തിരുവനന്തപുരം: സംസ്ഥാനത്ത് ഡ്രൈവിങ് ലൈസന്‍സ് പരീക്ഷ പരിഷ്‌കരണം നാളെ മുതല്‍ നടപ്പാക്കും. കാറുകളും മറ്റു ചെറിയ വാഹനങ്ങളും ഉള്‍പ്പെടുന്ന ലൈറ്റ് മോട്ടോര്‍ വാഹനങ്ങള്‍ക്കാണ് ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണം കൊണ്ടുവന്നത്. മന്ത്രി കെ ബി ഗണേഷ്‌കുമാറിന്റെ നിര്‍ദേശപ്രകാരമാണ് മാറ്റം. മന്ത്രിയുടെ നിര്‍ദേശം പാലിക്കാന്‍ ഗ്രൗണ്ടുകള്‍ സജ്ജമാകാത്തതിനാല്‍ ആദ്യഘട്ടത്തില്‍ ചെറിയ ഇളവുകള്‍ കഴിഞ്ഞദിവസം നിര്‍ദേശിച്ചിരുന്നു.
റോഡ് ടെസ്റ്റിനു ശേഷമാണ് ഇനി 'എച്ച്' ടെസ്റ്റ് നടത്തുക. പ്രതിദിന ടെസ്റ്റുകള്‍ 60 ആയി കുറച്ചു. പുതുതായി 40 പേര്‍ക്കും തോറ്റവര്‍ക്കുള്ള റീ ടെസ്റ്റില്‍ 20 പേര്‍ക്കുമാണ് അവസരം നല്‍കുക. ടാര്‍ ചെയ്‌തോ കോണ്‍ക്രീറ്റ് ചെയ്‌തോ സ്ഥലമൊരുക്കിയ ശേഷം വരകളിലൂടെ വേണം ഡ്രൈവിങ്.
ആംഗുലര്‍ പാര്‍ക്കിങ് (വശം ചെരിഞ്ഞുള്ള പാര്‍ക്കിങ്), പാരലല്‍ പാര്‍ക്കിങ്, സിഗ് സാഗ് ഡ്രൈവിങ് (എസ് വളവു പോലെ), കയറ്റത്തു നിര്‍ത്തി പിന്നോട്ടു പോകാതെ മുന്‍പോട്ട് എടുക്കുക തുടങ്ങിയവയാണ് ഉറപ്പായും വിജയിക്കേണ്ട പരീക്ഷകള്‍. 'മോട്ടോര്‍ സൈക്കിള്‍ വിത്ത് ഗിയര്‍' വിഭാഗത്തില്‍ ഇനി ഡ്രൈവിങ് ടെസ്റ്റിന് ഉപയോഗിക്കേണ്ടത് കാല്‍ കൊണ്ടു പ്രവര്‍ത്തിപ്പിക്കാവുന്ന ഗിയര്‍ സിലക്ഷന്‍ സംവിധാനമുള്ളതും 95 സിസിക്കു മുകളില്‍ എന്‍ജിന്‍ കപ്പാസിറ്റിയുള്ളതുമായ മോട്ടോര്‍ സൈക്കിള്‍ ആണ്.
ടെസ്റ്റിനായി ഉപയോഗിക്കുന്ന ഡ്രൈവിങ് സ്‌കൂളിന്റെ എല്‍എംവി വിഭാഗം വാഹനങ്ങളില്‍ ടെസ്റ്റ് റെക്കോര്‍ഡ് ചെയ്യുന്നതിനായുള്ള ഡാഷ്‌ബോര്‍ഡ് ക്യാമറയും വെഹിക്കിള്‍ ലൊക്കേഷന്‍ ട്രാക്കിങ് ഡിവൈസും ഡ്രൈവിങ് സ്‌കൂള്‍ ഉടമ വാങ്ങി ഘടിപ്പിക്കണം. ടെസ്റ്റ് റെക്കോര്‍ഡ് ചെയ്ത് മെമ്മറി കാര്‍ഡ് എംവിഐ കൊണ്ടുപോകണം. ഡേറ്റ ഓഫിസിലെ കംപ്യൂട്ടറിലേക്കു മാറ്റിയ ശേഷം മെമ്മറി കാര്‍ഡ് തിരികെ നല്‍കണം. ഡേറ്റ 3 മാസത്തേക്കു സൂക്ഷിക്കണമെന്നും പുതിയ നിര്‍ദേശത്തില്‍ പറയുന്നു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
15 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള വാഹനങ്ങള്‍ ടെസ്റ്റിന് ഉപയോഗിക്കാന്‍ പാടില്ല. ലൈറ്റ് മോട്ടര്‍ വാഹനങ്ങളുടെ ഡ്രൈവിങ് ടെസ്റ്റിനായി ഓട്ടോമാറ്റിക് ഗിയര്‍, ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഉള്ള വാഹനങ്ങളും ഇലക്ട്രിക് വാഹനങ്ങളും ഉപയോഗിക്കരുതെന്നും നിര്‍ദേശത്തില്‍ പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates