

തിരുവനന്തപുരം: മലയാള സിനിമാ മേഖലയിലെ സമഗ്ര നയരൂപീകരണത്തിനായി സാംസ്‌കാരിക വകുപ്പ് സംഘടിപ്പിച്ച കേരള സിനിമാ പോളിസി കോണ്‍ക്ലേവില്‍ വിഖ്യാത സംവിധാനയന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ നടത്തിയ പരാമര്‍ശങ്ങളില്‍ വ്യാപക വിമര്‍ശനം. രാഷ്ട്രീയ സാഹൂഹ്യ സാംസ്‌കാരിക മേഖലയില്‍ നിന്നുള്ള നിരവധി പേര്‍ വിമര്‍ശനവുമായി രംഗത്തെത്തി. ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദുവും അടൂരിന് എതിരെ പരോക്ഷ വിമര്‍ശനവുമായി രംഗത്തെത്തി.
വിശ്വചലച്ചിത്ര വേദികളില്‍ വിഹരിച്ചിട്ടു കാര്യമില്ല, ഹൃദയ വികാസമുണ്ടാകണം, മനുഷ്യനാകണം. എന്ന ഒറ്റവരി കുറിപ്പാണ് ആര്‍ ബിന്ദു പങ്കുവച്ചിരിക്കുന്നത്. ഫെയ്‌സ്ബുക്കിലാണ് മന്ത്രിയുടെ പ്രതികരണം. അടൂരിന് എതിരെ സര്‍ക്കാരിന് ഉള്ളിലും പ്രതിഷേധം ശക്തമാണെന്ന് വ്യക്തമാക്കുന്നതാണ് മന്ത്രിയുടെ പ്രതികരണം.
അടൂരിന്റെ പരാമര്‍ശങ്ങളെ വിമര്‍ശിച്ച് സംവിധായകന്‍ ഡോ. ബിജുവും രംഗത്തെത്തി. പട്ടിക വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്ക് സിനിമ ചെയ്യാന്‍ മൂന്ന് മാസത്തെ എങ്കിലും തീവ്രമായ പരിശീലനം വേണം എന്നൊക്കെ തോന്നുന്നത് അവരെ നോക്കിക്കാണാന്‍ പ്രത്യേക തരം കണ്ണാടി ഉപയോഗിക്കുന്നത് കൊണ്ടാണെന്ന് ഡോ. ബിജു ഫെയ്‌സ് ബുക്ക് കുറിപ്പില്‍ ചൂണ്ടിക്കാട്ടി. യാതൊരു വിധ പരിശീലനവും ലഭിക്കാതെ ഇതുവരെ 15 സിനിമകള്‍ വിവിധ ഭാഷകളിലും രാജ്യങ്ങളിലും ആയി ചെയ്യുകയും മൂന്ന് ദേശീയ പുരസ്‌കാരങ്ങളും മുപ്പതിലധികം അന്തര്‍ദേശീയ പുരസ്‌കാരങ്ങളും ലഭിക്കുകയും ചെയ്ത പട്ടിക ജാതി വിഭാഗത്തില്‍പ്പെട്ട ഒരു സംവിധായകന്‍ ആണ് താനെന്നും അദ്ദേഹം പറഞ്ഞു.
പോസ്റ്റ് പൂര്‍ണരൂപം-
യാതൊരു പരിശീലനവും ഇല്ലാതെ സര്‍ഗ്ഗശേഷി മാത്രം കൈമുതലാക്കിയ അനേകം മനുഷ്യന്മാര്‍ക്ക് ഈ നാട്ടില്‍ സിനിമ ചെയ്യാമെങ്കില്‍ , അതേപോലെ തന്നെ പട്ടിക ജാതി പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍ പെട്ട ആളുകള്‍ക്കും വനിതകള്‍ക്കും ഈ നാട്ടില്‍ സിനിമ ചെയ്യാം. അത് അത്രമേല്‍ സ്വാഭാവികമായ ഒന്നാണ്. അല്ലാതെ അവര്‍ക്ക് മാത്രം സിനിമ ചെയ്യണമെങ്കില്‍ മൂന്ന് മാസത്തെ എങ്കിലും തീവ്രമായ പരിശീലനം വേണം എന്നൊക്കെ തോന്നുന്നത് അവരെ നോക്കിക്കാണാന്‍ പ്രത്യേക തരം കണ്ണാടി ഉപയോഗിക്കുന്നത് കൊണ്ടാണ്. എന്ന് യാതൊരു വിധ പരിശീലനവും ലഭിക്കാതെ ഇതുവരെ 15 സിനിമകള്‍ വിവിധ ഭാഷകളിലും രാജ്യങ്ങളിലും ആയി ചെയ്യുകയും മൂന്ന് ദേശീയ പുരസ്‌കാരങ്ങളും മുപ്പതിലധികം അന്തര്‍ദേശീയ പുരസ്‌കാരങ്ങളും ലഭിക്കുകയും ചെയ്ത പട്ടിക ജാതി വിഭാഗത്തില്‍ പെട്ട ഒരു സംവിധായകന്‍..
പട്ടിക ജാതി വിഭാഗക്കാര്‍ക്ക് സിനിമയെടുക്കാന്‍ സര്‍ക്കാര്‍ ഫണ്ട് നല്‍കുന്നതെിരെയായിരുന്നു അടൂര്‍ ഗോപാലകൃഷ്ണന്‍ സിനിമ കോണ്‍ക്ലേവില്‍ പറഞ്ഞത്. വെറുതെ പണം നല്‍കരുതെന്നും പട്ടിക ജാതിക്കാര്‍ക്ക് സിനിമയെടുക്കാന്‍ തീവ്ര പരിശീലനം നല്‍കണമെന്നും അടൂര്‍ ഗോപാല കൃഷ്ണന്‍ പറഞ്ഞു. സ്ത്രീകള്‍ക്ക് സിനിമയെടുക്കാന്‍ ഫണ്ട് നല്‍കുന്നതിനേയും അദ്ദേഹം വിമര്‍ശിച്ചിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
