

ന്യൂഡല്‍ഹി: കോണ്‍ഗ്രസിനെ പുനരുജ്ജീവിപ്പിക്കുക ലക്ഷ്യമിട്ടുള്ള ദേശീയ നേതൃസമിതിയില്‍ കേരളത്തില്‍ നിന്ന് മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തലയും. ചിന്തന്‍ ശിബിരത്തിന്റെ ഭാഗമായി രൂപീകരിച്ച സംഘടനാകാര്യ സമിതിയിലാണ് രമേശ് ചെന്നിത്തലയെ ഉള്‍പ്പെടുത്തിയത്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയാണ് സമിതി രൂപീകരിച്ചത്. മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മുന്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ തുടങ്ങിയവരെ ഒരു സമിതിയിലേക്കും പരിഗണിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്.
മുതിര്‍ന്ന നേതാവും, കോണ്‍ഗ്രസില്‍ നേതൃമാറ്റം ആവശ്യപ്പെട്ട ജി-23 യില്‍ ഉള്‍പ്പെട്ടയാളുമായ മുകുള്‍ വാസ്‌നിക്ക് ആണ് സംഘടനാകാര്യ സമിതിയെ നയിക്കുക. അജയ് മാക്കന്‍, താരിഖ് അന്‍വര്‍, രണ്‍ദീപ് സിങ് സുര്‍ജേവാല, അധീര്‍ രഞ്ജന്‍ ചൗധരി, നെറ്റ ഡിസൂസ, മീനാക്ഷി നടരാജന്‍ എന്നിവരാണ് സമിതിയിലെ മറ്റംഗങ്ങള്‍. ചിന്തന്‍ ശിബിരത്തില്‍ പരിഗണിക്കുന്നതിനായി വിവിധ വിഷയങ്ങളിലായി ആറു സമിതികളാണ് രൂപീകരിച്ചിട്ടുള്ളത്. ആറു സമിതികളിലെ ഏഴുപേര്‍ ജി-23യില്‍ ഉള്‍പ്പെട്ട നേതാക്കളാണ്.
ശശി തരൂര്‍, ആന്റോ ആന്റണി, റോജി എം ജോണ്‍ എന്നിവരാണ് വിവിധ സമിതികളില്‍ ഉള്‍പ്പെട്ട കേരള നേതാക്കള്‍. രാജ്യസഭ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ നയിക്കുന്ന രാഷ്ട്രീയകാര്യ സമിതിയിലാണ് ശശി തരൂര്‍ ഉള്‍പ്പെട്ടിട്ടുള്ളത്. തരൂരിന് പുറമേ ജി-23 നേതാക്കളിലുള്‍പ്പെട്ട ഗുലാം നബി ആസാദ്, അശോക് ചവാന്‍, ഉത്തംകുമാര്‍ റെഡ്ഡി, ഗൗരവ് ഗോഗോയി, സപ്തഗിരി ശങ്കര്‍ ഉലക, രാഗിണി നായക് എന്നിവരാണ് സമിതിയിലെ അംഗങ്ങള്‍.
കര്‍ഷക കാര്യ സമിതിയെ ഹരിയാന മുന്‍ മുഖ്യമന്ത്രി ഭൂപീന്ദര്‍ സിങ് ഹൂഡയും സാമ്പത്തിക കാര്യ സമിതിയെ മുന്‍ കേന്ദ്രമന്ത്രി പി ചിദംബരവും നയിക്കും. സാമ്പത്തിക കാര്യ സമിതിയില്‍ ആനന്ദ് ശര്‍മ്മ, സിദ്ധരാമയ്യ, മനീഷ് തിവാരി, സച്ചിന്‍ പൈലറ്റ്, രാജീവ് ഗൗഡ, പ്രണീതി ഷിന്‍ഡെ, ഗൗരവ് വല്ലഭ്, സുപ്രിയ ശ്രീനാഥെ എന്നിവരുള്‍പ്പെടുന്നു. ആന്റോ ആന്റണി മുന്‍ കേന്ദ്രമന്ത്രി സല്‍മാന്‍ ഖുര്‍ഷിദ് നയിക്കുന്ന സാമൂഹിക ശാക്തീകരണ സമിതിയിലാണ് ഉള്‍പ്പെട്ടിട്ടുള്ളത്. റോജി എം ജോണ്‍ പഞ്ചാബ് പിസിസി അധ്യക്ഷന്‍ അമരീന്ദര്‍ സിങ് രാജ വാറിങ് നയിക്കുന്ന യുവജനകാര്യ സമിതിയിലും ഇടംപിടിച്ചു.
യുവജനകാര്യം (10 അംഗങ്ങള്‍) ഒഴികെ മറ്റെല്ലാം ഒമ്പത് അംഗ സമിതികളാണ്. ചിന്തന്‍ ശിബിരത്തിലെ ചര്‍ച്ചാവിഷയങ്ങളും മറ്റും തയ്യാറാക്കുകയാണ് സമിതികളുടെ പ്രധാന ചുമതല. മെയ് മാസം 13 മുതല്‍ 15 വരെ മൂന്നു ദിവസങ്ങളിലായി രാജസ്ഥാനിലെ ഉദയ്പൂരില്‍ ആണ് ചിന്തന്‍ ശിബിര്‍ നടക്കുക. എല്ലാ സംസ്ഥാനങ്ങളില്‍ നിന്നുമായി 400 പ്രതിനിധികളാകും ശിബിരത്തില്‍ പങ്കെടുക്കുക. 2024 ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ തന്ത്രരൂപീകരണവും ചിന്തന്‍ ശിബിരത്തിന്റെ മുഖ്യലക്ഷ്യമാണ്.
ഈ വാർത്ത വായിക്കാം
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates