

കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് കൂടുതല്‍ പ്രതികളുടെ സ്വത്ത് കണ്ടുകെട്ടാന്‍ നീക്കവുമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പത്മകുമാര്‍, എന്‍ വാസു, മുരാരി ബാബു എന്നിവരുടെ സ്വത്ത് കണ്ടുകെട്ടാന്‍ ഇഡി നടപടി തുടങ്ങി.
കഴിഞ്ഞ ദിവസം ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ 1.3 കോടി വിലവരുന്ന സ്വത്തുകള്‍ ഇഡി മരവിപ്പിച്ചിരുന്നു. സമാനമായ നടപടി മറ്റ് പ്രതികളിലേക്ക് വ്യാപിപ്പിക്കാനാണ് ഇഡിയുടെ നീക്കം. ഇതിന്റെ ഭാഗമായി ഇവരുടെ സ്വത്തുക്കളുടെ പട്ടിക തയ്യാറാക്കി. പത്മകുമാറിന്റെ തിരുവനന്തപുരത്തെ വസ്തുവകകള്‍ ആറന്‍മുളയിലെ വീട്, വാസുവിന്റെ കൊല്ലത്തും തിരുവന്തപുരത്തുമുള്ള വസ്തുക്കള്‍, മുരാരി ബാബുവിന്റെ ചങ്ങനാശേരിയെ വസ്തുവകകളെ കുറിച്ചുമുള്ള പട്ടിക തയ്യാറാക്കിയതായി ഇഡി വൃത്തങ്ങള്‍ പറയുന്നു
ശബരിമലയില്‍ നഷ്ടപ്പെട്ട സ്വര്‍ണത്തിന്റെ മൂല്യം കണക്കാക്കിയാകും ഇവരുടെ സ്വത്തുക്കള്‍ മരവിപ്പിക്കുന്ന നടപടിയിലേക്ക് കടക്കുകയെന്നാണ് വിവരം. ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട കേസിലെ പ്രധാന പ്രതികളുടെ സ്വത്തുക്കള്‍ മരവിപ്പിച്ചതായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇന്നലെ അറിയിച്ചിരുന്നു. ഓപ്പറേഷന്‍ ഗോള്‍ഡന്‍ ഷാഡോ എന്ന പേരില്‍ ചൊവ്വാഴ്ച നടത്തിയ വ്യാപക പരിശോധനയുടെ വിവരങ്ങള്‍ ഉള്‍പ്പെടെയാണ് അന്വേഷണ ഏജന്‍സി പുറത്തുവിട്ടത്. കേരളം, തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളിലായി 73 ഓളം ഇടങ്ങളിലായിരുന്നു ഇന്നലെ ഇഡി പരിശോധന നടത്തിയത്.
ശബരിമലയിലെ സ്വര്‍ണപാളികള്‍ അറ്റകുറ്റപ്പണിയ്ക്കായി കൊണ്ടുപോയ ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷനില്‍ നിന്ന് 100 ഗ്രാം സ്വര്‍ണ്ണം പിടിച്ചെടുത്തെന്നും ഇഡി അറിയിച്ചു. സ്വര്‍ണ്ണ കട്ടികളാണ് കണ്ടെത്തിയത്. ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് നിന്നും സ്വര്‍ണ്ണം ചെമ്പാക്കിയ രേഖയും, നിരവധി ഡിജിറ്റല്‍ തെളിവുകളും റെയ്ഡില്‍ കണ്ടെത്തിയിട്ടുണ്ട്.
2019 നും 2024 നും ഇടയില്‍ പുറപ്പെടുവിച്ച ഉത്തരവും ഇഡി കസ്റ്റഡിയിലെടുത്തു. ദേവസ്വം ബോര്‍ഡിലെ ഉദ്യോഗസ്ഥരുടെ സംശയാസ്പദമായ സാമ്പത്തിക ഇടപാടുകളുടെ രേഖകളും ഇ ഡി ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചിട്ടുണ്ട്. കേസില്‍ അന്വേഷണം പുരോഗമിക്കുന്നതായും ഇ ഡി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates