

പാലക്കാട്: നെന്മാറ സജിത വധക്കേസില്‍ പ്രതി ചെന്താമരയ്ക്ക് ഇരട്ട ജീവപര്യന്തം ശിക്ഷ. പാലക്കാട് അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. ചെന്താമര നാലേകാല്‍ ലക്ഷം രൂപ പിഴയും ഒടുക്കണം. കേസില്‍ പ്രതി ചെന്താമര കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു.
കൊലപാതകം, തെളിവ് നശിപ്പിക്കല്‍, അതിക്രമിച്ച് കടക്കല്‍ തുടങ്ങിയ കുറ്റകൃത്യങ്ങളാണ് തെളിഞ്ഞിരിക്കുന്നത്. കൊല ചെയ്യണം എന്ന് ഉദ്ദേശത്തോടുകൂടി മുന്‍വൈരാഗ്യത്തോടുകൂടിയാണ് പ്രതി കുറ്റകൃത്യം നടത്തിയതെന്ന് കോടതി നിരീക്ഷിച്ചിരുന്നു. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസല്ലെന്നായിരുന്നു വിധി പ്രസ്താവിക്കുമ്പോള്‍ കോടതി പറഞ്ഞത്. മുമ്പ് ക്രിമിനല്‍ പശ്ചാത്തലമില്ലെന്നും അതുകൊണ്ടാണ് അങ്ങനെ കണക്കാക്കാന്‍ കഴിയാത്തതെന്നുമായിരുന്നു കോടതിയുടെ നിരീക്ഷണം.
രണ്ട് വകുപ്പുകളിലായി ഇരട്ട ജീവപര്യന്തമാണ് വിധിച്ചത്. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാല്‍ മതി. 302ാം വകുപ്പ് പ്രകാരം ജീവപര്യന്തം, 201ാം വകുപ്പ് പ്രകാരം അഞ്ച് വര്‍ഷം, 449ാം വകുപ്പ് പ്രകാരം ജീവപര്യന്തം എന്നിങ്ങനെയാണ് ശിക്ഷ വിധിച്ചത്. നാല് ലക്ഷത്തി ഇരുപത്തിയയ്യായിരം രൂപയാണ് പിഴയായി ഒടുക്കേണ്ടത.് സജിതയുടെ മക്കള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നും കോടതി.
പ്രതി നന്നാകുമെന്ന പ്രതീക്ഷയില്ലെന്നും പരോള്‍ നല്‍കേണ്ട സാഹചര്യമുണ്ടായാല്‍ സജിതയുടെ കുടുംബത്തിന് സുരക്ഷ ഉറപ്പാക്കണമെന്നും കോടതി വ്യക്തമാക്കി. സജിതയുടെ മക്കളുടെ പുനരധിവാസം ഉറപ്പാക്കണമെന്നും കോടതി വിധി പ്രസ്താവിക്കുമ്പോള്‍ പറഞ്ഞു.
2019 ഓഗസ്റ്റ് 31-നാണ് അയല്‍വാസിയായിരുന്ന പോത്തുണ്ടി തിരുത്തംപാടം ബോയന്‍ കോളനിയില്‍ സുധാകരന്റെ ഭാര്യ സജിതയെ ചെന്താമര വെട്ടിക്കൊലപ്പെടുത്തിയത്. ഭാര്യ പിണങ്ങിപ്പോകാന്‍ കരണക്കാരിയാണ് എന്നാരോപിച്ചാണ് സജിതയെ പ്രതി വീട്ടില്‍ക്കയറി കഴുത്തറുത്ത് കൊലപ്പെടുത്തിയത്.
കുടുംബപ്രശ്നം മൂലം ചെന്താമരയുടെ ഭാര്യയും മകളും അകന്നുകഴിയുകയായിരുന്നു. ഇതിനുകാരണം സജിതയും കുടുംബവും ദുര്‍മന്ത്രവാദം നടത്തുകയാണെന്ന് ചെന്താമര വിശ്വസിച്ചിരുന്നു. സജിത കൊലക്കേസില്‍ ജാമ്യത്തിലിറങ്ങിയ ചെന്താമര പിന്നീട് സജിതയുടെ ഭര്‍ത്താവ് സുധാകരനെയും അമ്മയെയും വെട്ടിക്കൊലപ്പെടുത്തിയിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
