തിരുവനന്തപുരം: വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു എന്ന വനിതാ ഡോക്ടറുടെ പരാതിയെത്തുടർന്ന് മലയിൻകീഴ് പൊലീസ് സ്റ്റേഷൻ എസ്എച്ച്ഒക്കെതിരെ നടപടി. ആരോപണ വിധേയനായ സർക്കിൾ ഇൻസ്പെക്ടർ എ വി സൈജുവിനെ സ്ഥലംമാറ്റി. സ്റ്റേഷൻ ചുമതലയിൽ നിന്നും നീക്കിയ സൈജുവിനെ പൊലീസ് ആസ്ഥാനത്തേക്കാണ് മാറ്റിയിരിക്കുന്നത്.
ഡോക്ടറുടെ പരാതിയെ തുടർന്ന് സൈജുവിനെതിരെ പൊലീസ് കേസെടുത്തിരുന്നു. കേസിൽ പ്രതിയായ സൈജു നിലവിൽ അവധിയിലാണ്. പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ തിരുവനന്തപുരം റൂറൽ ജില്ലാ പ്രസിഡണ്ട് കൂടിയാണ് സൈജു.
ഭർത്താവിനൊപ്പം വിദേശത്തു കഴിയുകയായിരുന്ന വനിതാ ഡോക്ടർ തന്റെ പേരിലുള്ള കടകള്‍ മറ്റൊരാൾക്ക് വാടകയ്ക്കു നൽകിയിരുന്നു. വാടകക്കാരുമായുള്ള തർക്കം പരിഹരിക്കാൻ മലയിൻകീഴ് സ്റ്റേഷനിലെത്തിയപ്പോഴാണ് എസ്ഐയായിരുന്ന സൈജുവിനെ പരിചയപ്പെടുന്നത്.
2019ൽ ഒരു ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമിക്കുമ്പോള്‍ വീട്ടിലെത്തിയ സൈജു പീഡിപ്പിച്ചുവെന്നാണ് പരാതി. പീഡന വിവരം പുറത്തു പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. പിന്നീട് പലപ്പോഴും വീട്ടിലെത്തി പീഡിപ്പിച്ചു. നിരവധി തവണ പണം കടംവാങ്ങി. സൈജുമായുള്ള ബന്ധമറിഞ്ഞതോടെ വിവാഹ ബന്ധം വേർപെട്ടതായും യുവതി പരാതിയിൽ വ്യക്തമാക്കി.
ഭാര്യയുമായി വേർപിരിഞ്ഞുവെന്നും വിവാഹം കഴിക്കുമെന്നും പറഞ്ഞ് കബളിപ്പിച്ചുവെന്നും യുവതി മൊഴി നൽകിയിട്ടുണ്ട്. റൂറൽ എസ്പിക്ക് ആദ്യം പരാതി നൽകിയെങ്കിലും സ്വീകരിച്ചില്ല. ഇക്കാര്യം വാർത്തയായതോടെയാണ് ശനിയാഴ്ച രാത്രി പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തി മലയിൻകീഴ് പൊലീസ് കേസെടുത്തത്. അന്വേഷണം നെടുമങ്ങാട് ഡിവൈഎസ്പിക്ക് കൈമാറിയിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates