'ഗ്യാനേഷ് കുമാറിന് മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണർ പദവിയുടെ നിയമപരിരക്ഷ ലഭിക്കില്ല; മലേഷ്യൻ എഞ്ചിനിയറുടെ ആത്മഹത്യാക്കുറിപ്പിൽ ഗ്യാനേഷിന്റെ പേരുണ്ട്': രമേശ് ചെന്നിത്തല

അച്യുതാനന്ദൻ സർക്കാർ കേസ് ഒതുക്കിതീർത്തു; നിയമോപദേശം പരിശോധിച്ച ശേഷമാണ് വിജിലൻസ് അന്വേഷണ ഉത്തരവെന്ന് ആഭ്യന്തര മന്ത്രി
Ramesh Chennithala
രമേശ് ചെന്നിത്തല ഫയൽ
Edited By:
Updated on: 
2 min read

തിരുവനന്തപുരം: 2006-ലെ കെഎസ്ടിപി എംസി റോഡ് നിർമ്മാണത്തിലെ അഴിമതിയിലും മലേഷ്യൻ പ്രൊജക്ട് എൻജിനീയറുടെ ആത്മഹത്യയിലും പ്രഖ്യാപിച്ച വിജിലൻസ് അന്വേഷണത്തിൽ മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന് സിഇസി പദവിയുടെ യാതൊരുവിധ നിയമപരിരക്ഷയും ലഭിക്കില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. 2006-ൽ സംസ്ഥാനത്ത് പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിയായി ഗ്യാനേഷ് കുമാർ സേവനമനുഷ്ഠിച്ചിരുന്ന കാലയളവിലെ അഴിമതി ആരോപണങ്ങളിലാണ് ഇപ്പോഴത്തെ അന്വേഷണമെന്നും, അതിനാൽ നിലവിലെ ഭരണഘടനാ പദവി അന്വേഷണത്തിന് തടസ്സമാകില്ലെന്ന് നിയമോപദേശം ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കെഎസ്ടിപി അഴിമതിക്കേസ് അന്വേഷിക്കാൻ വിജിലൻസിന് നിർദ്ദേശം നൽകിയതിന് പിന്നാലെ മാധ്യമങ്ങളോട് വിശദീകരിക്കുകയായിരുന്നു ആഭ്യന്തര മന്ത്രി.

Ramesh Chennithala
'ഗ്യാനേഷ് കുമാർ പ്രവർത്തിക്കുന്നത് ബിജെപിക്ക് വേണ്ടി മാത്രം; എല്ലാ ക്രമക്കേടുകളും അന്വേഷിക്കണം': എം വി ഗോവിന്ദൻ

2006-ൽ ലോകബാങ്ക് ധനസഹായത്തോടെ അങ്കമാലി മുതൽ തിരുവനന്തപുരം വരെയുള്ള എംസി റോഡ് നവീകരണത്തിനായി കെഎസ്ടിപി നടപ്പാക്കിയ 215 കോടി രൂപയുടെ പദ്ധതിയുമായി ബന്ധപ്പെട്ടാണ് അന്വേഷണം നടക്കുന്നത്. പദ്ധതിയുടെ നിർമ്മാണ കരാർ ഏറ്റെടുത്ത മലേഷ്യൻ കമ്പനിയായ പതിബെൽ കൺസോർഷ്യത്തിന്റെ പ്രൊജക്ട് എൻജിനീയർ ലീ സീ ബീൻ നിർമ്മാണവേളയിൽ ഉയർന്ന അഴിമതികളെക്കുറിച്ച് പരാതി ഉന്നയിച്ച ശേഷം മലേഷ്യയിലേക്ക് മടങ്ങുകയും അവിടെവെച്ച് ജീവനൊടുക്കുകയുമായിരുന്നു. മലേഷ്യയിൽ വെച്ച് എൻജിനീയർ എഴുതിയ രണ്ട് ആത്മഹത്യാക്കുറിപ്പുകൾ കണ്ടെത്തിയിരുന്നുവെന്നും അതിലൊന്നിൽ ഗ്യാനേഷ് കുമാറിന്റെ പേര് വ്യക്തമായി പരാമർശിച്ചിട്ടുണ്ടെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.

Ramesh Chennithala
'ഇന്ത്യൻ ജനാധിപത്യത്തിന് വധശിക്ഷ വിധിച്ച ഗ്യാനേഷ് കുമാറിന് സ്ഥാനത്ത് തുടരാൻ അർഹതയില്ല': മുഖ്യമന്ത്രി

"നിർമ്മാണ ബില്ലുകൾ മാറി നൽകുന്നതിന് പണം ആവശ്യപ്പെട്ടതും അഴിമതിയുടെ ഭാഗമായി പണം നൽകുന്നത് മനഃപൂർവ്വം വൈകിപ്പിച്ചതുമാണ് എൻജിനീയറെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് ഉയർന്ന പരാതികൾ. ഈ ആത്മഹത്യാക്കുറിപ്പുകൾ ഞാൻ നേരിട്ട് കണ്ടിട്ടില്ലെങ്കിലും മാധ്യമങ്ങളിലൂടെ റിപ്പോർട്ട് ചെയ്യപ്പെട്ടതാണ്. അന്ന് ഈ സംഭവത്തിന് പിന്നാലെ വിജിലൻസ് പ്രാഥമിക പരിശോധന നടത്തിയിരുന്നുവെങ്കിലും 2006-ൽ വി.എസ്. അച്യുതാനന്ദൻ സർക്കാർ അധികാരത്തിൽ വന്നതോടെ ഈ കേസ് അട്ടിമറിക്കപ്പെടുകയും അന്വേഷണം വഴിമുട്ടുകയുമായിരുന്നു. കേസ് പൂർണ്ണമായും ഒതുക്കിത്തീർക്കുകയായിരുന്നു അന്ന് ചെയ്തത്," ചെന്നിത്തല ആരോപിച്ചു.

Ramesh Chennithala
ഗ്യാനേഷ് കുമാര്‍ രാജിവെക്കണം, അല്ലെങ്കില്‍ ഇംപീച്ച് ചെയ്യണമെന്ന് സിപിഎം

കെപിസിസി നേതാവ് മലയിൻകീഴ് വേണുഗോപാൽ ശനിയാഴ്ച നൽകിയ പരാതി വിശദമായി പരിശോധിച്ച ശേഷമാണ് വിഷയത്തിൽ പ്രഥമദൃഷ്ട്യാ കഴമ്പുണ്ടെന്ന് ബോധ്യപ്പെട്ടത്. മുഖ്യമന്ത്രി വി.ഡി. സതീശനുമായി കൂടിയാലോചിച്ച ശേഷമാണ് സമഗ്ര അന്വേഷണം നടത്താൻ വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാമിന് കർശന നിർദ്ദേശം നൽകിയതെന്നും മന്ത്രി പറഞ്ഞു. ബാഹ്യസ്വാധീനങ്ങൾക്ക് വഴങ്ങി മുൻപ് മുങ്ങിപ്പോയ ഒരു ഗുരുതര അഴിമതിക്കേസ് വീണ്ടും അന്വേഷിക്കുക എന്നത് ആഭ്യന്തര മന്ത്രിയെന്ന നിലയിൽ തന്റെ ഉത്തരവാദിത്തമാണ്. നിയമത്തിന്റെ വഴിയിലൂടെ നീതി ഉറപ്പാക്കാനാണ് നിർദ്ദേശിച്ചിട്ടുള്ളതെന്നും വിജിലൻസ് മാനുവൽ അനുസരിച്ച് പ്രാഥമിക അന്വേഷണം പൂർത്തിയാക്കി തുടർനടപടികളിലേക്ക് വിജിലൻസ് കടക്കുമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.

Summary

Asserting that Chief Election Commissioner Gyanesh Kumar cannot invoke constitutional immunity to shield himself from scrutiny, Keralam Home Minister Ramesh Chennithala affirmed that the newly ordered Vigilance probe covers Kumar's tenure as the state's PWD Secretary in 2006

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com