Rapper Vedan Image
ക്ഷേത്ര ദര്‍ശനവുമായി റാപ്പര്‍ വേടന്‍Facebook

വിവാദങ്ങള്‍ക്കിടെ ക്ഷേത്ര ദര്‍ശനവുമായി വേടന്‍; 'ആര്‍എസ്എസിനുള്ള മറുപടി'യെന്ന് സോഷ്യല്‍ മീഡിയ

തൃശൂരിലെ വിഷ്ണുമായ ക്ഷേത്രത്തിലാണ് വേടന്‍ ദര്‍ശനം നടത്തിയത്
Published on

കൊച്ചി: ആര്‍എസ്എസ് നേതാവിന്റെ വിദ്വേഷ പ്രസംഗത്തില്‍ നവ മാധ്യമങ്ങളില്‍ ഉള്‍പ്പെടെ പിന്തുണയര്‍പ്പിക്കുന്നതിനിടെ ക്ഷേത്ര ദര്‍ശനവുമായി റാപ്പര്‍ വേടന്‍. തൃശൂരിലെ വിഷ്ണുമായ ക്ഷേത്രത്തിലാണ് വേടന്‍ ദര്‍ശനം നടത്തിയത്. ഇതിന്റെ ദൃശ്യങ്ങളും സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കപ്പെട്ടിട്ടുണ്ട്. അമ്പലങ്ങളില്‍ ഇനിയും അവസരം ലഭിക്കുമെന്നും താന്‍ പോയി പാടുമെന്നും മാധ്യമങ്ങളോട് പ്രതികരിച്ചതിന് പിന്നാലെയാണ് ക്ഷേത്ര ദര്‍ശനം നടത്തിയ വീഡിയോ പങ്കുവച്ചത്. പുലിപ്പല്ല് കേസ് ജാമ്യവ്യവസ്ഥയുടെ ഭാഗമായി കോടനാട് വനം വകുപ്പ് റേഞ്ച് ഓഫീസില്‍ എത്തിയപ്പോഴാണ് വേടന്റെ പ്രതികരണം.

വിഷ്ണുമായ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ വീഡിയോയ്ക്ക് കീഴില്‍ നിരവധി പേരാണ് പിന്തുണയര്‍പ്പിച്ച് രംഗത്തെത്തിയിരിക്കുന്നത്. ക്ഷേത്ര ദര്‍ശനം ആര്‍എസ്എസിനുള്ള മറുപടിയാണെന്നാണ് കമന്റുകളില്‍ ഭൂരിഭാഗം പേരും ചൂണ്ടിക്കാട്ടുന്നത്. ഒരുപാട് സന്തോഷം നല്‍കുന്ന വീഡിയോ എന്നും ഫേസ്ബുക്ക് പോസ്റ്റുകള്‍ ചൂണ്ടിക്കാട്ടുന്നു.

അതിനിടെ, സര്‍വ ജീവികള്‍ക്കും സമത്വം കല്‍പിക്കുന്ന അംബേദ്കര്‍ പൊളിറ്റിക്‌സിലാണ് ഞാന്‍ വിശ്വസിക്കുന്നത് എന്ന് വേടന്‍ പ്രതികരിച്ചിരുന്നു. ആര്‍എസ്എസ് നേതാവും കേസരിയുടെ മുഖ്യ പത്രാധിപരുമായ എന്‍ ആര്‍ മധുവിന്റെ മതവിദ്വേഷ പരാമര്‍ശത്തിനുള്ള മറുപടിയായിട്ടായിരുന്നു കൊച്ചിയില്‍ നടത്തിയ പ്രതികരണം. 'താനെടുക്കുന്ന പണി പലരെയും വ്യക്തിപരമായി ബാധിച്ചിട്ടുണ്ട്. പുള്ളിക്കാരന് അഭിപ്രായം പറയാമല്ലോ. ഇത് പുതിയ കാര്യമല്ല. ഞാന്‍ വിഘടനവാദിയാണെന്ന് മുമ്പും പലരും പറഞ്ഞിട്ടുണ്ട്. എന്തുകൊണ്ടാണ് അങ്ങനെ പറയുന്നതെന്ന് അറിയില്ല. ജാതി ഭീകരത എന്നൊക്കെ പറയുന്നത് കോമഡിയല്ലേ. സര്‍വ ജീവികള്‍ക്കും സമത്വം കല്‍പിക്കുന്ന അംബേദ്കര്‍ പൊളിറ്റിക്‌സിലാണ് ഞാന്‍ വിശ്വസിക്കുന്നത്. ബാക്കിയെല്ലാം ആളുകള്‍ തീരുമാനിക്കട്ടെ'- എന്നായിരുന്നു വേടന്റെ വാക്കുകള്‍.

എന്‍ ആര്‍ മധു നടത്തിയത് മതവിദ്വേഷം വളര്‍ത്തുന്ന പരാമര്‍ശങ്ങളാണെന്ന് ആരോപിച്ച് ഡിവൈഎഫ്ഐ കൊല്ലം ജില്ലാ കമ്മിറ്റി പൊലീസില്‍ പരാതി നല്‍കി. കിഴക്കേ കല്ലട പുതിയിടത്ത് ശ്രീപാര്‍വതി ദേവീക്ഷേത്രത്തില്‍ നടന്ന യോഗത്തിലായിരുന്നു വിവാദ പ്രസംഗം. മതസൗഹാര്‍ദത്തിന് പേരുകേട്ട കല്ലടയില്‍ മതസൗഹാര്‍ദം തകര്‍ക്കുന്ന രീതിയിലുള്ള പ്രഭാഷണമാണ് മധു നടത്തിയത് എന്നാണ് പരാതി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com