

തിരുവനന്തപുരം: ആലപ്പുഴ നൂറനാട് സ്ഥാപിക്കാൻ നിശ്ചയിച്ചിരുന്ന സഖാവ് പി. കൃഷ്ണപിള്ള സ്മാരകത്തിനായുള്ള ഭൂമി അനുവദിച്ച് നൽകിയ ഉത്തരവ് യുഡിഎഫ് സർക്കാർ റദ്ദാക്കിയതിനെതിരെ വിമർശനവുമായി മുൻ സാംസ്കാരിക വകുപ്പ് മന്ത്രിയും സിപിഎം നേതാവുമായ സജി ചെറിയാൻ. സർക്കാരിന്റെ ഈ നീക്കം കേരളത്തിന്റെ സാമൂഹിക ചരിത്രത്തോടുള്ള കടുത്ത ആദരവില്ലായ്മയും വൃദ്ധരായ കലാകാരന്മാരോടുള്ള ക്രൂരമായ അവഗണനയുമാണെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ ആരോപിച്ചു.
കഴിഞ്ഞ ബുധനാഴ്ച ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് നൂറനാട് ലെപ്രസി സാനിറ്റോറിയത്തിന്റെ ഉടമസ്ഥതയിലുള്ള 1.73 ഏക്കർ ഭൂമി ഇന്തോ-ടിബറ്റൻ ബോർഡർ പൊലീസിന് സംസ്ഥാനത്തെ ആദ്യ കേന്ദ്രീയ വിദ്യാലയം സ്ഥാപിക്കുന്നതിനായി 99 വർഷത്തെ ലേസിന് നൽകാൻ തീരുമാനിച്ചത്. ഇതിനൊപ്പമാണ് മുൻ ഇടത് സർക്കാർ സാംസ്കാരിക വകുപ്പിന് കൈമാറിയ 5 ഏക്കർ ഭൂമിയുടെ അനുമതി റദ്ദാക്കാൻ യുഡിഎഫ് സർക്കാർ തീരുമാനിച്ചത്.
കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സ്ഥാപക നേതാവും തൊഴിലാളി-കർഷക മുന്നേറ്റങ്ങളുടെ പയനിയറുമായ പി. കൃഷ്ണപിള്ളയുടെ സ്മാരകം വെറുമൊരു രാഷ്ട്രീയ സ്മാരകം മാത്രമല്ലെന്ന് സജി ചെറിയാൻ ചൂണ്ടിക്കാട്ടി. വാർദ്ധക്യകാലത്ത് സാമ്പത്തികമായും സാമൂഹികമായും ഒറ്റപ്പെട്ടുപോകുന്ന അഗതികളായ കലാകാരന്മാർക്ക് അന്തസ്സോടെ ജീവിക്കാനുള്ള ഒരു സാംസ്കാരിക ക്ഷേമകേന്ദ്രം കൂടിയായാണ് 2023 ജനുവരി 23-ലെ ഉത്തരവിലൂടെ എൽഡിഎഫ് സർക്കാർ ഈ പദ്ധതിയിലൂടെ വിഭാവനം ചെയ്തത്. മാനുഷിക പരിഗണനയുള്ള ഈ വലിയ പൊതുജനക്ഷേമ പദ്ധതിയാണ് പുതിയ സർക്കാർ അട്ടിമറിച്ചിരിക്കുന്നത്.
അധികാരം മാറുമ്പോഴെല്ലാം മുൻ സർക്കാരിന്റെ ചരിത്രപരമായ തീരുമാനങ്ങൾ റദ്ദാക്കുന്ന പ്രതികാര രാഷ്ട്രീയത്തിന്റെ തുടർച്ചയാണിതെന്ന് സജി ചെറിയാൻ ആക്ഷേപിച്ചു. കേന്ദ്രീയ വിദ്യാലയം വരുന്നതിനെ സ്വാഗതം ചെയ്യുന്നുവെന്നും എന്നാൽ അതിനായി മറ്റ് അനുയോജ്യമായ സ്ഥലങ്ങൾ കണ്ടെത്താൻ സർക്കാരിന് സാധിക്കുമെന്നിരിക്കെ കൃഷ്ണപിള്ള സ്മാരക പ്രോജക്ടിനെ തന്നെ ലക്ഷ്യം വെച്ചത് ദുരുദ്ദേശപരമാണെന്നും അദ്ദേഹം പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates