

തിരുവനന്തപുരം: ഡോ. രവിപിള്ള അക്കാദമിക് എക്‌സലന്‍സ് സ്‌കോളര്‍ഷിപ്പ് വിതരണം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. 1500 വിദ്യാര്‍ത്ഥികള്‍ക്ക് പത്തുകോടി രൂപയുടെ സ്‌കോളര്‍ഷിപ്പ് ആണ് ഈ വര്‍ഷം ഏര്‍പ്പെടുത്തിയത്. കേരളത്തിന്റെ വ്യവസായ മേഖലയില്‍ നിര്‍ണായക സ്ഥാനമാണ് രവി പിള്ളയ്‌ക്കെന്നും നാടിനോടുള്ള അദ്ദേഹത്തിന്റെ കരുതല്‍ ആണ് ഈ സ്‌കോളര്‍ഷിപ്പ് പ്രോഗ്രാമെന്നും മുഖ്യമന്ത്രി പറഞ്ഞു.
'ഏറ്റവും പ്രത്യേകതയാര്‍ന്ന സ്‌കോളര്‍ഷിപ്പ് പരിപാടിയാണിത്. അടുത്ത 50 വര്‍ഷത്തേക്ക് ഇതിനുവേണ്ടി 525 കോടി രൂപ നീക്കിവെച്ചു എന്നാണ് മനസിലാക്കുന്നത്. നാടിന്റെ ഭാവിമുന്നില്‍ കണ്ടുള്ള നിരവധി ഇടപെടലുകള്‍ ഇതിനു മുന്‍പ് തന്നെ രവി പിള്ളയുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുണ്ട്. അതില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ഈ സ്‌കോളര്‍ഷിപ്പ് പദ്ധതി. ഇത് നാടിനു വലിയ മുതല്‍ക്കൂട്ടാകും എന്ന കാര്യത്തില്‍ സംശയമില്ല. വിദ്യാര്‍ത്ഥികള്‍ ഇത് ഏറ്റവും മികച്ച രീതിയില്‍ ഉപയോഗപ്പെടുത്തണം. എല്ലാവിധ സൗകര്യവും ഉള്ള ഒരു മേഖലയാണ് ഇപ്പോള്‍ നമ്മുടെ വിദ്യാഭ്യാസ മേഖല. ഏത് പാവപ്പെട്ട കുടുംബത്തിലെ കുട്ടിക്കും താന്‍ ആഗ്രഹിക്കുന്നത് വരെ പഠിക്കുവാനുള്ള സൗകര്യം നമ്മുടെ കേരളത്തിലുണ്ട്'- മുഖ്യമന്ത്രി പറഞ്ഞു.
പഠനത്തില്‍ മികച്ച നിലവാരം പുലര്‍ത്തുന്ന, സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികളെ പ്രോത്സാഹിപ്പിക്കുന്നതിനായി ആരംഭിച്ച പദ്ധതിയുടെ ആദ്യ ബാച്ചിലെ 1,500 കുട്ടികള്‍ക്കാണ് സ്‌കോളര്‍ഷിപ്പ് ലഭിച്ചത്. കുട്ടികളുടെ ഭാവിക്കായി ദീര്‍ഘകാലടിസ്ഥാനത്തില്‍ ഒരു പദ്ധതി നടപ്പാക്കണം എന്ന ആഗ്രഹത്തിന്റെ സാഫല്യമാണ് ഈ പദ്ധതിയെന്ന് നോര്‍ക്ക ഗ്രൂപ്പ് ഡയറക്ടറും ആര്‍ പി ഗ്രൂപ്പ് ഉടമയുമായ ഡോ. ബി രവി പിള്ള പറഞ്ഞു.
50 വര്‍ഷം കൊണ്ട് 75,000 സമര്‍ഥരായ വിദ്യാര്‍ഥികള്‍ക്കാണ് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കുക. ഇത്തവണ 10,939 അപേക്ഷകളില്‍ നിന്നാണ് നോര്‍ക്ക റൂട്‌സിന്റെ അപ്രൂവല്‍ കമ്മിറ്റി 1500 പേരെ തെരഞ്ഞെടുത്തത്. ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ 1100 പേര്‍ക്ക് അരലക്ഷം രൂപ വീതവും ബിരുദ പഠനത്തിന് 200 പേര്‍ക്ക് ഒരു ലക്ഷം രൂപ വീതവുമാണ് ലഭിക്കുക. ബിരുദാനന്തര ബിരുദം പഠിക്കുന്ന 200 പേര്‍ക്ക് ഒന്നേകാല്‍ ലക്ഷം രൂപ വീതവും ലഭിക്കും. കുടുംബത്തിന്റെ വാര്‍ഷിക വരുമാനം രണ്ടരലക്ഷം രൂപയില്‍ താഴെയുള്ളവരും പഠനത്തില്‍ സമര്‍ഥരുമായവര്‍ക്കാണ് അപേക്ഷിക്കാനാകുക. അടുത്ത വര്‍ഷത്തേക്കുള്ള സ്‌കോളര്‍ഷിപ്പുകള്‍ സെപ്റ്റംബര്‍ മാസം മുതല്‍ നല്‍കാനാകുമെന്നും രവി പിള്ള പറഞ്ഞു. രമേശ് ചെന്നിത്തല, മന്ത്രിമാരായ കെ രാജന്‍, കെ എന്‍ ബാലഗോപാല്‍, തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates