

തിരുവനന്തപുരം: കൂത്തുപറമ്പ് വെടിവെപ്പിന് നേതൃത്വം നല്‍കിയ ഐപിഎസ് ഉദ്യോഗസ്ഥനായ റവാഡ ചന്ദ്രശേഖര്‍ ഇടതുപക്ഷസര്‍ക്കാരിന് കീഴില്‍ സംസ്ഥാന പൊലീസ് മേധാവിയായി നിയമിതനായി. കൂത്തുപറമ്പ് വെടിവെപ്പ് കേസില്‍ പ്രതിയായിരുന്ന റവാഡ ചന്ദ്രശേഖറിനെ സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്തേക്ക് നിയമിക്കാന്‍ ഇടതുപാര്‍ട്ടികള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചേക്കുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ റവാഡയുടെ നിയമനത്തില്‍ സിപിഎം അടക്കം അനുകൂലമായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.
കേരള ചരിത്രത്തിലെയും സിപിഎമ്മിന്റെ ചരിത്രത്തിലെയും മറക്കാനാവാത്ത സംഭവമാണ് 1994 നവംബര്‍ 25ലെ കൂത്തുപറമ്പ് വെടിവയ്പ്. സഹകരണ മന്ത്രിയായിരുന്ന എം വി രാഘവനെതിരെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കരിങ്കൊടിയുമായി പ്രതിഷേധിച്ചു. വഴി തടഞ്ഞ ഡിവൈഎഫ്‌ഐക്കാരെ പിരിച്ചുവിടുന്നതിന് വെടിവയ്ക്കാന്‍ അന്ന് കണ്ണൂര്‍ എ എസ്പിയായിരുന്ന റവാഡ എ ചന്ദ്രശേഖര്‍ ഐപിഎസ് ഉത്തരവിട്ടു. ചാര്‍ജെടുത്തതിന്റെ പിറ്റേന്നാണ് സംഭവം.
പൊലീസ് വെടിവയ്പില്‍ അഞ്ചു ഡിവൈഎഫ്‌ഐക്കാര്‍ കൊല്ലപ്പെട്ടു. പുഷ്പനുള്‍പ്പടെ ആറു പേര്‍ക്ക് പരുക്കേറ്റു. പിന്‍കഴുത്തില്‍ വെടിയേറ്റ് സുഷുമ്‌ന നാഡി തകര്‍ന്ന് കഴുത്തിന് താഴേക്ക് ചലന ശേഷി നഷ്ടപ്പെട്ട പുഷ്പന്‍ കഴിഞ്ഞ സെപ്റ്റംബറിലാണ് മരിച്ചത്. കൂത്തുപറമ്പ് വെടിവെയ്പ് വിവാദമായതോടെ റവാഡ ചന്ദ്രശേഖറിന് സസ്‌പെന്‍ഷനും ലഭിച്ചു. കൂത്തുപറമ്പ് വെടിവെയ്പ് അന്വേഷിച്ച പത്മനാഭന്‍ നായര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മുന്‍മന്ത്രി എം വി രാഘവനും പൊലീസ് ഉദ്യോഗസ്ഥരും അടക്കം നിരവധി പേര്‍ക്കെതിരെ, പിന്നീട് അധികാരത്തില്‍ വന്ന ഇ കെ നായനാര്‍ സര്‍ക്കാര്‍ കേസെടുത്തിരുന്നു. അക്കൂട്ടത്തില്‍ റവാഡ ചന്ദ്രശേഖറും പ്രതിയായിരുന്നു.
കൂത്തുപറമ്പ് വെടിവെയ്പ് സംബന്ധിച്ച് അന്ന് റവാഡ ചന്ദ്രശേഖര്‍ കോടതിയില്‍ നല്‍കിയ മൊഴി സിപിഎമ്മിനെ ചൊടിപ്പിച്ചിരുന്നു. എന്നാല്‍ 2012 ല്‍ ഔദ്യോഗിക കൃത്യനിര്‍വഹണത്തിലായിരുന്ന പൊലീസുകാര്‍ക്ക് കൊല നടത്താനുള്ള വ്യക്തിവൈരാഗ്യമില്ലായിരുന്നുവെന്ന് നിരീക്ഷിച്ച് ഹൈക്കോടതി റവാഡ ചന്ദ്രശേഖര്‍ ഉള്‍പ്പടെയുള്ള പ്രതികളെ കുറ്റവിമുക്തരാക്കി. പ്രതികള്‍ വെടിവയ്ക്കാന്‍ ഉത്തരവിട്ടെന്ന പരാതിക്ക് തെളിവില്ലെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു. സംഭവത്തിന് രണ്ടു ദിവസം മുമ്പ് ചുമതലയേറ്റ, പരിചയം കുറഞ്ഞ ജൂനിയര്‍ ഐപിഎസ് ഉദ്യോഗസ്ഥനാണ് എഎസ്പിയായിരുന്ന റവാഡ ചന്ദ്രശേഖറെന്ന് അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരുന്നു.
തുടര്‍ന്ന് സര്‍വീസില്‍ തിരികെ കയറിയ റവാഡ ചന്ദ്രശേഖര്‍ പത്തനംതിട്ട എഎസ്പി, പാലക്കാട് ക്രൈം ബ്രാഞ്ച് എസ്പി, തിരുവനന്തപുരം പൊലീസ് കമ്മിഷണര്‍ തുടങ്ങിയ പദവികളും വഹിച്ചിട്ടുണ്ട്. ഇടക്ക് യുഎന്‍ ഡെപ്യൂട്ടഷനില്‍ പോയി. മടങ്ങിയെത്തി ശേഷം സ്റ്റേറ്റ് ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയില്‍ ഐജിയായി. തുടര്‍ന്ന് അദ്ദേഹം കേന്ദ്ര ഡെപ്യൂട്ടേഷനിലേക്ക് പോകുകയായിരുന്നു. ഇന്റലിജന്‍സ് ബ്യൂറോയില്‍ ( ഐബി ) മുംബൈയില്‍ അഡീഷനല്‍ ഡയറക്ടറായി തുടങ്ങിയ റവാഡ പ്രവര്‍ത്തന മികവും കാര്യക്ഷമതയും കൊണ്ട് സ്‌പെഷല്‍ ഡയറക്ടറായി ഉയര്‍ന്നു. 1991 ബാച്ച് കേരള കേഡര്‍ ഐപിഎസ് ഓഫിസറായ റവാഡ ചന്ദ്രശേഖറിനെ അടുത്തിടെ കാബിനറ്റ് സെക്രട്ടറിയേറ്റിലെ സുരക്ഷാ വിഭാഗം സെക്രട്ടറിയായും നിയമിച്ചിരുന്നു.
ആന്ധ്രപ്രദേശിലെ വെസ്റ്റ് ഗോദാവരി ജില്ലയിലെ കര്‍ഷക കുടുംബത്തിലാണ് റവാഡ ചന്ദ്രശേഖറിന്റെ ജനനം. മകന്‍ സിവില്‍ സര്‍വീസുകാരന്‍ ആകണമെന്നായിരുന്നു അച്ഛന്‍ റവാഡ വെങ്കിട്ടറാവുവിന്റെ ആഗ്രഹം. എന്നാല്‍ ചന്ദ്രശേഖറിനാകട്ടെ ഡോക്ടറാകാനായിരുന്നു താല്‍പ്പര്യം. എംബിബിഎസ് ലഭിക്കാതിരുന്നതോടെ അഗ്രിക്കള്‍ച്ചറില്‍ ചന്ദ്രശേഖര്‍ ബിരുദാനന്തര ബിരുദം കരസ്ഥമാക്കി. തുടര്‍ന്നാണ് സിവില്‍ സര്‍വീസ് പാസ്സായി പൊലീസ് സേനയില്‍ പ്രവേശിക്കുന്നത്. 1991 ബാച്ച് ഐപിഎസുകാരനായ റവാഡ ചന്ദ്രശേഖര്‍ കണ്ണൂരിൽ എഎസ്പിയായി ജോലിയില്‍ പ്രവേശിച്ചു. തുടക്കം കയ്പു നിറഞ്ഞതായിരുന്നെങ്കിലും, ആത്മവിശ്വാസം കൈവിടാതിരുന്ന റവാഡ ചന്ദ്രശേഖര്‍ പിന്നീട് പ്രവര്‍ത്തന മികവുകൊണ്ട് ഉന്നത പദവികള്‍ കീഴടക്കുകയായിരുന്നു. 2026 വരെയാണ് റവാഡയ്ക്ക് സര്‍വീസ് കാലാവധിയുള്ളത്. എന്നാല്‍ സംസ്ഥാന പൊലീസ് മേധാവി ആകുന്നതോടെ ഒരു വര്‍ഷം കൂടി അധിക സര്‍വീസ് ലഭിക്കും.
Ravada Chandrasekhar, the IPS officer who led the Koothuparambu firing, has been appointed as the state police chief under the Left government.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
