'ഈ മൗനത്തിന്റെ അര്‍ഥമെന്ത്?' പ്രതിപക്ഷത്തിന്റേത് അവസരവാദം; വിമര്‍ശിച്ച് സമസ്ത മുഖപത്രം

സ്‌കൂള്‍ സമയമാറ്റത്തില്‍ സര്‍ക്കാര്‍ സമീപനത്തെ അനുകൂലിച്ചും പ്രതിപക്ഷത്തെ വിമര്‍ശിച്ചും സുപ്രഭാതം ദിനപത്രം
Samastha
മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി ഡി സതീശനുമൊപ്പം സമസ്ത അധ്യക്ഷന്‍ സയ്യിദ് മുഹമ്മദ് ജിഫ്രി(Samastha) ബി പി ദീപു,
Updated on
2 min read

കോഴിക്കോട്: സ്‌കൂള്‍ സമയമാറ്റത്തില്‍ സര്‍ക്കാര്‍ സമീപനത്തെ അനുകൂലിച്ചും പ്രതിപക്ഷത്തെ വിമര്‍ശിച്ചും സുന്നി ഇകെ വിഭാഗത്തിന്റെ ഉടമസ്ഥതയിലുള്ള സുപ്രഭാതം ദിനപത്രം (Samastha). വിഷയത്തില്‍ സര്‍ക്കാരിന് കടുംപിടിത്തമില്ലെന്നും പരാതിയുള്ളവരുമായി ചര്‍ച്ച നടത്തുമെന്നുമുള്ള സര്‍ക്കാര്‍ നിലപാട് ആശ്വാസകരമാണെന്ന് സുപ്രഭാതം മുഖപ്രസംഗത്തില്‍ പറഞ്ഞു. അതേസമയം സമയമാറ്റത്തിനെതിരെ ശക്തമായ നിലപാടു സ്വീകരിക്കാത്ത പ്രതിപക്ഷ രാഷ്ട്രീയപ്പാര്‍ട്ടികളുടെ നിലപാടുകള്‍ അവസരവാദമാണെന്ന് മുഖപ്രസംഗം വിമര്‍ശിക്കുന്നു.

Samastha
ജമാ അത്തെ ഇസ്ലാമിയെ വെള്ളപൂശി വി ഡി സതീശൻ; തിരിച്ചടി ഒഴിവാക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഓട്ടപ്പാച്ചിലില്‍

''പൊതുവിദ്യാലയങ്ങളിലെ ഹൈസ്‌കൂള്‍തല ക്ലാസ് സമയം അരമണിക്കൂര്‍ കൂട്ടാനുള്ള വിദ്യാഭ്യാസവകുപ്പിന്റെ തീരുമാനം സംസ്ഥാനത്തെ ലക്ഷക്കണക്കിന് വിദ്യാര്‍ഥികളിലും രക്ഷിതാക്കളിലുമുണ്ടാക്കുന്ന ആധിയും ആശങ്കയും ചെറുതല്ല. എട്ട് മുതല്‍ 10 വരെ ക്ലാസുകളിലെ പ്രവൃത്തിസമയം വെള്ളിയാഴ്ച ഒഴികെയുള്ള ദിവസങ്ങളില്‍ രാവിലെയും വൈകുന്നേരവും 15 മിനിറ്റ് ദീര്‍ഘിപ്പിച്ചുകൊണ്ടുള്ള ഉത്തരവ് കഴിഞ്ഞ ദിവസം വിദ്യാഭ്യാസവകുപ്പ് പുറത്തിറക്കിയിരുന്നു. നിശ്ചിത പഠനസമയം ഉറപ്പാക്കാന്‍ ഹൈക്കോടതി നിര്‍ദേശപ്രകാരമുള്ള നടപടി എന്നാണ് വിദ്യാഭ്യാസവകുപ്പ് സമയമാറ്റത്തെ ന്യായീകരിക്കുന്നത്. എങ്കിലും ഇത്തരമൊരു തീരുമാനമെടുക്കുമ്പോള്‍ വിദ്യാര്‍ഥികളും രക്ഷിതാക്കളും അധ്യാപകരും അടങ്ങുന്ന സമൂഹവുമായി കൂടിയാലോചിക്കുകയും അവരെ ബോധ്യപ്പെടുത്തുകയും ചെയ്യേണ്ടതായിരുന്നു. സമയമാറ്റം മദ്‌റസാപഠനത്തിന് വരുത്തിയേക്കാവുന്ന പ്രതിസന്ധി, സമസ്ത കേരള ജംഇയ്യതുല്‍ ഉലമ അധ്യക്ഷന്‍ സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ പൊതുവേദിയില്‍ മുഖ്യമന്ത്രിയെ ബോധ്യപ്പെടുത്തുകയുണ്ടായി. വിഷയത്തില്‍ സര്‍ക്കാരിന് കടുംപിടിത്തമില്ലെന്നും പരാതിയുള്ളവരുമായി ചര്‍ച്ച നടത്താമെന്നും മുഖ്യമന്ത്രിതന്നെ സമസ്ത പ്രസിഡന്റ് ഇരിക്കുന്ന വേദിയില്‍വ്യക്തമാക്കിയത്, ഉന്നതങ്ങളിലുള്ള നീക്കങ്ങളായി വേണം കാണാന്‍''- മുഖപ്രസംഗം പറയുന്നു.

''സ്‌കൂളുകളിലെ അധിക സമയക്രമീകരണത്തില്‍ ആരുടെയും മതവിശ്വാസത്തെ വ്രണപ്പെടുത്തണമെന്ന് സര്‍ക്കാരിന് ഉദ്ദേശ്യമില്ലെന്ന വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടിയുടെ വാക്കുകളും ആശ്വാസ നീക്കമായി ചേര്‍ത്തുവായിക്കാനാണ് ഞങ്ങളും ഇഷ്ടപ്പെടുന്നത്. കോടതിയുടെ നിര്‍ദേശപ്രകാരം മുഖ്യമന്ത്രിയുമായി ആലോചിച്ച് അന്തിമ തീരുമാനമെടുക്കുമെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. സംസ്ഥാനത്തെ സ്‌കൂള്‍ പഠന സാഹചര്യമെന്തെന്ന് സര്‍ക്കാരിന് കോടതിയെ ബോധ്യപ്പെടുത്താനാവണം. സമയമാറ്റം പ്രതികൂലമായി ബാധിക്കുക മദ്‌റസ വിദ്യാര്‍ഥികളെ മാത്രമല്ല, രാവിലെ സ്വകാര്യ ട്യൂഷനെ ആശ്രയിക്കുന്ന, പൊതുഗതാഗത സംവിധാനങ്ങള്‍ ഉപയോഗിച്ച് വിദൂര സ്‌കൂളുകളില്‍ പോയി പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കെല്ലാം തിരിച്ചടിയാണ്. മലയോരമേഖലകള്‍, ഒറ്റപ്പെട്ട തുരുത്തുകള്‍, ഉള്‍നാടന്‍ ഗ്രാമങ്ങള്‍, ആദിവാസി ഗോത്രവിഭാഗങ്ങള്‍ ഉള്‍പ്പെടെ പ്രാന്തവല്‍കൃതവിഭാഗങ്ങള്‍ താമസിക്കുന്ന ഇടങ്ങളില്‍ നിന്നൊക്കെയുള്ള കുട്ടികള്‍ പൊതുഗതാഗതത്തെ ആശ്രയിച്ചാണ് സ്‌കൂളുകളില്‍ എത്തുന്നത്. ഈ വിദ്യാര്‍ഥികള്‍ക്ക്, മാറ്റിയ സമയത്ത് എത്തിച്ചേരുക ഏറെ പ്രയാസകരമാണ്. ട്രെയിനില്‍ ദീര്‍ഘദൂരം യാത്രചെയ്ത് പാഠശാലകളിലെത്തുന്ന അധ്യാപകരും നിരവധിയുണ്ട്. കുട്ടികളെ തയാറാക്കി സ്‌കൂള്‍പഠനത്തിന് അയക്കേണ്ട അധ്യാപകരക്ഷിതാക്കളുടെ കഷ്ടപ്പാടും കാണാതിരിക്കരുത്.''

''സമയമാറ്റം സംബന്ധിച്ച് ഇതുവരെ ശക്തമായ നിലപാടുകള്‍ സ്വീകരിക്കാത്ത പ്രതിപക്ഷ രാഷ്ട്രീയപ്പാര്‍ട്ടികളുടെ മൗനത്തിന്റെ അര്‍ഥമെന്ത്? മതപഠനത്തെയും പൊതുസമൂഹത്തെയും ബാധിക്കുന്ന ഈ വിഷയത്തില്‍ പ്രതികരിക്കാതെ ഒളിച്ചോടുന്നവര്‍ സമയമാറ്റത്തെ അനുകൂലിക്കുന്നുവെങ്കില്‍ അതു വ്യക്തമാക്കേണ്ടിയിരിക്കുന്നു. ന്യൂനപക്ഷ അവകാശ സംരക്ഷണത്തില്‍ പ്രതിപക്ഷ രാഷ്ട്രീയപ്പാര്‍ട്ടികളുടെ നിലപാടുകള്‍ അവസരവാദമാണെന്ന് അപ്പോള്‍ പൊതുസമൂഹത്തിന് തിരിച്ചറിയാനാവും.''

'

Samastha
'പെട്ടി തുറന്നു പരിശോധിച്ചിട്ടു പോയാല്‍ മതി'; ഈ ഷോ പാലക്കാടും ഉണ്ടായിരുന്നെന്ന് ഷാഫി

'രാവിലെയും വൈകിട്ടും കാല്‍ മണിക്കൂര്‍ വീതം പഠനസമയം കൂട്ടുന്നത് മദ്‌റസ വിദ്യാഭ്യാസത്തെ ബാധിക്കില്ലെന്നാണ് വിദ്യാഭ്യാസവകുപ്പ് അവകാശപ്പെടുന്നത്. ഇത് വസ്തുതകള്‍ക്ക് നിരക്കുന്നതല്ല. രാവിലെ എട്ട് മണിവരെയാണ് ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കുവേണ്ടി മിക്കയിടങ്ങളിലും മദ്‌റസാപഠനം ക്രമീകരിച്ചിട്ടുള്ളത്. ഒന്നര രണ്ടു മണിക്കൂറാണ് മദ്‌റസാപഠനം. സ്‌കൂള്‍ സമയം കുറച്ചുകൂടി നേരത്തെയാകുമ്പോള്‍ അത് മദ്‌റസാപഠനത്തെ ബാധിക്കും. ഗ്രാമങ്ങളിലുള്ള കുട്ടികള്‍ക്ക് മദ്‌റസാപഠനം കഴിഞ്ഞുവേണം ദൂരത്തുള്ള ഹൈസ്‌കൂളുകളിലെത്താന്‍. ഭൂരിഭാഗം വിദ്യാര്‍ഥികളും പൊതുഗതാഗതത്തെയാണ് ആശ്രയിക്കുന്നത്. സമയത്തിന് വാഹനസൗകര്യം ലഭ്യമായില്ലെങ്കില്‍ മതപഠനസമയം വെട്ടിക്കുറയ്‌ക്കേണ്ടി വരും.

പ്രതികൂലമായി ബാധിക്കുന്ന ഇത്തരം അപരിഷ്‌കൃത തീരുമാനങ്ങള്‍ നടപ്പാക്കാനുള്ള ശ്രമം വിദ്യാഭ്യാസവകുപ്പിന്റെ ഭാഗത്തുനിന്ന് നേരത്തെയും ഉണ്ടായിരുന്നു. പക്ഷേ കേരളസമൂഹം ഇത് അംഗീകരിച്ചിരുന്നില്ല. 2007ല്‍ അന്നത്തെ ഇടതുസര്‍ക്കാര്‍ സ്‌കൂള്‍ സമയമാറ്റം കൊണ്ടുവരാന്‍ ശ്രമിച്ചപ്പോഴും 2022ല്‍ ഖാദര്‍ കമ്മിറ്റി, സ്‌കൂള്‍ ക്ലാസുകള്‍ രാവിലെ എട്ടിന് ആരംഭിച്ച് ഉച്ച ഒന്നിന് അവസാനിപ്പിക്കണമെന്ന് ശുപാര്‍ശ നല്‍കിയപ്പോഴുമെല്ലാം വ്യാപക പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു. ഭരണാധികാരികള്‍ ചരിത്രത്തില്‍നിന്ന് ഒരുപാഠവും പഠിക്കുന്നില്ല എന്നത് ഖേദകരമാണ്.''- മുഖപ്രസംഗത്തില്‍ പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com