കൊച്ചി: കഞ്ചാവ് കേസിൽ റാപ്പർ വേടനെതിരെ കുറ്റപത്രം സമർപ്പിച്ച് ഹിൽ പാലസ് പൊലീസ്. തൃപ്പൂണിത്തുറ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. വേടൻ കഞ്ചാവ് ഉപയോഗിച്ചതായി കുറ്റപത്രത്തിൽ പറയുന്നു.
ഏപ്രിൽ 28നാണ് വേടൻ താമസിച്ചിരുന്ന ഫ്ലാറ്റിൽ നിന്നു തൃപ്പൂണിത്തുറ ഹിൽ പാലസ് പൊലീസ് കഞ്ചാവ് പിടികൂടിയത്. വേടനടക്കം 9 പ്രതികളാണ് കേസിലുള്ളത്. 5 മാസങ്ങൾക്കു ശേഷമാണ് കുറ്റപത്രം സമർപ്പിക്കുന്നത്. വേടനൊപ്പം റാപ് സംഘത്തിലെ അംഗങ്ങളായ ആറൻമുള സ്വദേശി വിനായക് മോഹൻ, തിരുവനന്തപുരം കൈമനം സ്വദേശി വൈഷ്ണവ് ജി പിള്ളി, സഹോദരൻ വിഘ്നേഷ് ജി പിള്ളി, പെരിന്തൽമണ്ണ സ്വദേശി ജാഫർ, തൃശൂർ പറളിക്കാട് സ്വദേശി കശ്യപ് ഭാസ്കർ, നോർത്ത് പറവൂർ സ്വദേശി വിഷ്ണു കെവി, കോട്ടയം മീനടം സ്വദേശി വിമൽ സി റോയ്, മാള സ്വദേശി ഹേമന്ത് വിഎസ് എന്നിവരാണ് കേസിലെ പ്രതികൾ.
ഫ്ലാറ്റിൽ നിന്നു 6 ഗ്രാം കഞ്ചാവും 9.5 ലക്ഷം രൂപയും പൊലീസ് പിടിച്ചെടുത്തിരുന്നു. മൊബൈൽ ഫോണുകളും പിടിച്ചെടുത്തു. കഞ്ചാവ് പൊടിക്കാനുള്ള ക്രഷർ, ചുരുട്ടാനുള്ള പേപ്പറും ത്രാസും അടക്കമാണ് വേടനെ പൊലീസ് ഫ്ലാറ്റിൽ നിന്നു പിടികൂടിയത്.
തീൻ മേശയ്ക്കു ചുറ്റുമിരുന്നു കഞ്ചാവ് വലിക്കുന്നതിനിടെയാണ് വേടനും സംഘവും പിടിയിലായത് എന്നാണ് എഫ്ഐആറിൽ പറയുന്നത്. വേടന്റെ ഫ്ലാറ്റിലെ ഹാൾ നിറയെ പുകയും രൂക്ഷ ഗന്ധവുമായിരുന്നു. ബീഡിയിൽ നിറച്ചും കഞ്ചാവ് വലിച്ചു. ഇവർ കഞ്ചാവ് വാങ്ങിയത് ചാലക്കുടിയിലെ ആഷിഖ് എന്നയാളിൽ നിന്നാണെന്നും എഫ്ഐആറിലുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
