കൊച്ചി: പൊക്കാളി മേഖലയിലെ പദ്ധതികൾ വിജയകരമായി മുന്നോട്ടു കൊണ്ടുപോകണമെങ്കിൽ നാട്ടുകാരുടെ സഹകരണം വേണമെന്ന് നടൻ സലിംകുമാർ. പൊക്കാളി പാടത്ത് മത്സ്യക്കൃഷിയുടെ കാലാവസ്ഥ കഴിയുന്ന ഉടൻ തന്നെ പുറത്തു നിന്നുള്ളവര്‍ വലവീശി മീന്‍ പിടിച്ചുകൊണ്ടു പോകുന്നത് അനീതിയാണ്. സ്വന്തം പാടത്ത് മത്സ്യകർഷകനെക്കാൾ അവകാശം പുറത്തു നിന്നുള്ളവർക്കാണെന്ന അവസ്ഥ മറ്റൊരു രാജ്യത്തും ഇല്ലെന്ന് അദ്ദേഹം പറഞ്ഞു.
താന്‍ അതില്‍ അനുഭവസ്ഥനാണെന്നും അദ്ദേഹം പറഞ്ഞു. സ്വന്തമായുള്ള 13 ഏക്കറില്‍ 35,000 കരിമീന്‍ കുഞ്ഞുങ്ങളെ നിക്ഷേപിക്കുകയും അവയെ തീറ്റ കൊടുത്തു വളര്‍ത്തുകയും ചെയ്തു. എന്നാല്‍ ചിലര്‍ കാലാവധിയുടെ പേരു പറഞ്ഞു രണ്ടിഞ്ചു വലുപ്പമുള്ള കരിമീൻ കുഞ്ഞുങ്ങളെ മുഴുവൻ പിടിച്ചു കൊണ്ടു പോയി. ആ ഭൂമിയിപ്പോള്‍ ദുരന്ത ഭൂമിയാണെന്നും കൃഷി മന്ത്രി പി പ്രസാദിന്റെ സാന്നിധ്യത്തിൽ സലിംകുമാർ പറഞ്ഞു.
കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് പ്രകാരം '2025' എന്ന പേരിൽ കുഴുപ്പിള്ളിയിൽ സംഘടിപ്പിച്ച പൊക്കാളി ഏകദിന ശിൽപശാലയിൽ പങ്കെടുക്കാനെത്തിയതായിരുന്നു സലിംകുമാർ.
പൊക്കാളി പോലുള്ള പരമ്പരാഗത വിത്തിനങ്ങളുടെ ഗുണത്തിനും കരുത്തിനും പ്രാധാന്യം നൽകേണ്ടതുണ്ടെന്നും അതു മുൻനിർത്തിക്കൊണ്ടുള്ള പദ്ധതികളാണ് സർക്കാർ ആവിഷ്കരിക്കുന്നതെന്നും മന്ത്രി പി പ്രസാദ് പറഞ്ഞു. ഇത്തരം വിത്തിനങ്ങളെ ഉപേക്ഷിച്ച് മറ്റു വിത്തുകളുടെ പിന്നാലെ പോകുന്ന പ്രവണത കർഷകർ അവസാനിപ്പിക്കണം. കെ.എൻ.ഉണ്ണിക്കൃഷ്ണൻ എംഎൽഎ അധ്യക്ഷത വഹിച്ചു. കലക്ടർ എൻ.എസ്.കെ.ഉമേഷ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ, പ്രിൻസിപ്പൽ കൃഷി ഓഫിസർ ഷേർളി സഖറിയാസ്, വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തുളസി സോമൻ, പറവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കമല സദാനന്ദൻ, പി വി ലാജു തുടങ്ങിയവർ പ്രസംഗിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates