തിരുവനന്തപുരം : ഡിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോര് മൂര്‍ച്ഛിച്ചു. ഇതിന്റെ ഭാഗമായുള്ള ഗ്രൂപ്പുകളുടെ വാട്‌സ് ആപ്പ് ചാറ്റ് പുറത്ത്. രമേശ് ചെന്നിത്തലയെ അനുകൂലിക്കുന്ന ആര്‍സി ബ്രിഗേഡ് എന്ന പേരിലുള്ള വാട്‌സ്ആപ്പ് സന്ദേശങ്ങളാണ് പുറത്തായത്.
ഡിസിസി പ്രസിഡന്റ് പട്ടിക പുറത്തു വന്നാല്‍ ഉടന്‍ പ്രശ്‌നമുണ്ടാക്കണമെന്ന് വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ ചര്‍ച്ച ചെയ്യുന്നു. എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിനും, പ്രതിപക്ഷ നേതാവ് വി ഡി സതീശനുമെതിരെ പ്രചാരണം കടുപ്പിക്കണം.
'ഡിസിസി പ്രസിഡന്റ് ആകാന്‍ നിന്ന നേതാക്കളുടെ ഫാന്‍സുകാരെ ഇളക്കിവിടണമെന്നും' വാട്‌സ് ആപ്പ് ചാറ്റില്‍ ആഹ്വാനം നല്‍കുന്നു. 'പറ്റുമെങ്കില്‍ ഉമ്മന്‍ചാണ്ടി സാറിന്റെ സോഷ്യല്‍ മീഡിയ കൈകാര്യം ചെയ്യുന്നവരുമായി ഒന്നു കമ്യൂണിക്കേറ്റ് ചെയ്തിട്ട് ജോയിന്റ് അറ്റാക്ക് തിരിച്ചു നല്‍കണമെന്നും' വാട്‌സ് ആപ്പ് ചര്‍ച്ചയില്‍ പറയുന്നു.
പ്രബല ഗ്രൂപ്പുകളെ പിണക്കിക്കൊണ്ട് ഡിസിസി പ്രസിഡന്റുമാരെ പ്രഖ്യാപിച്ചാല്‍ നേതൃത്വവുമായി സഹകരിക്കേണ്ടതില്ലെന്നാണ് ഗ്രൂപ്പുകളിലെ നേതാക്കള്‍ക്കിടയിലെ ധാരണ. ഡല്‍ഹി ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കിയത് വി ഡി സതീശനാണെന്നും, ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചത് കെ സി വേണുഗോപാല്‍ ആണെന്നും ഗ്രൂപ്പുകള്‍ കണക്കുകൂട്ടുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് സതീശനും വേണുഗോപാലിനും എതിരെ പ്രചാരണം കടുപ്പിക്കാന്‍ ഗ്രൂപ്പുകള്‍ തീരുമാനിച്ചത്. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഡിസിസി പ്രസിഡന്റുമാരുടെ പട്ടിക ഹൈക്കമാന്‍ഡ് പുറത്തുവിടുമെന്നാണ് സൂചന. ഹൈക്കമാന്‍ഡുമായി അന്തിമവട്ട ചര്‍ച്ചകള്‍ക്കായി വി ഡി സതീശനും കെപിസിസി പ്രസിഡന്റ് കെ സുധാകരനും ഡല്‍ഹിയിലേക്ക് പോയിട്ടുണ്ട്.
ഡിസിസി പ്രസിഡന്റ് സാധ്യതാപട്ടികയെച്ചൊല്ലി കോട്ടയം, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ പോസ്റ്റര്‍ പ്രതിഷേധം അരങ്ങേറിയിരുന്നു. കോട്ടയത്ത് ഉമ്മന്‍ചാണ്ടിക്കെതിരെയും, കൊല്ലത്ത് കൊടിക്കുന്നില്‍ സുരേഷിനും തിരുവനന്തപുരത്ത് ശശി തരൂര്‍ എംപിക്കെതിരെയുമാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates