'അച്ഛനോടും ആളുകള്‍ കളിയാക്കി ചോദിച്ചു: 'എത്ര കൊടുത്തു അവാര്‍ഡിന്; ലോട്ടറി വിറ്റു ജീവിക്കുന്ന ആ മനുഷ്യനെ വലിഴിച്ചിഴച്ചത് എന്തു തരം വിനോദമാണ്'

Kendra Sahitya Akademi Yuva Puraskar, 2025
Akhil P Dharmajan Kendra Sahitya Akademi Yuva Puraskarfile
Updated on
3 min read

കൊച്ചി: ആക്ഷേപ പോസ്റ്റുകള്‍ ഇട്ട് പലരും തന്റെ എഴുത്തു ജീവിതം ഇല്ലാതാക്കാന്‍ ശ്രമിച്ചിട്ടുണ്ടെങ്കിലും പ്രതികരിക്കാതെ വിമര്‍ശനം ഉള്‍ക്കൊണ്ട് എഴുത്ത് മെച്ചപ്പെടുത്താനാണ് താന്‍ ശ്രിച്ചിട്ടുള്ളതെന്ന് നോവലിസ്റ്റ് അഖില്‍ പി ധര്‍മജന്‍. കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചതിനു പിന്നാലെ തന്നെയും കുടുംബത്തെയും അധിക്ഷേപിച്ചപ്പോഴാണ് എഴുത്തുകാരിക്കെതിരെ നിയമ നടപടി സ്വീകരിച്ചതെന്ന് അഖില്‍ പി ധര്‍ജന്‍ പറഞ്ഞു. കൈക്കൂലി കൊടുത്ത് അവാര്‍ഡ് വാങ്ങിയെന്ന ആരോപണം ലോട്ടറി കച്ചവടം ചെയ്തു ജീവിക്കുന്ന തന്റെ പിതാവിനു പോലും അവമതിപ്പുണ്ടാക്കിയെന്ന് അഖില്‍ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

കുറിപ്പ്:

രണ്ടുമൂന്ന് ദിവസമായി ഞാന്‍ വലിയ എന്തോ തെറ്റ് ചെയ്തതുപോലെ ആളുകള്‍ പോസ്റ്റുകള്‍ ഇടുകയും എന്നെ അതില്‍ മെന്‍ഷന്‍ ചെയ്യുകയും ചെയ്യുന്നുണ്ട്. കോടതിയില്‍ കേസ് ഫയല്‍ ചെയ്തിരിക്കുന്നതുകൊണ്ട് ഒരു പരിധിയില്‍ കൂടുതല്‍ എഴുതാനോ പറയാനോ സാധിക്കില്ല. എന്നാലും പറയാന്‍ കഴിയുന്നവ പരിമിതിക്കുള്ളില്‍നിന്ന് പറയാം.

Kendra Sahitya Akademi Yuva Puraskar, 2025
'സാമൂഹ്യമാധ്യമങ്ങളില്‍ അപകീര്‍ത്തിപ്പെടുത്തി', അഖില്‍ പി ധര്‍മജന്റെ പരാതിയില്‍ ഇന്ദുമേനോനെതിരെ കേസ്

എന്റെ ആദ്യത്തെ നോവല്‍ പ്രസിദ്ധീകരിച്ചിട്ട് 10 വര്‍ഷം കഴിഞ്ഞു. അന്നുമുതലോ അതിനും എത്രയോ മുന്‍പ് സോഷ്യല്‍ മീഡിയയില്‍ എഴുതുന്ന കാലം മുതലോ എന്റെ എഴുത്തുകള്‍ പലതരത്തില്‍ വിമര്‍ശനം ഏറ്റുവാങ്ങിയിട്ടുണ്ട്. ആരോഗ്യകരമായും അല്ലാതെയും. പലതും 'ഇവന്‍ ഇനി എഴുതാന്‍ പേനയെടുത്ത് പോകരുത്' എന്ന നിലയില്‍ പോലും ആളുകള്‍ വിമര്‍ശനം എന്നപേരില്‍ ആക്ഷേപം നടത്തിയിട്ടുണ്ട്. അതിനൊന്നും പ്രതികരിക്കാന്‍ പോകാതെ, വിമര്‍ശനത്തില്‍ കഴമ്പുണ്ടോ, എഴുത്ത് മെച്ചപ്പെടുത്താന്‍ എന്തെങ്കിലും കാര്യങ്ങള്‍ അതില്‍ ഉണ്ടോ എന്നൊക്കെയാണ് ഞാന്‍ നോക്കിയിരുന്നത്. അങ്ങനെ എന്തെങ്കിലും പറഞ്ഞാല്‍ എഴുത്ത് നിര്‍ത്തിപ്പോകാന്‍ മനസ്സില്ലാത്തതുകൊണ്ട് ഓരോ പുസ്തകത്തിലും എഴുത്ത് മെച്ചപ്പെടുത്താന്‍ പരമാവധി ഞാന്‍ ശ്രദ്ധിക്കാറുമുണ്ട്.

ഇവിടെയിത് പറയാന്‍ കാരണം, എന്റെ അക്കൗണ്ടില്‍ പണ്ട് മുതലേ ഉള്ള പലര്‍ക്കും അറിയാം ഏതൊക്കെ തരത്തില്‍ ആക്ഷേപ പോസ്റ്റുകള്‍ ഇട്ട് പലരും എന്റെ എഴുത്ത് ജീവിതം ഇല്ലാതാക്കാന്‍ പലകുറി ശ്രമിച്ചിട്ടുണ്ടെന്ന്. ഒന്നിനോടും ഒരു പരിധിയില്‍ കൂടുതല്‍ പ്രതികരിക്കാന്‍ ഞാന്‍ ഇതുവരെ പോയിട്ടുമില്ല.

ഇപ്പോള്‍ ഏറ്റവും അടുത്ത് നടന്ന കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് വിഷയത്തില്‍ ഇപ്പോഴും നടക്കുന്ന ചര്‍ച്ചകളും ആക്ഷേപങ്ങളും ഞാന്‍ കാണുന്നുണ്ട്. അതില്‍ വളരെയധികം മോശമായി എന്നെയും എന്റെ കുടുംബത്തെയും ആക്ഷേപിച്ച ഒരു എഴുത്തുകാരിക്കെതിരെ ഞാന്‍ പരാതി നല്‍കിയതില്‍ എന്താണ് തെറ്റെന്ന് എനിക്ക് മനസ്സിലാകുന്നില്ല.

'ഞാന്‍ കൈക്കൂലി കൊടുത്ത് അവാര്‍ഡ് വാങ്ങിയെന്നും, ജീവിതകാലം മുഴുവന്‍ ഞാന്‍ ഈ നാണക്കേടും പേറി നടക്കേണ്ടതില്‍ അവര്‍ക്ക് സഹതാപമുണ്ടെന്നും' അവര്‍ പറയുകയുണ്ടായി. ഈ പറയുന്നത് മറ്റാരുമല്ല. ഇതേ അവാര്‍ഡും മറ്റ് പല അവാര്‍ഡുകളും വാങ്ങിയ, മലയാളത്തില്‍ മാത്രമല്ല മറ്റ് ഭാഷകളിലും ആരാധകരുള്ള മുതിര്‍ന്ന എഴുത്തുകാരിയാണ്. സ്വാഭാവികമായും ഇത് കേള്‍ക്കുന്ന ആളുകളില്‍ അത് തെറ്റിദ്ധാരണ ഉണ്ടാക്കിയിട്ടുണ്ട്. എന്നെക്കുറിച്ച് അവമതിപ്പ് ഉണ്ടാക്കിയിട്ടുണ്ട്. അവാര്‍ഡ് കിട്ടിയ ദിവസം ഒരു പോണ്‍ മാഗസിനുമായി എന്റെ പുസ്തകത്തെ കൂട്ടിയിണക്കി കളിയാക്കിയപ്പോഴും ഞാന്‍ ഒന്നും മിണ്ടിയില്ല.

Kendra Sahitya Akademi Yuva Puraskar, 2025
'വിവാദങ്ങള്‍ അര്‍ത്ഥശൂന്യം, റാം C/O ആനന്ദി പറയുന്നത് സാധാരണക്കാരുടെ ജീവിതം'; എഎ റഹീം എംപി

അതില്‍ പല എഴുത്തുകാര്‍ അടക്കമുള്ള നിരവധി ആളുകള്‍ സംഘം ചേര്‍ന്ന് എന്നെ കളിയാക്കിയതില്‍ ഈ വ്യക്തി സന്തോഷം കണ്ടെത്തുകയും അവര്‍ക്ക് മറുപടി നല്‍കി രസിക്കുകയും ചെയ്യുന്നത് കണ്ടപ്പോള്‍ എനിക്ക് സങ്കടം തോന്നി. എങ്ങനെയാണ് ഈ തരത്തില്‍ ഒരാളെ കൂട്ടം ചേര്‍ന്ന് വേദനിപ്പിച്ച് മനുഷ്യര്‍ സന്തോഷം കണ്ടെത്തുന്നത്? അവര്‍ അപ്പോഴും ഇപ്പോഴും പറയുന്നത് അത് പുസ്തകത്തെ വിമര്‍ശിച്ചതാണ് എന്നാണ്. ഞാന്‍ ഒന്നും മിണ്ടിയില്ല. ചാനലുകള്‍ അഭിമുഖം നടത്തിയപ്പോഴും അതൊക്കെ അവരുടെ വ്യക്തിസ്വാതന്ത്ര്യം എന്ന് തന്നെയാണ് ഞാന്‍ പറഞ്ഞത്.

എന്നാല്‍ പിന്നീട് വന്ന പോസ്റ്റുകളും അതില്‍ വന്ന കമന്റുകള്‍ക്ക് ഇതേ എഴുത്തുകാരി നല്‍കിയ മറുപടികളും പോസ്റ്റ് വായിച്ച ആരെങ്കിലും ഉണ്ടെങ്കില്‍ പറയൂ, വിമര്‍ശനമാണോ അതോ വ്യക്തിഹത്യയാണോ നടന്നതെന്ന്. മാത്രവുമല്ല, എന്റെ പാരമ്പര്യത്തെക്കുറിച്ചൊക്കെ പറയുന്നത് പുസ്തക വിമര്‍ശനമായിട്ടാണോ കാണുന്നത്? 15 വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള (ഞാന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിയാണ്) ആ സമയത്തെ കാര്യങ്ങള്‍ ആധികാരികമായി ശരിയാണോ തെറ്റാണോ എന്ന് പോലും അന്വേഷിക്കാതെ കണ്ടെത്തി പറയണമെങ്കില്‍ എന്ത് ആഴത്തില്‍ അവര്‍ എന്റെ കുടുംബകാര്യങ്ങള്‍ അന്വേഷണം നടത്തിയിരിക്കാം. ഇതിനെയും പുസ്തക വിമര്‍ശനം എന്നാണോ പറയുക?

Kendra Sahitya Akademi Yuva Puraskar, 2025
'മുത്തുച്ചിപ്പിയില്‍ പ്രസിദ്ധീകരിക്കുന്നവര്‍ക്കും അവാര്‍ഡ് പ്രതീക്ഷിക്കണം'; വിമര്‍ശനവുമായി ഇന്ദു മേനോന്‍

ഇനി മറ്റൊന്ന്, 'ഞാനും സംഘവും ചേര്‍ന്ന് ഗൂഢാലോചനയിലൂടെ ആക്രമണം നടത്തി, ബോഡി ഷേമിംഗ്, etc.. ഒക്കെ നടത്തി' എന്ന് പറയുന്നുണ്ട്. ഗ്രന്ഥകാരന്‍ പണം കൊടുത്ത് ആളെയിറക്കി എന്നൊക്കെ പലയിടങ്ങളിലും കമന്റുകളും കണ്ടു. ഇതൊക്കെ എന്ത് അടിസ്ഥാനത്തിലാണ് അവിടെയും ഇവിടെയും പോയി പറയുന്നതെന്ന് അറിയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഇതൊക്കെ വിട്ടുകളയാം എന്ന് കരുതിയാലും, എത്രയോ ആളുകള്‍ ഇതിന്റെ അടിസ്ഥാനത്തില്‍ എന്നെ വിളിച്ച് ഇതിനെക്കുറിച്ചൊക്കെ സംസാരിക്കുകയാണ്. പലര്‍ക്കും സംശയമാണ്, മുതിര്‍ന്ന ഒരു എഴുത്തുകാരി വെറുതേ ഇങ്ങനെയൊക്കെ പറയുമോ എന്നത്.

ഒന്നുരണ്ട് പരിപാടികള്‍ക്ക് പോയപ്പോഴും 'കൈക്കൂലി നല്‍കി അവാര്‍ഡ് വാങ്ങി' എന്നുതുടങ്ങുന്ന സംസാരങ്ങള്‍ നേരിട്ട് കേള്‍ക്കുകയും ചെയ്തു. അതുമല്ല, എന്റെ അച്ഛന്‍ ഒരു ലോട്ടറി വില്‍പ്പനക്കാരനാണ്. പാതിരപ്പള്ളിയില്‍ ഒരു ലോട്ടറി തട്ടുമുണ്ട്. മഴയെന്നോ വെയിലെന്നോ ഇല്ലാതെ അദ്ദേഹം ഇപ്പോഴും ലോട്ടറി വില്‍ക്കുകയാണ്. ഈ നാട്ടില്‍ ചുറ്റുവട്ടത്തുള്ള കുറച്ച് ആളുകളില്‍ ഒതുങ്ങി നില്‍ക്കുന്ന, ഇപ്പോഴും അധ്വാനിച്ച് ജീവിക്കുന്ന ഒരു മനുഷ്യനെ ഇതിലേക്ക് വലിച്ചിഴയ്ക്കുന്നതും കമന്റിട്ട് രസിക്കുന്നതും എന്തുതരം വിനോദമാണ്? ഇതിനെയും പുസ്തക വിമര്‍ശനം എന്നാണോ പറയുന്നത്? അച്ഛനോടും ആളുകള്‍ കളിയാക്കി ചോദിച്ചു: 'എത്ര കൊടുത്തു അവാര്‍ഡിന്' എന്നൊക്കെ.

അവാര്‍ഡ് കിട്ടിയ അന്ന് റോഡില്‍ പോയവര്‍ക്കൊക്കെ ലഡ്ഡു കൊടുത്ത്, എന്നെ വിളിച്ച് ഒരുപാട് സന്തോഷത്തോടെ 'മോനേ, കുഞ്ഞേ' എന്നൊക്കെ വിളിച്ച മനുഷ്യന്റെ കണ്ണീര് ഞാന്‍ കണ്ടു. ഇത്രയുമൊക്കെ പോരേ ഞാന്‍ ഇപ്പോള്‍ എടുത്ത തീരുമാനത്തില്‍ എത്താന്‍? അതോ എല്ലാം സഹിച്ച് ഞാന്‍ ഇനിയും ജീവിക്കണോ, അവരുടെ ഭാഷയില്‍ പറഞ്ഞാല്‍ 'അപമാനത്തോടെ ജീവിക്കുക!'? ജൂറി തിരഞ്ഞെടുത്ത പ്രകാരം മുന്നോട്ടുള്ള എഴുത്തിനുള്ള പ്രോത്സാഹനമായി ഒരു അവാര്‍ഡ് അല്ലേ കിട്ടിയത്? അതിന് ഇത്രയേറെ എന്നെ ആക്രമിക്കണോ? 'സാഹിത്യത്തെ സംരക്ഷിക്കാന്‍ ശബ്ദിക്കുന്നു' എന്ന് പറഞ്ഞിട്ട് ഇങ്ങനെയാണോ ഒരാളെ ഇല്ലാതാക്കി സന്തോഷിച്ച് സാഹിത്യ സംരക്ഷണം നടത്തുന്നത്?

ഒടുവില്‍ ജെന്‍ഡര്‍ കാര്‍ഡ് ഇറക്കി സ്ത്രീവിരുദ്ധത, ബോഡി ഷേമിംഗ്, സ്ത്രീയെ സംഘം ചേര്‍ന്ന് ആക്രമണം എന്നതില്‍ കൊണ്ടെത്തിച്ച് കാര്യങ്ങള്‍ ആ തലത്തിലേക്ക് വളച്ചൊടിക്കുകയും, അത് ഏറ്റുപിടിച്ച് രണ്ടുദിവസമായി പലരും പോസ്റ്റുകള്‍ ഇട്ടും കമന്റിട്ടും 'ഞാന്‍ ആളുകളെ ഇളക്കിവിട്ടു' എന്നൊക്കെ പറയുകയാണ്. ഞാന്‍ ഒരാള്‍ക്കെങ്കിലും ഈ എഴുത്തുകാരിയെ ചീത്ത പറയാന്‍ നിര്‍ദ്ദേശിച്ചതിന് തെളിവ് കാണിക്കൂ. ഇല്ലാത്ത കാര്യങ്ങള്‍ തലയില്‍ ചുമക്കാന്‍ എനിക്ക് പറ്റില്ല. തരംതാണ രീതിയില്‍ വിമര്‍ശനം എന്നൊക്കെ ലേബലും ഒട്ടിച്ച് ഒരാളെ വ്യക്തിഹത്യ നടത്തിയാല്‍ നെല്ലും പതിരും മനസ്സിലാക്കാനുള്ള ബോധം മലയാളികളില്‍ ഭൂരിഭാഗം ആളുകള്‍ക്കും ഉണ്ട്. അവര്‍ പ്രതികരിക്കും. അതിന് ആരെങ്കിലും നിര്‍ദ്ദേശം കൊടുക്കുകയോ പണം കൊടുക്കുകയോ ഒന്നും ചെയ്യേണ്ട. പിന്നെ, ഈ എഴുത്തുകാരിയോട് പൂര്‍വ്വകാല വൈരാഗ്യമുള്ള ആളുകളും ഈ അവസരം വിനിയോഗിച്ച് തരംതാണ ആക്ഷേപങ്ങള്‍ നടത്താം. അത്തരം ശൈലികളോട് എനിക്ക് യോജിപ്പില്ല. അതുപോലുള്ള കമന്റുകള്‍ ചെയ്തവര്‍ക്കെതിരെ തിരിയാന്‍ പൂര്‍ണ്ണമായ പിന്തുണയും നല്‍കുന്നു. പക്ഷേ അതും എന്റെ തലയില്‍ വച്ചുകെട്ടരുത്. എനിക്കെതിരെ നടന്ന വ്യക്തിഹത്യയ്ക്ക് ഇന്ത്യന്‍ നിയമവ്യവസ്ഥ എനിക്ക് നീതി നല്‍കുമെന്ന് ഉറച്ച് വിശ്വസിക്കുന്നു.

പുസ്തക വിമര്‍ശനങ്ങള്‍ എന്നും സ്വാഗതം ചെയ്യുന്നു. മറിച്ച് വ്യക്തിഹത്യയെ അല്ല. ഇത്രയും പറഞ്ഞുകൊണ്ട് നിര്‍ത്തുന്നു. ഈ വിഷയത്തില്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ കിടന്ന് കുട്ടികള്‍ തല്ലുകൂടുംപോലെ കൂടുതല്‍ സംസാരിക്കാനും ഞാന്‍ ആഗ്രഹിക്കുന്നില്ല.

'എന്നും സത്യം ജയിക്കട്ടെ!'

Summary

Ram c/o Anandi writer Akhil P Dharmajan reacts about the defamation case in connection with Kendra Sahitya Academy award

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com