

തിരുവനന്തപുരം: ഈ വർഷത്തെ മണ്ഡല മകരവിളക്ക് ഉത്സവകാലത്ത് ശബരിമലയിൽ രണ്ട് പ്രധാന പാതകളിലൂടെ മാത്രമായിരിക്കും തീർഥാടകർക്ക് യാത്രാനുമതി. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് ഇക്കാര്യം വ്യക്തമാക്കിയത്. വടശ്ശേരിക്കര-പമ്പ, എരുമേലി-പമ്പ എന്നീ വഴികളിലൂടെയാണ് യാത്ര അനുവദിക്കുക.
വിഡിയോ കോൺഫറൻസ് വഴി ചേർന്ന ദക്ഷിണേന്ത്യൻ ദേവസ്വം മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഒരുക്കങ്ങളും നിയന്ത്രണങ്ങളും വ്യക്തമാക്കിയത്. 24 മണിക്കൂർ മുമ്പ് എടുത്ത കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് തീർഥാടകർ ഹാജരാക്കണം. ആൻറിജൻ പരിശോധന സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മതി.
തീർഥാടകർ വരുന്ന വഴിയിലും നിലയ്ക്കലിലും കോവിഡ് പരിശോധനക്ക് സംവിധാനമൊരുക്കും. പൊലീസിന്റെ ശബരിമല വിർച്വൽ ക്യൂ സംവിധാനത്തിൽ രജിസ്റ്റർ ചെയ്തവരെ മാത്രമാവും ദർശനത്തിന് അനുവദിക്കുക. ഈ വിവരങ്ങൾ തീർഥാടകരെ അറിയിക്കുന്നതിന് ഓരോ സംസ്ഥാനവും നടപടി സ്വീകരിക്കണം. സാധാരണ ദിവസങ്ങളിൽ ആയിരവും, അവധി ദിനങ്ങളിൽ രണ്ടായിരവും മണ്ഡല-മകരവിളക്ക് ദിവസങ്ങളിൽ അയ്യായിരവും തീർഥാടകർക്ക് പ്രവേശനാനുമതി നൽകും. ഹൈക്കോടതിയുടെ അനുവാദം ലഭിക്കുകയാണ് എങ്കിൽ കൂടുതൽ പേർക്ക് ദർശനം നടത്താൻ സൗകര്യമൊരുക്കും.
പത്തിനും അറുപതിനുമിടയിൽ പ്രായമുള്ളവർക്കാണ് ഈ സീസണിൽ ശബരിമലയിൽ അനുമതിയുള്ളത്. 60നും 65നും ഇടയിലുള്ളവർ മെഡിക്കൽ സർട്ടിഫിക്കറ്റ് കരുതണം. പമ്പാ നദിയിൽ സ്നാനം അനുവദിക്കില്ല. പകരം ഷവർ സംവിധാനം ഏർപ്പെടുത്തും. പമ്പയിലും സന്നിധാനത്തും നിലയ്ക്കലിലും വിരിവെക്കാൻ അനുമതിയില്ല. ആയുഷ്മാൻ ഭാരത് കാർഡുകളുള്ളവർ കൈയിൽ കരുതണം. പതിനഞ്ചിൽ താഴെ തീർഥാടകരുമായെത്തുന്ന വാഹനങ്ങൾ പമ്പയിലേക്ക് കടത്തിവിടും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates