

തിരുവനന്തപുരം: 'ദ കേരള സ്റ്റോറി'യുടെ രണ്ടാം ഭാഗത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍. കേരളത്തെ അപമാനിക്കാനും വിദ്വേഷം പടര്‍ത്താനുമുള്ള സംഘപരിവാറിന്റെ ആസൂത്രിത നീക്കമാണ് ഈ സിനിമ. ഇതിനെതിരെ കേരളം ഒറ്റക്കെട്ടായി പ്രതികരിക്കണമെന്നും മന്ത്രി ആഹ്വാനം ചെയ്തു. ചിത്രത്തിന്റെ ടീസര്‍ പുറത്തുവന്ന പശ്ചാത്തലത്തിലായിരുന്നു മന്ത്രിയുടെ പ്രതികരണം.
വസ്തുതകളുമായി ബന്ധമില്ലാത്തതും നുണകള്‍ മാത്രം ഉല്‍പ്പാദിപ്പിക്കുന്നതുമായ സംഘപരിവാര്‍ ഫാക്ടറിയുടെ മറ്റൊരു ഉല്‍പ്പന്നമാണ് ഈ സിനിമയെന്ന് മന്ത്രി ആരോപിച്ചു. മതേതരത്വത്തിന് മാതൃകയായ കേരളത്തെ മതതീവ്രവാദത്തിന്റെ കേന്ദ്രമായി ചിത്രീകരിച്ച് ലോകത്തിന് മുന്നില്‍ മോശമായി കാണിക്കാനാണ് അണിയറപ്രവര്‍ത്തകര്‍ ശ്രമിക്കുന്നത്. അന്വേഷണ ഏജന്‍സികളും കോടതികളും തള്ളിക്കളഞ്ഞ 'ലവ് ജിഹാദ്' പോലുള്ള വ്യാജ ആരോപണങ്ങള്‍ ആവര്‍ത്തിച്ച് വിദ്വേഷം പടര്‍ത്താനാണ് സിനിമ ലക്ഷ്യമിടുന്നതെന്ന് ഫെയ്‌സുബക്കില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു.
ആവിഷ്‌കാര സ്വാതന്ത്ര്യം എന്നത് നാടിനെ ധ്രുവീകരിക്കാനോ ജനങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കാനോ ഉള്ള ലൈസന്‍സല്ല. അന്വേഷണ ഏജന്‍സികളും കോടതികളും തള്ളിക്കളഞ്ഞ വാദങ്ങളെ സത്യമെന്നോണം എഴുന്നള്ളിക്കുന്നത് രാഷ്ട്രീയ ലാഭം മാത്രം ലക്ഷ്യമിട്ടാണ്. വര്‍ഗീയ വിഷവിത്തുകള്‍ വിതച്ച് നേട്ടം കൊയ്യാനുള്ള ഇത്തരം ശ്രമങ്ങളെ കേരളം ഒറ്റക്കെട്ടായി പ്രതിരോധിക്കുമെന്നും മന്ത്രി പറഞ്ഞു
കുറിപ്പിന്റെ പൂര്‍ണരൂപം
വര്‍ഗീയ ധ്രുവീകരണത്തിലൂടെ കേരളത്തിന്റെ മതനിരപേക്ഷ മനസ്സിനെ മുറിവേല്‍പ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള 'ദ കേരള സ്റ്റോറി' എന്ന പ്രൊപ്പഗാണ്ട സിനിമയുടെ രണ്ടാം ഭാഗത്തിന്റെ ടീസര്‍ പുറത്തുവന്നിരിക്കുകയാണ്. വസ്തുതകളുമായി യാതൊരു ബന്ധവുമില്ലാത്ത, നുണകള്‍ മാത്രം ഉല്‍പ്പാദിപ്പിക്കുന്ന സംഘപരിവാര്‍ ഫാക്ടറിയുടെ മറ്റൊരു ഉല്‍പ്പന്നം മാത്രമാണിതെന്ന് പ്രഥമദൃഷ്ട്യാ തന്നെ വ്യക്തമാണ്. മതേതരത്വത്തിന്റെ മാതൃകയായ കേരളത്തെ മതതീവ്രവാദത്തിന്റെ പ്രഭവകേന്ദ്രമായി ചിത്രീകരിച്ച് ലോകത്തിന് മുന്നില്‍ അപമാനിക്കാനാണ് സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ വീണ്ടും ശ്രമിക്കുന്നത്. ലവ് ജിഹാദ് പോലുള്ള വ്യാജ ആരോപണങ്ങളെ ആവര്‍ത്തിച്ചും, വിദ്വേഷം പടര്‍ത്തുന്ന സംഭാഷണങ്ങളിലൂടെയും കേരളത്തിലെ സമാധാനാന്തരീക്ഷം തകര്‍ക്കാനുള്ള ഈ നീക്കം ആസൂത്രിതമാണ്.
ആവിഷ്‌കാര സ്വാതന്ത്ര്യം എന്നത് നാടിനെ ധ്രുവീകരിക്കാനോ ജനങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കാനോ ഉള്ള ലൈസന്‍സല്ല. അന്വേഷണ ഏജന്‍സികളും കോടതികളും തള്ളിക്കളഞ്ഞ വാദങ്ങളെ സത്യമെന്നോണം എഴുന്നള്ളിക്കുന്നത് രാഷ്ട്രീയ ലാഭം മാത്രം ലക്ഷ്യമിട്ടാണ്. വര്‍ഗീയ വിഷവിത്തുകള്‍ വിതച്ച് നേട്ടം കൊയ്യാനുള്ള ഇത്തരം ശ്രമങ്ങളെ കേരളം ഒറ്റക്കെട്ടായി പ്രതിരോധിക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates