കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ 307, ഇത്തവണ 58; എഐ കാമറ വച്ചതോടെ അപകട മരണം കുറഞ്ഞെന്ന് കണക്കുകള്‍

കഴിഞ്ഞ വർഷം ആഗസ്റ്റിൽ 3,366 അപകടങ്ങളിലായി 307 പേർ മരിച്ചപ്പോൾ ഈ ആഗസ്റ്റിൽ ഇത് 58 ആയി
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം
Updated on
1 min read

കൊച്ചി: എഐ കാമറകൾ സ്ഥാപിച്ചതോടെ റോഡപകട മരണങ്ങൾ കുറഞ്ഞതായി സർക്കാർ ഹൈക്കോടതിൽ. എഐ കാമറ ഇടപാടിൽ അഴിമതിയാണെന്നും ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വിഡി സതീശനും രമേശ് ചെന്നിത്തലയും സമർപ്പിച്ച പൊതുതാൽപര്യ ഹർജിയിൽ നൽകിയ എതിർ സത്യവാങ്മൂലത്തിലാണ് സർക്കാർ ഇക്കാര്യം വ്യക്തമാക്കിയത്. എഐ കാമറ ഇടപാടിൽ ക്രമക്കേടുണ്ടെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്നും ഹർജി രാഷ്ട്രീയ പ്രേരിതവുമാണെന്ന് സർക്കാർ കോടതിയെ അറിയിച്ചു. 

കഴിഞ്ഞ വർഷം ഓഗസ്റ്റില്‍ 3,366 അപകടങ്ങളിലായി 307 പേർ മരിച്ചപ്പോൾ ഈ ആഗസ്റ്റിൽ ഇത് 58 ആയി. അപകടങ്ങളുടെ എണ്ണത്തിലും കുറവുണ്ട്. കഴിഞ്ഞ വർഷം ആഗസ്റ്റിൽ 4040 പേർക്കു പരിക്കേറ്റു. ഈ ആ​ഗസ്റ്റിൽ അപകടത്തിൽ പരിക്കേറ്റവരുടെ എണ്ണത്തിൽ ​ഗണ്യമായ കുറവാണുണ്ടായത്. 1197 ആയി കുറഞ്ഞു. കഴിഞ്ഞ അഞ്ച് വരെ നിയമ ലംഘനങ്ങൾക്കായി 59,72,03,500 രൂപ പിഴ ചുമത്തിയെന്നും അറിയിച്ചു.

സേഫ് കേരള പദ്ധതിയെക്കുറിച്ച് മതിയായ വിവരങ്ങൾ ശേഖരിക്കാതെയും ഓട്ടമേറ്റഡ് ട്രാഫിക് എൻഫോഴ്സ്മെന്റ് സംവിധാനത്തിന്റെ ലക്ഷ്യം മനസ്സിലാക്കാതെയുമാണ് ഹർജി നൽകിയിരിക്കുന്നത്. ആറ് വർഷത്തോളം ചർച്ചകളും മറ്റും നടത്തിയതിനു ശേഷമാണു പദ്ധതി നടപ്പാക്കിയത്. ശബരിമല സേഫ് സോൺ പദ്ധതി വിജയിച്ചതിന്റെ വെളിച്ചത്തിൽ 2017ൽ ഉദ്യോ​ഗസ്ഥർ മുന്നോട്ടുവച്ച നിർദേശമാണ് കേരളത്തിലാകെ നടപ്പാക്കാൻ അനുമതി നൽകിയത്. അവ്യക്തമായ ആരോപണങ്ങളാണ് ഹർജിയിൽ ഉന്നയിച്ചിരിക്കുന്നത്. ഡേറ്റ കരാറുകാർക്കു ലഭിക്കുന്നില്ല. സ്വകാര്യതയുടെ ലംഘനമുണ്ടാകുന്നില്ല. കെൽട്രോൺ അഞ്ച് വർഷം കൊണ്ടു 424 കോടി രൂപ പിഴയായി ലഭിക്കുമെന്നാണു കണക്കാക്കിയിരിക്കുന്നത്. 2014–15 മുതലുള്ള കണക്കുകൾ പരിശോധിക്കുമ്പോൾ 424 കോടി ലഭിക്കുമെന്നതിന് അടിസ്ഥാനമില്ലെന്നു പറയാനാവില്ലെന്നും സർക്കാർ അറിയിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com