

തിരുവനന്തപുരം: അമേരിക്കയില്‍ ന്യൂയോര്‍ക്കിലെ മേയര്‍ തെരഞ്ഞെടുപ്പിലും താരമാവുകയാണ്, തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രന്‍. ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥി സൊഹ്റാന്‍ മംദാനിയുടെ പഴയൊരു ട്വീറ്റാണ്, ആര്യയെ അങ്ങ് ന്യൂയോര്‍ക്കില്‍ സംസാര വിഷയമാക്കിയിരിക്കുന്നത്.
നവംബറില്‍ നടക്കുന്ന മേയര്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ ന്യൂയോര്‍ക്കിലെ മേയറാകുന്ന ആദ്യ ഇന്ത്യന്‍ വംശജനും ആദ്യ മുസ്ലീം മേയറുമാകും സൊഹ്‌റാന്‍. മേയര്‍ പോരാട്ടം ചൂടുപിടിക്കുന്നതിനിടെയാണ് സൊഹ്‌റാന്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് സാമൂഹിക മാധ്യമത്തില്‍ പങ്കുവച്ച ചിത്രം വീണ്ടും വൈറലായത്. തിരുവനന്തപുരം മേയറായ ആര്യാ രാജേന്ദ്രന്റെ ഫോട്ടോയായിരുന്നു സൊഹ്റാന്‍ മംദാനി അന്ന് സോഷ്യല്‍ മീഡിയയില്‍പോസ്റ്റ് ചെയ്തിരുന്നത്.
സിപിഎം പുതുച്ചേരി കമ്മിറ്റിയുടെ പോസ്റ്റാണ് സൊഹ്‌റാന്‍ സാമൂഹിക മാധ്യമങ്ങളില്‍ ഷെയര്‍ ചെയ്തത്. ആര്യരാജേന്ദ്രന്‍ 21ാം വയസില്‍ ഏറ്റവും പ്രായംകുറഞ്ഞ മേയറായതിന് പിന്നാലെ ന്യൂയോര്‍ക്കിനും ഇതുപോലൊരു മേയര്‍ വേണ്ടെയെന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം.
പ്രൈമറിയില്‍ മുന്‍ ഗവര്‍ണര്‍ ആന്‍ഡ്രൂ ക്യൂമോയെ പരാജയപ്പെടുത്തിയാണ് മംദാനി ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ മേയര്‍ സ്ഥാനാര്‍ത്ഥിയായത്. 95 ശതമാനം വോട്ടുകളും എണ്ണി കഴിഞ്ഞപ്പോള്‍ സൊഹ്റാന്‍ മംദാനി 43 ശതമാനം വോട്ടുകള്‍ക്ക് മുന്നിലാണ്. ഡെമോക്രാറ്റിക്കുകളുടെ ശക്തികേന്ദ്രമാണ് ന്യൂയോര്‍ക്ക്.
ഇന്ത്യന്‍ വംശജനായ എഴുത്തുകാരന്‍ മഹമൂദ് മംദാനിയുടെയും പ്രസിദ്ധയായ ചലച്ചിത്ര സംവിധായിക മീരാ നായരുടെയും മകനാണ് സൊഹ്റാന്‍ മംദാനി. ഉഗാണ്ടയില്‍ ജനിച്ച സൊഹ്റാന്‍ മംദാനി, ഏഴാം വയസ്സിലാണ് ന്യൂയോര്‍ക്കിലേക്ക് എത്തുന്നത്. നിലപാടുകള്‍ കൊണ്ടും പ്രചാരണ രീതിയിലെ വ്യത്യസ്തകൊണ്ടും നേരത്തെ തന്നെ സൊഹ്റാന്‍ മംദാനി ആഗോള തലത്തില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. പലസ്തീന്‍ അനുകൂല പ്രസംഗങ്ങള്‍ ആയിരുന്നു ഇതില്‍ പ്രധാനം. ബോളിവുഡ് സിനിമകളുടെ ഭാഗങ്ങള്‍ ഉള്‍പ്പെടുത്തിയ തെരഞ്ഞെടുപ്പ് പ്രചാരണ വിഡിയോകളായിരുന്നു മറ്റൊന്ന്.
സൊഹ്റാന്‍ മംദാനിയെ അധിക്ഷേപിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് രംഗത്തെത്തിയിരുന്നു. '100% കമ്യൂണിസ്റ്റ് ഭ്രാന്തൻ' എന്ന് വിളിക്കുകയും അദ്ദേഹത്തെ പരിഹസിക്കുകയും ചെയ്തു ട്രംപ് അദ്ദേഹത്തെ അനകൂലിക്കുന്നവരെയും വിമര്‍ശിച്ചു.
'ഒടുവിൽ അത് സംഭവിച്ചു, ഡെമോക്രാറ്റുകൾ പരിധി ലംഘിച്ചു. 100% കമ്യൂണിസ്റ്റ് ഭ്രാന്തനായ സൊഹ്‌റാൻ മംദാനി ഡെമോക്രാറ്റിക് പ്രൈമറിയിൽ വിജയിച്ചു, മേയറാകാനുള്ള പാതയിലാണെന്നും മുമ്പ് നമുക്ക് റാഡിക്കൽ ഇടതുപക്ഷക്കാർ ഉണ്ടായിരുന്നു, പക്ഷേ ഇത് അൽപ്പം പരിഹാസ്യമായിക്കൊണ്ടിരിക്കുകയാണ്' എന്നും ട്രംപ് പറഞ്ഞു. മംദാനി അത്ര മിടുക്കനല്ലെന്നും, ശബ്ദം അരോചകമാണെന്നുമുള്‍പ്പടെയുള്ള അധിക്ഷേപമാണ് മംദാനിക്കെതിരെ ട്രംപ് നടത്തിയത്. ന്യൂയോർക്ക് നഗരത്തിലെ ഭാവി കമ്യൂണിസ്റ്റ് മേയർ സൊഹ്‌റാൻ മംദാനിക്കൊപ്പം, നമ്മുടെ രാജ്യം ശരിക്കും തകർന്നിരിക്കുന്നു എന്നു പറയുകയും ഡെമോക്രാറ്റിക് പാര്‍ട്ടിയെ കളിയാക്കുകയും ചെയ്തു. പലപ്പോഴും ട്രംപിന്റെ നിലപാടുകളെ വിമര്‍ശിക്കുന്നയാളാണ് സൊഹ്റാന്‍ മംദാനി.
Arya Rajendran becoming the youngest Mayor of the Corporation at the age of 21, an event which got attention far and wide. Now, five years later, an old tweet on that election by another young person in the running to be the Mayor of New York has gone viral.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
