റസ്റ്ററന്റിന്റെ പരസ്യത്തിനായി മാറ്റിവച്ച 12 ലക്ഷം രൂപ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി മാറ്റിവയ്ക്കുമെന്ന് പാചക വിദഗ്ധന്‍ സുരേഷ് പിള്ള. 'റസ്റ്ററന്റ് തുടങ്ങിയിട്ട് 9 മാസമായി , 2021നവംബര്‍ 1 മുതല്‍ 2022 ഒക്ടോബര്‍ 1 വരെയുള്ള ഒരു വര്‍ഷത്തേക്ക് കരുതിവച്ച 12 ലക്ഷം രൂപ ഇതുവരെ തൊടേണ്ടി വന്നില്ല. ഈ നീക്കിയിരുപ്പ് എനിക്ക് ലാഭത്തിലേക്ക് ചേര്‍ക്കാം. പക്ഷേ, അതിനു മനസ് അനുവദിക്കുന്നില്ല. പകരം ആ 12 ലക്ഷം രൂപ സമൂഹത്തിന് തിരിച്ചു കൊടുക്കണമെന്ന് മനസു ശക്തമായി പറയുന്നു.'- ഷെഫ് പിള്ള ഫെയ്‌സ്ബുക്കില്‍ കുറിച്ചു. സമൂഹത്തില്‍ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന ആളുകള്‍ക്ക് വേണ്ടി ഈ പണം ചെലഴിക്കാനാണ് അദ്ദേഹത്തിന്റെ തീരുമാനം.
ഇത് വ്യക്തമാക്കി അദ്ദേഹം ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച കുറിപ്പ് ഇങ്ങനെ:
പ്രിയപ്പെട്ടവരെ, എന്റെ പാചകരഹസ്യം ഇത്രയേയുള്ളു- കറിയിലേക്ക് സ്‌നേഹം ചാലിച്ച് ചേരുവകള്‍ ഞാന്‍ അങ്ങോട്ടു കൊടുക്കും. മനോഹരമായ രുചിയായി എനിക്കത് തിരികെ തരും. കൊടുക്കല്‍ വാങ്ങലാണ് എല്ലാം. പാചകം മാത്രമല്ല, ജീവിതവും. അത്തരമൊരു കൊടുക്കല്‍ തീരുമാനം നിങ്ങളെ അറിയിക്കാനും നിങ്ങളുടെ ഉപദേശം തേടാനുമാണ് ഈ കുറിപ്പ്. നിങ്ങളാണ് എന്നെ നയിക്കുന്നത്, നയിക്കേണ്ടതും എന്നു ഞാന്‍ കരുതുന്നു.
ചേരുവ കിട്ടുമ്പോള്‍, പകരം രുചി തിരികെ തരുന്ന വിഭവങ്ങള്‍ പോലെ, ഒരു തിരിച്ചു നല്‍കലാണിപ്പോള്‍ എന്റെ മനസ്സില്‍. ഷെഫ് പിള്ള റസ്റ്ററന്റ് തുടങ്ങുന്ന സമയത്ത് സോഷ്യല്‍ മീഡിയ വഴിയുള്ള ഓണ്‍ലൈന്‍ പരസ്യത്തിനായി മാസം ഒരു ലക്ഷം രൂപയാണ് ഞാന്‍ നീക്കി വച്ചിരുന്നത്. എന്നാല്‍ അതില്‍ ഒരു രൂപ പോലും ഇതു വരെ മാര്‍ക്കറ്റിങിനായി ചെലവഴിക്കേണ്ടി വന്നില്ല. ഞാന്‍ പ്രതീക്ഷിച്ചതിലപ്പുറം പിന്തുണയും പ്രചാരവും നിങ്ങള്‍ എനിക്കു നല്‍കി. എന്റെ ഒഴിവു സമയവും തുറന്ന മനസുമായിരുന്നു എന്റെ പോസ്റ്റുകളുടെ രുചിക്കൂട്ട്. ഞാന്‍ പ്രതീക്ഷിച്ചതിലുമപ്പുറം പ്രചാരം എനിക്ക് നിങ്ങള്‍ സോഷ്യല്‍ മീഡിയ വഴി തന്നു.
റസ്റ്ററന്റ് തുടങ്ങിയിട്ട് 9 മാസമായി, 2021 നവംബര്‍ 1 മുതല്‍ 2022 ഒക്ടോബര്‍ 1 വരെയുള്ള ഒരു വര്‍ഷത്തേക്ക് കരുതിവച്ച 12 ലക്ഷം രൂപ ഇതുവരെ തൊടേണ്ടി വന്നില്ല. ഈ നീക്കിയിരുപ്പ് എനിക്ക് ലാഭത്തിലേക്ക് ചേര്‍ക്കാം. പക്ഷേ, അതിനു മനസ് അനുവദിക്കുന്നില്ല. പകരം ആ 12 ലക്ഷം രൂപ സമൂഹത്തിന് തിരിച്ചു കൊടുക്കണമെന്ന് മനസു ശക്തമായി പറയുന്നു. ഇനിയും 3 മാസം കൂടിയുണ്ട് ഒക്ടോബറിലേക്ക് എത്താനായി. എന്നാലും അത് ഉടന്‍ തന്നെ അര്‍ഹരിലേക്ക് എത്തിക്കണമെന്നാണ് ആഗ്രഹം. ഫെയ്‌സ്ബുക് വഴിയാണ് നമ്മള്‍ സംവദിച്ചത്. അതിലൂടെ തന്നെ നിങ്ങള്‍ എന്നോടു പറയൂ, ഞാന്‍ ആ പണം സമൂഹത്തിന് എങ്ങനെ തിരിച്ചു നല്‍കണമെന്ന്.
സാമ്പത്തിക പ്രതിസന്ധിയില്‍ പഠനം പാതിവഴിയിലായൊരു കുട്ടി, അല്ലെങ്കില്‍ മക്കളുടെ ജീവന്‍ രക്ഷാ മരുന്നുകള്‍ മുടങ്ങിയൊരച്ഛന്‍, കുടുംബത്തിന്റെ ഭാരം താങ്ങുന്ന വിങ്ങുന്ന മനസ്സുള്ളൊരമ്മ... അങ്ങനെയൊക്കെയുള്ള മുഖങ്ങളാണ് എന്റെ മനസ്സിന്റെ ഫെയ്‌സ്ബുക് താളില്‍ തെളിയുന്നത്. അതോ ഇതൊന്നുമല്ലാതെ മറ്റെന്തെങ്കിലും നിര്‍ദേശം നിങ്ങളുടെ മനസിലുണ്ടോ ?ഇനി നിങ്ങള്‍ പറയൂ... എന്തിനു വേണ്ടിയാണ് ഈ പണം ഞാന്‍ വിനിയോഗിക്കേണ്ടത്? കാലം എന്നോട് കാണിച്ച കരുണയെ നന്ദിയോടെ സ്മരിച്ചു കൊണ്ട്, അടുത്ത വര്‍ഷം ഇതില്‍ കൂടൂതല്‍ തിരിച്ചു നല്‍കുവാന്‍ കഴിയട്ടെ എന്ന പ്രാര്‍ത്ഥനയോടെ...
നിങ്ങളുടെ സ്വന്തം
ഷെഫ് പിള്ള
ഈ വാര്‍ത്ത കൂടി വായിക്കാം 75ലക്ഷം രൂപയുടെ ഒന്നാം സമ്മാനം ഈ നമ്പറിന്; സ്ത്രീ ശക്തി ലോട്ടറിയുടെ ഫലം പ്രഖ്യാപിച്ചു
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates