സജി ചെറിയാന്റെ നാക്ക് പിഴ, ഹേമ കമ്മിറ്റിയിലെ നിര്‍ണായക ഇടപെടല്‍; 2024ലെ സുപ്രധാന ഹൈക്കോടതി വിധികള്‍

ഹൈക്കോടതി വിധി വലിയ കോളിളക്കം സൃഷ്ടിച്ച സാഹചര്യത്തില്‍ തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങള്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി. ആനയെഴുന്നള്ളിപ്പിന് ഹൈക്കോടതി പുറപ്പെടുവിച്ച മാര്‍ഗ രേഖ അപ്രായോഗികമാണെന്ന് സുപ്രീംകോടതി വ്യക്തമാക്കിക്കൊണ്ട് ഹൈക്കോടതി വിധി സുപ്രീംകോടതി സ്‌റ്റേ ചെയ്തു
2024 kerala high court major verdicts

കേരളത്തിലെ രാഷ്ട്രീയ സാമൂഹിക രംഗത്ത് വലിയ ചര്‍ച്ചയായ വിഷയങ്ങളാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടും ആനയെഴുന്നള്ളിപ്പിനു നിയന്ത്രണം കൊണ്ടുവന്ന ഹൈക്കോടതി വിധിയും. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടുന്നതില്‍ ആയിരുന്നു ഹൈക്കോടതിയുടെ നിര്‍ണായക ഇടപെടല്‍. ആനയെഴുന്നള്ളിപ്പിനു നിയന്ത്രണം ഏര്‍പ്പെടുത്തി ഹൈക്കോടതി കര്‍ശന മാര്‍ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കുകയായിരുന്നു. കേരള ഹൈക്കോടതിയില്‍ നിന്ന് പോയ വര്‍ഷമുണ്ടായ സുപ്രധാനമായ ചില വിധികള്‍ നോക്കാം....

1. ഹേമ കമ്മിറ്റിയില്‍ ഹൈക്കോടതിയുടെ നിര്‍ണായക ഇടപെടല്‍

hema commission report malayalam film
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്

മലയാള സിനിമാ മേഖലയെ ആകെപ്പാടെ പിടിച്ചു കുലുക്കിയ സംഭവമാണ് ഹേമകമ്മിറ്റി റിപ്പോര്‍ട്ടും അതേത്തുടര്‍ന്നുള്ള വിവാദങ്ങളും. കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വിടാന്‍ വിവരാവകാശ കമ്മിഷനാണ് ഉത്തരവിട്ടത്. ഇത് പിന്നീട് ഹൈക്കോടതിയിലെത്തി. റിപ്പോര്‍ട്ട് പുറത്ത് വിടുന്നതില്‍ ആദ്യം എതിര്‍പ്പ് പ്രകടിപ്പിച്ച് കോടതിയെ സമീപിച്ചത് നടി രഞ്ജിനിയായിരുന്നു. റിപ്പോര്‍ട്ട് പുറത്ത് വിടുന്നതിന് മുമ്പ് മൊഴി നല്‍കിയവര്‍ക്ക് പകര്‍പ്പ് നല്‍കണമെന്നായിരുന്നു രഞ്ജിനിയുടെ പ്രധാന ആവശ്യം. റിപ്പോര്‍ട്ട് പുറത്തു വരുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പാണ് രഞ്ജിനി കോടതിയെ സമീപിക്കുന്നത്. ഒടുവില്‍ റിപ്പോര്‍ട്ട് പുറത്തു വിടാന്‍ ഹൈക്കോടതി ഉത്തരവിടുകയായിരുന്നു. റിപ്പോര്‍ട്ട് പുറത്ത് വന്നതോടെ സിനിമാ മേഖല ആകെ ഉലഞ്ഞു. കൂടുതല്‍ പേര്‍ നടന്‍മാര്‍ക്കെതിരെ ലൈംഗികാരോപണവുമായി രംഗത്തു വന്നു. ഈ സമയത്താണ് വീണ്ടും ഹൈക്കോടതിയുടെ ഇടപെടലുണ്ടാകുന്നത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ കേസെടുക്കാവുന്ന വിഷയങ്ങള്‍ ഉണ്ടെന്നു കോടതി ചൂണ്ടിക്കാട്ടി. ഇതിന്‍റെ ചുവടു പിടിച്ചാണ് സര്‍ക്കാര്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത്.

2. ആനയെഴുന്നള്ളിപ്പിനു മാര്‍ഗ നിര്‍ദേശങ്ങള്‍

thrissur pooram
തൃശൂര്‍ പൂരം ഫയൽ‌

പൂരപ്രേമികള്‍ക്കു വലിയ തിരിച്ചടിയായിരുന്നു ആനയെഴുന്നള്ളിപ്പ് കേസില്‍ ഹൈക്കോടതി പുറപ്പെടുവിച്ച കര്‍ശന നിര്‍ദേശങ്ങള്‍. ആനകള്‍ തമ്മിലുള്ള അകലം, ആനയുടെ യാത്ര, ജനങ്ങളും ആനകളും തമ്മിലുള്ള ദൂരപരിധി അങ്ങനെ വിവിധ നിര്‍ദേശങ്ങളാണ് ഹൈക്കോടതി പുറപ്പെടുവിച്ചത്. ഹൈക്കോടതി വിധിക്കെതിരെ തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങള്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി. ആനയെഴുന്നള്ളിപ്പിന് ഹൈക്കോടതി പുറപ്പെടുവിച്ച മാര്‍ഗ രേഖ അപ്രായോഗികമാണെന്ന് വ്യക്തമാക്കി ഹൈക്കോടതി വിധി സുപ്രീംകോടതി സ്‌റ്റേ ചെയ്തു. 3 മീറ്റര്‍ അകലം പാലിക്കണമെന്ന് ആനകളോട് എങ്ങനെ നിര്‍ദേശിക്കാനാകും എന്നാണ് സുപ്രീംകോടതി ചോദിച്ചത്. 2012ലെ നാട്ടാന പരിപാലന ചട്ടത്തിലെ വ്യവസ്ഥകള്‍ പാലിച്ച് ആനയെഴുന്നള്ളിപ്പ് നടത്താന്‍ ദേവസ്വങ്ങള്‍ക്ക് സുപ്രീംകോടതി അനുമതിയും നല്‍കി. എന്നാല്‍ ആനയെഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് ആനകള്‍ക്കോ ഭക്തര്‍ക്കോ എന്തെങ്കിലും അപകടം ഉണ്ടാകുകയാണെങ്കില്‍ അതിന്റെ ഉത്തരവാദിത്തം ദേവസ്വങ്ങള്‍ക്കായിരിക്കുമെന്നും സുപ്രീംകോടതി വ്യക്തമാക്കി.

3. നാക്ക് ചതിച്ച് സജി ചെറിയാന്‍

saji cherian
മന്ത്രി സജി ചെറിയാന്‍ ഫയല്‍

2022 ജൂലൈയില്‍ മല്ലപ്പള്ളിയില്‍ നടത്തിയ പ്രസംഗത്തില്‍ ഭരണഘടനയെ വിമര്‍ശിച്ചുകൊണ്ട് നടത്തിയ പരാമര്‍ശമാണ് മന്ത്രി സജി ചെറിയാനെ കുഴപ്പത്തില്‍ ചാടിച്ചത്. ഇത് വലിയ രാഷ്ട്രീയ കോളിളങ്ങള്‍ക്കിടയാക്കുകയും സജി ചെറിയാന്‍റെ മന്ത്രിസ്ഥാനം തെറിക്കുകയും ചെയ്തു. ജനങ്ങളെ കൊള്ളയടിക്കാന്‍ പറ്റിയ ഭരണഘടനയാണ് ഇന്ത്യയുടേതെന്നും ഇതിന്റെ മുക്കും മൂലയിലുമെല്ലാം കുറച്ച് നല്ല കാര്യങ്ങള്‍ എന്ന പേരില്‍ ജനാധിപത്യം, മതേതരത്വം, കുന്തം, കുടച്ചക്രം എന്നെല്ലാം എഴുതിവെച്ചുവെന്നതല്ലാതെ സാധാരണക്കാരെ ചൂഷണം ചെയ്യുക എന്നത് മാത്രമാണ് ഇതിന്റെ ഉദ്ദേശ്യമെന്നുമാണ് സജി ചെറിയാന്‍ പ്രസംഗിച്ചത്. ഇതില്‍ കോടതി നിര്‍ദേശപ്രകാരം കേസെടുക്കുകയും പൊലീസ് അന്വേഷണം നടത്തി സജി ചെറിയാനെ കുറ്റവിമുക്തനാക്കി റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തു. സജി ചെറിയാന്‍ മന്ത്രിസഭയില്‍ തിരിച്ചെത്തി ഭരണം തുടരുന്നതിനിടെയാണ് ഹൈക്കോടതിയുടെ ഇടപെടല്‍. ഭരണഘടനാ വിരുദ്ധ പരാമര്‍ശത്തില്‍ മന്ത്രി സജി ചെറിയാനെതിരെ പുനരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടു. മന്ത്രിക്കെതിരായ കുറ്റം നിലനില്‍ക്കില്ലെന്ന പൊലീസ് റിപ്പോര്‍ട്ടും ഈ റിപ്പോര്‍ട്ട് അംഗീകരിച്ച മജിസ്‌ട്രേറ്റ് റിപ്പോര്‍ട്ടും ഹൈക്കോടതി തള്ളി. ക്കൊണ്ടാണ് കോടതി ഉത്തരവ്. സംസ്ഥാന പൊലീസ് മേധാവി, ക്രൈംബ്രാഞ്ചിലെ വിശ്വാസ്യതയുള്ള ഉദ്യോഗസ്ഥനെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

4. നാട്ടാനകളുടെ സെന്‍സസ്‌

ന എഴുന്നള്ളിപ്പ് വലിയ ചര്‍ച്ചയാവുകയും കോടതി ഇടപെടലുകള്‍ ഉണ്ടാവുകയും ചെയ്ത സാഹചര്യത്തിലാണ് സംസ്ഥാനത്ത് നാട്ടാനകളുടെ സെന്‍സസ് നടത്താന്‍ ഹൈക്കോടതി നിര്‍ദേശിച്ചത്. ആനകളുടെ നിലവിലെ സ്ഥിതി, ഉടമസ്ഥന്‍, ഉടമസ്ഥതാ സര്‍ട്ടിഫിക്കറ്റ് തുടങ്ങിയ കാര്യങ്ങള്‍ പരിശോധിക്കാനാണ് ഹൈക്കോടതിയുടെ നിര്‍ദേശിച്ചത്.

5. 24 മണിക്കൂര്‍ ഓണ്‍ലൈന്‍ കോടതി

പോയ വര്‍ഷത്തിലെ വലിയ മുന്നേറ്റങ്ങളിലൊന്നാണ് കൊല്ലത്ത് തുടങ്ങിയ 24 മണിക്കൂര്‍ ഓണ്‍ ലൈന്‍ കോടതി( ഓപ്പണ്‍ ആന്റ് നെറ്റ് വര്‍ക്ക് കോടതി). രാജ്യത്ത് തന്നെ ആദ്യമായിട്ടാണ് ഇത്തരത്തിലൊരു പരീക്ഷണം നടന്നത്. കക്ഷിയും വക്കീലും കോടതിയില്‍ ഹാജരാകാതെ തന്നെ കേസുകള്‍ തീര്‍പ്പാക്കാന്‍ കഴിയും എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ആഴ്ചയില്‍ എല്ലാ ദിവസവും മുഴുവന്‍ സമയവും പ്രവര്‍ത്തിക്കുന്ന ഈ കോടതിയില്‍ കേസുകള്‍ പേപ്പറില്‍ ഫയല്‍ ചെയ്യുന്നതിന് പകരം ഓണ്‍ലൈനായി വെബ്സൈറ്റില്‍ നിശ്ചിത ഫോറം സമര്‍പ്പിച്ചാണ് കേസ് ഫയല്‍ ചെയ്യുന്നത്. കേസിന്റെ എല്ലാ നടപടിക്രമങ്ങളും ഓണ്‍ലൈനായാണ് നടക്കുക. സുപ്രീം കോടതിയുടെ ഇ-കോടതി നയത്തിന്റെ അടിസ്ഥാനത്തിലാണ് ഈ മുഴുവന്‍ സമയം കോടതി സംസ്ഥാനത്ത് ആദ്യമായി നടപ്പിലാക്കിയിരിക്കുന്നത്. കൊല്ലത്തെ മൂന്ന് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതികളിലും ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതികളിലും നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് നിയമപ്രകാരം ഫയല്‍ ചെയ്യേണ്ട ചെക്ക് മുടങ്ങിയ കേസുകളാണ് പുതിയ ഓണ്‍ലൈന്‍ കോടതിയില്‍ പരിഗണിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com