്രാധാന്യമുള്ള ഏതെങ്കിലും ഒരു വിഷയത്തെ രാഹുല്‍ ഗാന്ധി സംരക്ഷിക്കുന്നുണ്ടെന്ന് ഈ ഭൂമിയിലെ സാമാന്യബുദ്ധിയുള്ള ഒരാളും വിദൂരമായിപ്പോലും കരുതുന്നില്ല. രാഹുല്‍ ഗാന്ധി സംരക്ഷിക്കുന്നത് ഒരേയൊരു കാര്യത്തെ മാത്രമാണ്: തന്റെ കുടുംബത്തിന്റെയും കുടുംബവാഴ്ചയുടെയും താല്പര്യങ്ങള്‍ മാത്രം. നെഞ്ചില്‍ കൈവെച്ച് എനിക്കിത് ഉറപ്പിച്ചു പറയാന്‍ കഴിയും: രാഹുല്‍ ഗാന്ധിയുടെ രാഷ്ട്രീയവും കോണ്‍ഗ്രസിന്റെ രാഷ്ട്രീയവും കെട്ടിപ്പടുത്തിരിക്കുന്നത് കാപട്യം, നുണകള്‍, തട്ടിപ്പുകള്‍, വ്യാജ പ്രചാരണങ്ങള്‍ എന്നിവയിലാണ്'- രാജീവ് കുറിപ്പില്‍ പറയുന്നു.
രാജീവ് ചന്ദ്രശേഖറിന്റെ കുറിപ്പ്
പ്രിയപ്പെട്ട ശ്രീ. V D Satheesan,
കോൺഗ്രസ് കുടുംബവാഴ്ചയുടെ ഇപ്പോഴത്തെ 'ദൈവത്തെ' ആരാധിക്കേണ്ട നിങ്ങളുടെ ബാധ്യത എനിക്ക് മനസ്സിലാകുന്നു. അത് നിങ്ങളുടെ വിശ്വാസമാണ്, അത് പിന്തുടരാൻ നിങ്ങൾക്ക് അവകാശവുമുണ്ട്.
പക്ഷേ എനിക്കോ, ഭൂരിഭാഗം ഇന്ത്യക്കാർക്കോ അങ്ങനെയൊരു ബാധ്യതയുമില്ല.
തട്ടിപ്പ് രാഷ്ട്രീയം തുറന്നുകാട്ടപ്പെടുമ്പോൾ അതിന്റെ സത്യം വിളിച്ചുപറയാൻ ഞങ്ങൾക്ക് സ്വാതന്ത്ര്യമുണ്ട്.
ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും കാര്യം അവിടെ നിൽക്കട്ടെ; പ്രാധാന്യമുള്ള
ഏതെങ്കിലും ഒരു വിഷയത്തെ രാഹുൽ ഗാന്ധി സംരക്ഷിക്കുന്നുണ്ടെന്ന് ഈ ഭൂമിയിലെ
സാമാന്യബുദ്ധിയുള്ള ഒരാളും വിദൂരമായിപ്പോലും കരുതുന്നില്ല. രാഹുൽ ഗാന്ധി
സംരക്ഷിക്കുന്നത് ഒരേയൊരു കാര്യത്തെ മാത്രമാണ്: തന്റെ കുടുംബത്തിന്റെയും
കുടുംബവാഴ്ചയുടെയും താല്പര്യങ്ങൾ മാത്രം.
നെഞ്ചിൽ കൈവെച്ച് എനിക്കിത് ഉറപ്പിച്ചു പറയാൻ കഴിയും: രാഹുൽ ഗാന്ധിയുടെ
രാഷ്ട്രീയവും കോൺഗ്രസിന്റെ രാഷ്ട്രീയവും കെട്ടിപ്പടുത്തിരിക്കുന്നത്
കാപട്യം, നുണകൾ, തട്ടിപ്പുകൾ, വ്യാജ പ്രചാരണങ്ങൾ എന്നിവയിലാണ്.
താങ്കൾ അത് ഉന്നയിച്ച സ്ഥിതിക്ക്, കോൺഗ്രസിന്റെ മതനിരപേക്ഷതയുടെയും ജനാധിപത്യത്തിന്റെയും ചരിത്രം നമുക്ക് ചർച്ച ചെയ്യാം.
ചരിത്രത്തിൽ നിന്നൊരു പാഠം ഓർമ്മിപ്പിക്കേണ്ട സമയമാണിത്. എത്ര വളച്ചൊടിച്ചാലും നിങ്ങളുടെ പഴയ ചരിത്രത്തിൽ നിന്ന് രക്ഷപ്പെടാനാവില്ല. ആ കറുത്ത ഏടുകൾ ആർക്കും മറക്കാനാവില്ല.
കോൺഗ്രസ് ഭരണത്തിൽ നടന്ന വർഗീയ കലാപങ്ങൾ:
1969 അഹമ്മദാബാദ് കലാപം
1980 മൊറാദാബാദ് കലാപം
1984 ഡൽഹിയിലെ സിഖ് വിരുദ്ധ കലാപം
1989 ഭഗൽപൂർ കലാപം… തുടങ്ങിയവ
സജ്ജൻ കുമാർ ബിജെപി നേതാവായിരുന്നില്ല. ശിക്ഷിക്കപ്പെട്ട ഈ കൊലപാതകി കോൺഗ്രസിന്റെ മുതിർന്ന നേതാവും ലോക്‌സഭാ എംപിയുമായിരുന്നു. രാഹുലിന്റെ ഗുരു സാം പിത്രോദ പറഞ്ഞത് മറക്കരുത്: "അത് സംഭവിച്ചു. അതിനെന്താ?" ഖേദമില്ല, പശ്ചാത്താപമില്ല.
നമ്മുടെ കേരളത്തിലേക്ക് വന്നാൽ, വർഗീയ സംഘർഷങ്ങളുടെ കോൺഗ്രസ് ചരിത്രം ഒരു ഭീകരകഥ പോലെയാണ്:
2002-ലെ മാറാട് വർഗീയ കലാപം
2003-ലെ മാറാട് കൂട്ടക്കൊല
എല്ലാം കോൺഗ്രസ് മുഖ്യമന്ത്രിമാരുടെ ഭരണകാലത്ത്.
ഈയിടെ കോൺഗ്രസ് ജമാഅത്തെ ഇസ്ലാമിയുമായി സഖ്യമുണ്ടാക്കി. ഭരണഘടനയ്ക്കും മതേതര മൂല്യങ്ങൾക്കും എതിരായ സംഘടനയാണിതെന്ന് മാന്യനായ കോൺഗ്രസ് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞിട്ടുണ്ട്. ഇത് രാഹുലിന്റെ പ്രതിച്ഛായാനിർമ്മാണത്തിന് കടകവിരുദ്ധമാണ്. കൂടാതെ, രാഹുൽ മുസ്ലിം ലീഗിന് മതേതര സർട്ടിഫിക്കറ്റ് നൽകി. കോൺഗ്രസിന്റെ തണലിൽ ധൈര്യം കിട്ടിയ അവർ, സ്ത്രീകൾ വീട്ടിലിരിക്കണമെന്ന് പറയുന്നു. "മതം, മതം, മതം" ആണ് പ്രധാനമെന്ന് പറയുന്നവരെ മന്ത്രിമാരാക്കുന്നു.
10 വർഷത്തെ കോൺഗ്രസ് നേതൃത്വത്തിലുള്ള യുപിഎ ഭരണത്തിലെ അഴിമതിയും പ്രീണന രാഷ്ട്രീയവും:
26/11 ഭീകരാക്രമണത്തിന്റെ പഴി ഹിന്ദുക്കളുടെ മേൽ ചാരാൻ ശ്രമിച്ചത്, കാർഗിൽ വിജയ് ദിവസ് ആഘോഷിക്കാതിരുന്നത്,
ബട്‌ല ഹൗസ് ഏറ്റുമുട്ടലിൽ ഭീകരർ കൊല്ലപ്പെട്ടപ്പോൾ സോണിയ ഗാന്ധി
കണ്ണീരൊഴുക്കിയത്, രാജ്യത്തിന്റെ വിഭവങ്ങളിൽ ആദ്യ അവകാശം മുസ്ലിങ്ങൾക്കാണെന്ന്
പറഞ്ഞത്. ഇതൊന്നും മതേതരത്വമല്ല. കോൺഗ്രസിന് ഒരിക്കലും മതേതരത്വമുണ്ടായിരുന്നില്ല;
അവർക്ക് താൽപര്യം വോട്ട്ബാങ്ക് അഥവാ മുസ്ലിം രാഷ്ട്രീയത്തിൽ മാത്രമായിരുന്നു.
രാഹുൽ ജനാധിപത്യത്തിന്റെ സംരക്ഷകനാണെന്ന് പറയുന്നത് ഒരു കോൺഗ്രസ് ഭക്തന് പോലും അല്പം കടന്ന കാര്യമാണ്. അഭിപ്രായസ്വാതന്ത്ര്യത്തിന്റെ ആർട്ടിക്കിൾ 19 ഭേദഗതി ചെയ്തത് മുതൽ, ബാലറ്റ് പെട്ടികൾ തിരിമറി നടത്തി പതിറ്റാണ്ടുകളോളം തിരഞ്ഞെടുപ്പുകൾ ജയിച്ചതും, അടിയന്തരാവസ്ഥക്കാലത്ത് ജനങ്ങളുടെ മൗലികാവകാശങ്ങൾ റദ്ദാക്കിയതും, ഓൺലൈൻ അഭിപ്രായങ്ങൾക്ക് കൂച്ചുവിലങ്ങിടാൻ സെക്ഷൻ 66A കൊണ്ടുവന്നത്, എതിരാളികളെ ഭയപ്പെടുത്താൻ അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്തതും വരെ—ജനാധിപത്യത്തിന്റെ കാര്യത്തിൽ കോൺഗ്രസിന്റെ ചരിത്രം (വളരെ മയത്തിൽ പറഞ്ഞാൽ) തികച്ചും സംശയാസ്പദമാണ്.
കോൺഗ്രസ് ഭരണകാലത്ത് വ്യക്തിപരമായി പലതവണ ഞാൻ വേട്ടയാടപ്പെട്ടിട്ടുണ്ട്;
അതിലൊന്നും ഒരു ജനാധിപത്യവും ഞാൻ കണ്ടിട്ടില്ല.
അതുകൊണ്ട്, ന്യായീകരിക്കാൻ കഴിയാത്തതിനെ ന്യായീകരിക്കേണ്ടിവരുന്ന താങ്കളുടെ ഗതികേട് എനിക്ക് മനസ്സിലാകും.
എന്നാൽ രാഹുൽ ഗാന്ധിയെ ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും സംരക്ഷകനായി ഉയർത്തിക്കാട്ടുന്നത് തരംതാണ തമാശ മാത്രമാണ്.
യഥാർത്ഥ ജനാധിപത്യവും മതേതരത്വവും പ്രവൃത്തിയിൽ കാണണമെങ്കിൽ കഴിഞ്ഞ 12 വർഷത്തെ ഭരണത്തിലേക്ക് നോക്കൂ. നെഞ്ചിൽ കൈവെച്ച് ചിന്തിക്കൂ- പ്രധാനമന്ത്രി Narendra Modi ജിയുടെ 12 വർഷത്തെ ഭരണവും കോൺഗ്രസിന്റെ 10 വർഷത്തെ യു.പി.എ ഭരണവും തമ്മിൽ താരതമ്യം ചെയ്തു നോക്കൂ.
ലോകത്തിലെ ഏറ്റവും വലിയ മുസ്ലിം ജനവിഭാഗങ്ങളിലൊന്നും, ഒപ്പം ക്രൈസ്തവർ, സിഖുകാർ,
ജൈനർ, ബുദ്ധമതക്കാർ തുടങ്ങിയ ന്യൂനപക്ഷങ്ങളും ജീവിക്കുന്നത് ഭാരതത്തിലാണ്. നിയമം അനുസരിക്കുന്ന ഓരോ ഭാരതീയനും ഇന്ന് തികഞ്ഞ സമാധാനത്തിലും സുരക്ഷിതത്വത്തിലുമാണ് ജീവിക്കുന്നത്. ജാതിമത വ്യത്യാസമില്ലാതെ ഓരോ ഇന്ത്യക്കാരനും മോദി സർക്കാരിന്റെ എല്ലാ ക്ഷേമപദ്ധതികളും തുല്യമായി ലഭിക്കുന്നുണ്ട്; വികസനത്തിന്റെ എല്ലാ നേട്ടങ്ങളും അവർ അനുഭവിക്കുന്നുമുണ്ട്.
ഇവിടെ ഒരൊറ്റ യാഥാർത്ഥ്യമേയുള്ളൂ: ബി.ജെ.പി/എൻ.ഡി.എ ജനാധിപത്യത്തെയും മതേതരത്വത്തെയും
സംരക്ഷിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുമ്പോൾ, കോൺഗ്രസ് അതിനെ തകർത്തെറിയുകയാണ്
ചെയ്തത്; ഇന്നും നുണകളിലൂടെയും തട്ടിപ്പുകളിലൂടെയും അത് നശിപ്പിക്കാനാണ് അവർ
ശ്രമിക്കുന്നത്.
എന്റെ വാദങ്ങളെ ഖണ്ഡിക്കാൻ താങ്കൾക്ക് പൂർണ്ണ സ്വാതന്ത്ര്യമുണ്ട്; പക്ഷേ അതിന്
വസ്തുതകളും കൃത്യമായ തെളിവുകളുമാണ് നിരത്തേണ്ടത്.
നുണകൾ എപ്പോഴും നുണകൾ തന്നെയാണ്. നുണയുടെ രാഷ്ട്രീയം പയറ്റുന്ന രാഷ്ട്രീയക്കാർ
തട്ടിപ്പുകാരാണ്.
ഞാൻ വീണ്ടും ആവർത്തിക്കുന്നു: Rahul Gandhi ഒരു ഫ്രോഡ് തന്നെയാണ്.
അദ്ദേഹം പറഞ്ഞ പച്ചക്കള്ളങ്ങൾക്ക് തിരഞ്ഞെടുപ്പ് കമ്മീഷനോടും, രാജ്യത്തിന്റെ
പ്രധാനമന്ത്രിയെ 'രാജ്യദ്രോഹി' എന്ന് വിളിച്ചതിന് അദ്ദേഹത്തോടും രാഹുൽ ആദ്യം
പരസ്യമായി മാപ്പ് പറയണം.
വിഡി സതീശന്റെ കുറിപ്പ്
ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും സംരക്ഷകരാണ് കോണ്‍ഗ്രസും രാഹുല്‍ ഗാന്ധിയും. രാജീവ് ചന്ദ്രശേഖര്‍ അടക്കം ഏതെങ്കിലും ഒരു ബി.ജെ.പി നേതാവിന് ഞങ്ങള്‍ മതേതരത്വം സംരക്ഷിക്കാന്‍ നില്‍ക്കുന്നവരാണെന്ന് നെഞ്ചിന്‍ കൈവച്ച് പറയാന്‍ കഴിയുമോ?
കോടിക്കണക്കിന് ഇന്ത്യക്കാരുടെ ഹൃദയത്തില്‍ ഇടംനേടിയ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെയുള്ള വ്യക്തിപരമായ അധിക്ഷേപങ്ങളാണ് ബി.ജെ.പി സംസ്ഥാന അധ്യഷന്‍ രാജീവ് ചന്ദ്രശേഖര്‍ നടത്തിയത്. കോണ്‍ഗ്രസ് പ്രസ്ഥാനമോ കേരളത്തിന്റെ പൊതുസമൂഹമോ ഒരു കാരണവശാലും ഇത് അംഗീകരിക്കില്ല.
രാഷ്ട്രീയത്തിന്റെ ഔന്നത്യവും സാംസ്‌കാരിക മര്യാദകളും കാത്തുസൂക്ഷിക്കേണ്ട ഒരു പദവിയിലിരുന്ന്, അടിസ്ഥാനരഹിതമായ ആക്ഷേപങ്ങളും വിലകുറഞ്ഞ പ്രയോഗങ്ങളും നടത്തുന്നതിലൂടെ നിങ്ങളുടെ രാഷ്ട്രീയ പാപ്പരത്തമാണ് വെളിപ്പെടുത്തുന്നത്. രാഹുല്‍ ഗാന്ധിക്കെതിരെ ഒരു വിരല്‍ ചൂണ്ടുമ്പോള്‍ മറ്റ് വിരലുകള്‍ സ്വന്തം നെഞ്ചിലേക്കാണെന്നത് രാജീവ് ചദ്രശേഖരന്‍ മറക്കരുത്.
തിരഞ്ഞെടുപ്പ് കമ്മിഷന്റെ വിശ്വാസ്യതയെയും സ്വയംഭരണ സ്ഥാപനങ്ങളുടെ നിഷ്പക്ഷതയെയും കുറിച്ച് ഗുരുതരമായ ആശങ്കകളാണ് ഇപ്പോള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. രാജ്യത്തിന്റെ ഭരണഘടനയും ജനാധിപത്യ സ്ഥാപനങ്ങളും ഒരു കൂട്ടരുടെ താത്പര്യങ്ങള്‍ക്ക് അടിയറവ് വയ്ക്കുമ്പോള്‍, അതിനെതിരെ രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസും സധൈര്യം ശബ്ദമുയര്‍ത്തുന്നത് സംഘ്പരിവാറിന് വലിയ അസ്വസ്ഥതയുണ്ടാക്കുന്നുണ്ട്. യഥാര്‍ത്ഥ പ്രശ്‌നങ്ങളില്‍ നിന്നും ശ്രദ്ധ തിരിച്ചുവിടാന്‍ ഫാസിസ്റ്റ് ശൈലിയിലുള്ള ഇത്തരം പ്രസ്താവനകള്‍ കൊണ്ട് സാധ്യമല്ല.
ജനങ്ങളുടെ മൗലികാവകാശങ്ങളും തുല്യനീതിയും സംരക്ഷിക്കാന്‍ രാഹുല്‍ ഗാന്ധിയും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസും നടത്തുന്ന നിരന്തരമായ പോരാട്ടങ്ങളെ ഇത്തരം ഭീഷണികള്‍ കൊണ്ടോ വെല്ലുവിളികള്‍ കൊണ്ടോ തളര്‍ത്താനാവില്ല. പൊള്ളയായ അവകാശവാദങ്ങളും ജനദ്രോഹ നയങ്ങളും മാറ്റിവെച്ച്, യഥാര്‍ത്ഥ ജനകീയ പ്രശ്‌നങ്ങള്‍ക്ക് മറുപടി പറയാനുള്ള ആര്‍ജ്ജവമാണ് താങ്കളും താങ്കളുടെ പാര്‍ട്ടിയും കാട്ടേണ്ടത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates