

കോഴിക്കോട്: പ്രശസ്ത ആര്‍ക്കിടെക്ട് ആര്‍ കെ രമേശ് (79) അന്തരിച്ചു. മാനാഞ്ചിറ സ്‌ക്വയറും തുഞ്ചന്‍ സ്മാരകവും തിരുവനന്തപുരത്തെ ഇഎംഎസ് അക്കാദമിയുമടക്കം പല പ്രധാന സ്ഥാപനങ്ങളും രൂപകല്‍പ്പന ചെയ്ത വ്യക്തിയാണ്. 'ഷെല്‍ട്ടര്‍-ഗൈഡന്‍സ് സെന്റര്‍ ഫോര്‍ കോസ്റ്റ് എഫക്റ്റീവ് സിസ്റ്റംസ് ഓഫ് കണ്‍സ്ട്രക്ഷന്‍ ഫോര്‍ അഫോര്‍ഡബിള്‍ ഹൗസിംഗ്' എന്ന സ്ഥാപനത്തിന്റെ ചെയര്‍മാനും എക്‌സിക്യൂട്ടീവ് ഡയറക്ടറുമായിരുന്നു. ഭവനരഹിതര്‍ക്ക് ചെലവ് കുറഞ്ഞ നിര്‍മ്മാണത്തിനുള്ള സൗജന്യ ഉപദേശങ്ങള്‍ നല്‍കുന്ന ചാരിറ്റബിള്‍ സൊസൈറ്റിയായ 'ഭവനം' എന്ന സംഘടനയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടറുമായിരുന്നു അദ്ദേഹം. ദരിദ്രര്‍ക്ക് താങ്ങാനാവുന്ന ഭവന നിര്‍മാണത്തിനുള്ള വികസനത്തിനും സാങ്കേതികവിദ്യ നല്‍കുന്നതിനുമായാണ് 'ഷെല്‍ട്ടര്‍' എന്ന പേരില്‍ ചാരിറ്റബിള്‍ സൊസൈറ്റി രൂപീകരിച്ചത്.
മാനാഞ്ചിറ സ്‌ക്വയര്‍, സരോവരം ഇക്കോ പാര്‍ക്ക്, കാപ്പാട് ബീച്ച് വികസനം, കോഴിക്കോട് ബീച്ച് വികസനം, കോട്ടക്കുന്ന് പാര്‍ക്ക് മലപ്പുറം, ഇരിങ്ങല്‍, ബഡഗര, തിരൂരിലെ തുഞ്ചന്‍ സ്മാരകം, ധര്‍മ്മടം ദ്വീപിന്റെ വികസനം, മുഴുപ്പിലങ്ങാട് ബീച്ചിന്റെ വികസനം, തിരുവനന്തപുരത്തെ ഇഎംഎസ് അക്കാദമി, കണ്ണൂരിലെ നായനാര്‍ അക്കാദമി, തിരുവനന്തപുരത്തെ കൈരളി ടവര്‍, സ്റ്റുഡിയോ കോംപ്ലക്‌സ്, രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്‌മെന്റ് സ്റ്റഡീസ്, കോഴിക്കോട്ടെ കെഎസ്ആര്‍ടിസി ടെര്‍മിനല്‍ ബസ് സ്റ്റേഷന്‍ കം ഷോപ്പിംഗ് കോംപ്ലക്‌സ്, മലപ്പുറത്തെ കെഎസ്ആര്‍ടിസി ബസ് ടെര്‍മിനലുകള്‍, ശിഹാബ് തങ്ങള്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രി, മഞ്ചേരിയിലെ ഫുട്‌ബോള്‍ അക്കാദമി, സ്‌പോര്‍ട്‌സ് കോംപ്ലക്‌സ്, കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയം, നിരവധി സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രികള്‍, കറുകുറ്റിയിലെ അഡ്‌ലക്‌സ് കണ്‍വെന്‍ഷന്‍ സെന്റര്‍, റബ്‌കോ പ്രോജക്ടുകള്‍, അമല്‍ ജ്യോതി എഞ്ചിനീയറിംഗ് കോളജ്, വെള്ളാപ്പള്ളി എഞ്ചിനീയറിംഗ് കോളജ്, മാഹി റിവര്‍സൈഡ് വികസനം (പുതുച്ചേരി സര്‍ക്കാര്‍), ശ്രീകണ്ഠപുരത്തെ കലാഗ്രാമം - ഗ്ലോബല്‍ ആര്‍ട്ടിസ്റ്റ്‌സ് വില്ലേജ്, കോഴിക്കോട് കോര്‍പ്പറേഷനായുള്ള പുതിയ കോര്‍പ്പറേഷന്‍ ഓഫീസുകള്‍, കൊല്ലം കോര്‍പ്പറേഷന്‍ തുടങ്ങിയ നിരവധി പദ്ധതികള്‍ പൂര്‍ത്തിയാക്കി.
2010-ല്‍ 'നിര്‍മാണ്‍ പ്രതിഭ പുരസ്‌കാരം' ലഭിച്ചു. 1989-ല്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആര്‍ക്കിടെക്റ്റിന്റെ ആദ്യത്തെ ദേശീയ വാസ്തുവിദ്യാ പുരസ്‌കാരം നേടി. തിരുവനന്തപുരം ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആര്‍ക്കിടെക്റ്റ്‌സിന്റെ 'ഏറ്റവും ചെലവ് കുറഞ്ഞ വീടുകളുടെ മികവിനുള്ള' അവാര്‍ഡ്, കേരള സര്‍ക്കാര്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന 'ഓള്‍ ഇന്ത്യ ലോ കോസ്റ്റ് ഹൗസിംഗ് മത്സരത്തില്‍' ഒന്നാം സമ്മാനം. 2004-ല്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആര്‍ക്കിടെക്റ്റ്‌സിന്റെ ദക്ഷിണ മേഖലാ സമ്മേളനത്തില്‍ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ നേടി. കേരള ലളിത കലാ അക്കാദമിയിലും കേരള സാഹിത്യ അക്കാദമിയിലും അംഗമായി കേരള സര്‍ക്കാര്‍ നാമനിര്‍ദ്ദേശം ചെയ്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates