

കോഴിക്കോട്: വയോധികയെ ട്രെയിനില്‍ നിന്നും തള്ളിയിട്ട് കവര്‍ച്ച നടത്തിയ സംഭവത്തില്‍ പ്രതി പിടിയില്‍. ഡല്‍ഹി സ്വദേശി വസീം അക്രം ആണ് പിടിയിലായത്. മുംബൈയില്‍ നിന്നാണ് ഇയാളെ പിടികൂടിയത് എന്നാണ് വിവരം. മോഷണ ശ്രമത്തിനിടെ അറുപത്തിനാലുകാരിയായ അമ്മിണിയെ ആണ് മോഷ്ടാവ് ട്രെയിനില്‍ നിന്ന് തള്ളിയിട്ടത്.
മുംബൈയില്‍ സഹോദരന്റെ വീട്ടില്‍ മരണാനന്തരച്ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെയാണ് തൃശൂര്‍ സ്വദേശിയായ അമ്മിണി ആക്രമിക്കപ്പെട്ടത്. എസ്-1 കോച്ചിന്റെ വാതിലിനോടുചേര്‍ന്ന സൈഡ് സീറ്റുകളിലായിരുന്നു ഇവര്‍ സഞ്ചരിച്ചിരുന്നത്. കോഴിക്കോട്ട് തീവണ്ടി നിര്‍ത്തിയപ്പോള്‍ ഒപ്പമുണ്ടായിരുന്ന സഹോദരന്‍ വര്‍ഗീസ് ബാത്ത്റൂമിലേക്ക് പോയി. തീവണ്ടി നീങ്ങിത്തുടങ്ങിയപ്പോള്‍ സീറ്റിലുണ്ടായിരുന്ന ബാഗെടുത്ത് മോഷ്ടാവ് ഓടാന്‍ശ്രമിച്ചു. ഉടന്‍തന്നെ അമ്മിണി ബാഗില്‍ പിടിക്കുകയും പിടിവിടാതെ മോഷ്ടാവിനെ പ്രതിരോധിക്കുകയും ചെയ്തു. ഇതിനിടെ ബാഗ് ബലമായി തട്ടിയെടുത്ത മോഷ്ടാവ് അമ്മിണിയെ വാതിലിലൂടെ പുറത്തേക്ക് തള്ളിയിടുകയായിരുന്നു. ഇവര്‍ വീണതിനുപിന്നാലെ മോഷ്ടാവും ട്രെയിനില്‍ നിന്നും ചാടി രക്ഷപ്പെട്ടിരുന്നു.
സംഭവസമയത്ത് കോച്ചിലെ മറ്റുയാത്രക്കാര്‍ ഉറക്കമായിരുന്നു. ശബ്ദംകേട്ട് ബാത്ത്‌റൂമില്‍നിന്ന് പുറത്തേക്കുവന്ന സഹോദരന്‍ വര്‍ഗീസ് ടിടിഇയുടെ സഹായത്തോടെ ചെയിന്‍വലിച്ച് തീവണ്ടി നിര്‍ത്തി. തലപൊട്ടി ചോരയൊലിച്ചുനിന്ന അമ്മിണിയെ തിരിച്ചുകയറ്റി തിരൂരിലെത്തിച്ച് പ്രാഥമിക ചികിത്സ നല്‍കി. പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി, തലയിലെ മുറിവിന് തുന്നലിട്ടു. ബന്ധുക്കളെത്തി വൈകീട്ടോടെ ഇവരെ തൃശ്ശൂരിലേക്ക് കൊണ്ടുപോയി.
വന്‍അപകടത്തില്‍ നിന്ന് തലനാരിഴയ്ക്കാണ് അമ്മിണി രക്ഷപ്പെട്ടത്. തീവണ്ടിയ്ക്ക് വേഗം തീരേകുറവായതും ഇവര്‍ വീണ സ്ഥലത്ത് വലിയ അപകടങ്ങളുണ്ടാക്കാവുന്ന വസ്തുക്കള്‍ ഇല്ലാതിരുന്നതും രക്ഷയായി. അമ്മിണി തീവണ്ടിയില്‍നിന്ന് വീണ് നിമിഷങ്ങള്‍ക്കുള്ളില്‍ തൊട്ടടുത്ത ട്രാക്കിലൂടെ അന്ത്യോദയ എക്‌സ്പ്രസ് കടന്നുപോയി. വീണതിന്റെ ഒരു മീറ്റര്‍ അകലെ ഇരുമ്പുപോസ്റ്റും സിഗ്‌നല്‍കമ്പികളും ഉണ്ടായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates