

മലപ്പുറം: പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനെതിരെ ലീഗ് നേതാവ് പിഎംഎ സലാം നടത്തിയ അധിക്ഷേപ പരാമര്‍ശത്തെ തള്ളി മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍. ഭരണകൂടത്തിന്റെ വീഴ്ചകളെ ചൂണ്ടിക്കാണിക്കുക എന്നത് പ്രതിപക്ഷത്തിന്റെ ഉത്തരവാദിത്തമാണ്. അത് ജനാധിപത്യത്തിന്റെ ഭാഗമാണെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു.
രാഷ്ട്രീയമായ വിമര്‍ശനങ്ങള്‍ വേണ്ടതു തന്നെയാണ്. എന്നാല്‍ രാഷ്ട്രീയമായി വിമര്‍ശിക്കുന്നത് വ്യക്തിപരമായ അധിക്ഷേപത്തിലേക്ക് പോകരുത്. അത് ഒരിക്കലും നല്ല കാര്യമല്ല. വ്യക്തിപരമായ അധിക്ഷേപങ്ങളിലേക്ക് പോകാതെ എല്ലാവരും സൂക്ഷ്മ പാലിക്കേണ്ടതാണ്. മുസ്ലിം ലീഗ് പാര്‍ട്ടിയുടെ നയവും അതാണെന്നും സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു.
മുഖ്യമന്ത്രി ആണും പെണ്ണും കെട്ടവനായതുകൊണ്ടാണ് സര്‍ക്കാര്‍ പിഎം ശ്രീയില്‍ ഒപ്പിട്ടതെന്നാണ് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം അഭിപ്രായപ്പെട്ടത്. ഒന്നുകില്‍ മുഖ്യമന്ത്രി ആണാകണം, അല്ലെങ്കില്‍ പെണ്ണാകണം. രണ്ടും കെട്ട മുഖ്യമന്ത്രിയെയാണ് നമുക്ക് കിട്ടിയത് എന്നതാണ് നമ്മുടെ അപമാനം. അതിന്റെ ദുരവസ്ഥയാണ് നാമിപ്പോള്‍ അനുഭവിക്കുന്നതെന്ന് പിഎംഎ സലാം പറഞ്ഞു.
നാളെ നമ്മുടെ കുട്ടികള്‍ വികലമായ ചരിത്രവും, തെറ്റായ ചരിത്രവും പഠിക്കേണ്ടി വരും. അറബി, ഉര്‍ദു, ഇംഗ്ലീഷ് ഇവയൊന്നും പഠിക്കേണ്ട, ആകെ സംസ്‌കൃതവും ഹിന്ദിയും പഠിച്ചാല്‍ മതി എന്ന തരത്തിലേക്ക് വരികയാണ്. ചെറിയ കുട്ടികളെപ്പോലും അവരുടെ മതത്തെക്കുറിച്ചും വിശ്വാസത്തെക്കുറിച്ചും അറിയാത്ത ഒരു വിദ്യാഭ്യാസം നല്‍കാനുള്ള ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണെന്ന് പിഎംഎ സലാം പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates