

തിരുവനന്തപുരം: വെഞ്ഞാറമൂട്ടിൽ ഡിവൈഎഫ്ഐ പ്രവർത്തകർ വെട്ടേറ്റ് കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഭാഗത്തുള്ള യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ആക്രമിച്ച ഏഴ് ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ കേസെടുത്തു. നെടുമങ്ങാട് ജുഡീഷ്യൽ ഒന്നാം ക്ലാസ് കോടതിയാണ് കേസെടുത്തിരിക്കുന്നത്. ഇവർക്കെതിരെ വധശ്രമത്തിനും ആയുധങ്ങൾ ഉപയോഗിച്ചുവെന്ന കുറ്റം ചുമത്തിയുമാണ് കേസെടുത്തത്.
കൊലക്കേസിലെ ഒന്നാം പ്രതി സജീബിന്റെ അമ്മ റംലാബീവി, മൂന്നാം പ്രതി സനൽ സിങ് എന്നിവരാണ് പരാതിയുമായി കോടതിയെ സമീപിച്ചത്.
കൊല്ലപ്പെട്ട ഹഖ് മുഹമ്മദിനും മിഥാലാജിനും ഒപ്പമുണ്ടായിരുന്നവരാണ് ഇപ്പോഴത്തെ കേസിലെ പ്രതികൾ.
ഡിവൈഎഫ്ഐ പ്രവർത്തകരായ മാണിക്കൽ ആനക്കുഴി ഹൗസിൽ ഷെഹിൻ, ഇടത്തറ ഗാന്ധിനഗർ നിമ്മിഭവനിൽ നിഥിൻ ജോൺ, നെടുവേലി പ്ലാംതോട്ടത്തിൽ വീട്ടിൽ ഷഹീൻ, മാണിക്കൽ മണ്ണാംവിള റിജാസ് മൻസിലിൽ മുഹമ്മദ് റിയാസ്, തേമ്പാമൂട് കൊതുമല വീട്ടിൽ അജ്മൽ, വെമ്പായം മണ്ണുവിള വീട്ടിൽ ഗോകുൽ, പേരുമല ആലുവിളവീട്ടിൽ ഫൈസൽ എന്നിവർക്കെതിരേയാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ആക്രമിച്ചതിന് കേസെടുത്തിട്ടുള്ളത്. ഒന്നാം പ്രതി സജീബ് അടക്കമുള്ളവർക്ക് ആക്രമണത്തിൽ പരിക്കേറ്റിരുന്നു.
പരാതി അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ കോടതി രണ്ട് തവണ വെഞ്ഞാറമൂട് പൊലീസിന് നിർദേശം നൽകിയിരുന്നു. ഡിവൈഎഫ്ഐ പ്രവർത്തകർക്ക് അനൂലമായിട്ടായിരുന്നു പൊലീസ് നൽകിയ രണ്ട് റിപ്പോർട്ടുകളും. സ്വയരക്ഷാർത്ഥം നടത്തിയ ആക്രമണമെന്നായിരുന്നു പൊലീസിന്റെ വിശദീകരണം.
ഇതോടെ കോടതി കേസെടുത്ത് ഏഴ് പ്രതികൾക്കും ഹാജരാകാൻ നോട്ടീസ് അയച്ചു. എന്നാൽ പ്രതികൾ ഹാജരാകാത്തതോടെ കേസ് 27 ലേക്ക് മാറ്റികയായിരുന്നു. ഇരട്ടക്കൊലക്കേസ് പരിഗണിക്കുന്ന ജില്ലാ കോടതിയിലേക്ക് ഈ കേസ് കൈമാറുന്നതിനുള്ള നടപടികളും ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു ഒന്നാം പ്രതിയുടെ അമ്മ റംലാബീവിയുടെ പരാതി.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates