

ചരിത്ര രചനയ്ക്ക് ശാസ്ത്രത്തെ ഉപയോഗപ്പെടുത്തി പുതുവഴി കണ്ടെത്തിയ ചരിത്രകാരന്‍, ചരിത്രത്തെ കെട്ടുകഥകളില്‍ നിന്ന് മോചിപ്പിക്കാന്‍ പ്രവര്‍ത്തിച്ച ഡോ. എംജിഎസ് നാരായണന്‍ ഇനി ഓര്‍മ്മ. കേരളത്തിന്റെ ചരിത്ര ഗവേഷണങ്ങള്‍ക്ക് അതുല്യമായ സംഭവനകള്‍ നല്‍കിയ എംജിഎസ് നാരായണന്‍ രാഷ്ട്രീയ സാഹചര്യങ്ങളോട് നിരന്തരം കലഹിച്ച വ്യക്തികൂടിയാണ്.
കേരളത്തിലെ ഇടതുപക്ഷത്തോടും കോണ്‍ഗ്രസിനോടും ബിജെപിയോടും പല തവണ അദ്ദേഹം കലഹിച്ചു. ഒളിവുകാലത്ത് ഇഎംഎസിന് ഒപ്പം സഞ്ചരിച്ചും നിരോധിക്കപ്പെട്ട കമ്യൂണിസ്റ്റ് പ്രസിദ്ധീകരണങ്ങള്‍ക്ക് വേണ്ടി ബി ടി രണദിവെയുടെ കാലത്തും എംജിഎസ് പ്രവര്‍ത്തിച്ചിട്ടുണ്ട്. എന്നാല്‍ പിന്നീട് മാര്‍ക്‌സിയന്‍ സോഷ്യലിസവും ജനാധിപത്യവും ഒത്തുപോകില്ലെന്ന വിലയിരുത്തലില്‍ ആയിരുന്നു എംജിഎസ് ജീവിച്ചത്.
കോണ്‍ഗ്രസ് രാജ്യം ഭരിച്ചിരുന്ന കാലത്താണ് എംജിഎസ് ചരിത്ര ഗവേഷണ കൗണ്‍സിലില്‍ (ഐസിഎച്ച്ആര്‍) ഭാഗമായത്. എന്നാല്‍ കോണ്‍ഗ്രസിലെ കുടുംബവാഴ്ചയുടെ ഏറ്റവും വലിയ വിമര്‍ശകനായി എംജിഎസ് മാറി. എംജിഎസിന്റെ ഇത്തരം നിലപാടുകള്‍ വിലയിരുത്തിയാകാം വാജ്‌പേയ് നേതൃത്വം നല്‍കിയ ബിജെപി സര്‍ക്കാര്‍ അദ്ദേഹത്തെ ഐസിഎച്ച്ആര്‍ അധ്യക്ഷ സ്ഥാനത്തേക്ക് (2001- 2003) പരിഗണിച്ചത്. എന്നാല്‍ കൗണ്‍സില്‍ തീരുമാനങ്ങളില്‍ സര്‍ക്കാര്‍ ഇടപെടലുകളില്‍ പ്രതിഷേധിച്ച് ഇറങ്ങിപ്പോന്നതും ചരിത്രം. മോദി സര്‍ക്കാരാണു വിളിച്ചതെങ്കില്‍ ആ പദവി സ്വീകരിക്കുമായിരുന്നില്ലെന്നും പിന്നീട് എംജിഎസ് തുറന്നുപറഞ്ഞിട്ടുണ്ട്. ഒന്നിന് പിറകെയും പോകാത്ത വ്യക്തിത്വം എന്ന നിലയിലായിരുന്നു എംജിഎസിന്റെ ജീവിതം. വീട്ടുകാര്‍ ഡോക്ടറാക്കണം എന്ന് ആഗ്രഹിച്ച കുട്ടി ആരോടും പറയാതെ ക്ലാസ് മാറി ചരിത്ര വഴിയിലേക്ക് സഞ്ചരിച്ചതില്‍ തുടങ്ങുന്നു എംജിഎസിന്റെ ഈ നിലപാടിലെ വ്യക്തത. അഭിപ്രായങ്ങള്‍ ധീരമായി തുറന്നു പറഞ്ഞായിരുന്നു എംജിഎസ് എക്കാലവും മുന്നോട്ട് പോയത്.
1932 ഓഗസ്റ്റ് 20-ന് പൊന്നാനിയില്‍ ജനിച്ച മുട്ടയില്‍ ഗോവിന്ദമേനോന്‍ ശങ്കര നാരായണന്‍ എന്ന എംജിഎസ് പരപ്പനങ്ങാടി, പൊന്നാനി, കോഴിക്കോട്, തൃശൂര്‍, മദ്രാസ് എന്നിവിടങ്ങളില്‍ നിന്നാണ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. മദ്രാസ് ക്രിസ്ത്യന്‍ കോളേജില്‍ നിന്ന് ചരിത്രത്തില്‍ ബിരുദാനന്തര ബിരുദം നേടി. ഒന്നാം റാങ്കോട് കൂടിയായിരുന്നു പഠനം പൂര്‍ത്തിയാക്കിയത്. കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളേജില്‍ അധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ച അദ്ദേഹം യുജിസി റിസര്‍ച്ച് ഫെലോഷിപ്പോടു കൂടി 1973-ല്‍ കേരള സര്‍വകലാശാലയില്‍ നിന്ന് പിഎച്ച്ഡി കരസ്ഥമാക്കി.
കാലിക്കറ്റ് സര്‍വകലാശാലയുടെ തുടക്കം മുതല്‍ ചരിത്ര വകുപ്പില്‍ ലക്ചറര്‍, റീഡര്‍, പ്രൊഫസര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. സോഷ്യല്‍ സയന്‍സസ് ആന്‍ഡ് ഹ്യുമാനിറ്റീസ് ഫാക്കല്‍റ്റിയുടെ ഡീനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 1970 മുതല്‍ 1992 ല്‍ വിരമിക്കുന്നതുവരെ കാലിക്കറ്റ് സര്‍വകലാശാല ചരിത്ര വിഭാഗം മേധാവിയായിരുന്നു. കാലിക്കറ്റ് സര്‍വകലാശാലയിലെ ചരിത്ര വിഭാഗത്തിന്റെ വളര്‍ച്ചയില്‍ നിര്‍ണായ പങ്കുവഹിച്ച വ്യക്തികൂടിയാണ് എംജിഎസ്.
ലണ്ടന്‍ സര്‍വകലാശാലയിലെ എസ്ഒഎഎസില്‍ കോമണ്‍വെല്‍ത്ത് അക്കാദമിക് സ്റ്റാഫ് ഫെലോ, മോസ്‌കോ, ലെനിന്‍ഗ്രാഡ് സര്‍വകലാശാലകളിലെ വിസിറ്റിംഗ് ഫെലോ, ഐസിഎച്ച്ആറിലെ ഫസ്റ്റ് മെമ്പര്‍ സെക്രട്ടറി, ന്യൂഡല്‍ഹി, യുജിസി പാനല്‍ ഇന്‍ ഹിസ്റ്ററി അംഗം, യുജിസി നാഷണല്‍ ലക്ചറര്‍, യുജിസി വിസിറ്റിംഗ് പ്രൊഫസര്‍, എംജി സര്‍വകലാശാലയിലെ സ്‌കൂള്‍ ഓഫ് സോഷ്യല്‍ സയന്‍സസ്, ടോക്കിയോ യൂണിവേഴ്‌സിറ്റി ഓഫ് ഫോറിന്‍ സ്റ്റഡീസില്‍ വിസിറ്റിംഗ് റിസര്‍ച്ച് പ്രൊഫസര്‍, മംഗലാപുരം സര്‍വകലാശാലയില്‍ വിസിറ്റിംഗ് പ്രൊഫസര്‍, ന്യൂഡല്‍ഹിയിലെ ഐസിഎച്ച്ആറില്‍ ചെയര്‍മാന്‍, കേരള സ്റ്റേറ്റ് ആര്‍ക്കൈവ്സിനായുള്ള സാങ്കേതിക ഉപദേശക സമിതിയുടെ ചെയര്‍മാന്‍ എന്നീ സ്ഥാനങ്ങളും അദ്ദേഹം വഹിച്ചിട്ടുണ്ട്.
ദക്ഷിണേന്ത്യന്‍ ചരിത്രം, കേരള ചരിത്രം എന്നീ മേഖലകളിലായിരുന്നു എംജിഎസ് ശ്രദ്ധേയനായത്. ചേര രാജാക്കന്മാരെ കുറിച്ചുള്ള ആധികാരികമായ പഠനം എംജിഎസിന്റെതാണ്. പെരുമാള്‍സ് ഓഫ് കേരള എന്ന പുസ്തകത്തിന് വഴി തുറന്നതും ഇതേ പഠനമായിരുന്നു. അന്തര്‍ദേശീയ ശ്രദ്ധ നേടിയ ഒട്ടേറെ പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുള്ള എംജിഎസ് ബ്രിട്ടനിലെയും റഷ്യയിലെയും സര്‍വകലാശാലകളില്‍ വിസിറ്റിംഗ് പ്രൊഫസറായി പ്രവര്‍ത്തിച്ചിരുന്നു. മലയാളം, ഇംഗ്ലിഷ്, തമിഴ്, സംസ്‌കൃതം ഭാഷകളിലും ബ്രാഹ്മി, വട്ടെഴുത്ത്, ഗ്രന്ഥ ലിപികളെ കുറിച്ചുള്ള എംജിഎസിന്റെ പഠനങ്ങളും ഏറെ ശ്രദ്ധേയമാണ്. കൊടുങ്ങല്ലൂരിലെ പുരാവസ്തു ഗവേഷണങ്ങളില്‍ നിരീക്ഷകനായും എംജിഎസ് പങ്കെടുത്തിട്ടുണ്ട്.
ഇന്ത്യ ചരിത്ര പരിചയം, സാഹിത്യ അപരാധങ്ങള്‍, കേരള ചരിത്രത്തിന്റെ അടിസ്ഥാന ശിലകള്‍, കോഴിക്കോടിന്റെ കഥ, സെക്ക്യുലര്‍ ജാതിയും സെക്ക്യുലര്‍ മതവും, ജനാധിപത്യവും കമ്യൂണിസവും തുടങ്ങിയ പുസ്തകങ്ങള്‍ രചിച്ചിട്ടുള്ള എംജിഎസ് പ്രധാനപ്പെട്ട ജേണലുകളിലും മാസികകളിലും പ്രസിദ്ധീകരിച്ച ചരിത്രത്തെയും സാഹിത്യത്തെയും കുറിച്ചുള്ള ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ജാലകങ്ങള്‍, ഒരു ചരിത്രാന്വേഷിയുടെ വഴികള്‍, കാഴ്ചകള്‍ എംജിഎസിന്റെ ആത്മകഥയാണ്. സെന്റ്തോമസ് കേരളത്തില്‍ വന്നിട്ടേയില്ല, പരശുരാമന്‍ മഴുവെറിഞ്ഞ് സൃഷ്ടിച്ചതല്ല കേരളം, ചേരമാന്‍ പെരുമാളിന്റെ നബി സന്ദര്‍ശം ഒരു കെട്ടുകഥയാണ്, ഗാമ കാപ്പാട് കപ്പലിറങ്ങിട്ടിയില്ല, മഹാബലി എന്നൊരു ചക്രവര്‍ത്തി കേരളം ഭരിച്ചിട്ടില്ല, ടിപ്പു സുല്‍ത്താന്‍ ാഴ്ത്തപ്പെടുന്നതുപോലെ ഒരു സ്വാതന്ത്ര്യസമരപ്പോരാളിയല്ല തുടങ്ങിയ വാദങ്ങള്‍ ഉയര്‍ത്തിയ കേരള ചരിത്രത്തിലെ പത്ത് കള്ളക്കഥകള്‍ എന്ന എംജിഎസിന്റെ പുസ്തകം ഏറെ ചര്‍ച്ചചെയ്യപ്പെട്ടിരുന്നു. ചരിത്രപണ്ഡിതനായ ഡോ. എം ഗംഗാധരന്‍ എം ജി എസിന്റെ അമ്മയുടെ സഹോദരനാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates