

കൊച്ചി: കേരള തീരത്ത് കഴിഞ്ഞ വര്‍ഷം അപ്രതീക്ഷിതമായി ചെറുമത്തി പെരുകിയതിനും തുടര്‍ന്നുണ്ടായ പാരിസ്ഥിതിക, സാമ്പത്തിക പ്രത്യാഘാതങ്ങള്‍ക്കും കാരണം മണ്‍സൂണ്‍ മഴയിലെ മാറ്റങ്ങളെന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ (സിഎംഎഫ്ആര്‍ഐ) പഠനം. കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്നു കടലിലുണ്ടാകുന്ന മാറ്റങ്ങള്‍ മത്തി ലഭ്യതയില്‍ വലിയ ഏറ്റക്കുറച്ചിലിനു കാരണമാകുന്നതായും പഠനം വ്യക്തമാക്കുന്നു. കാലാവസ്ഥാ മാറ്റം ഇത്തരം ഏറ്റക്കുറച്ചിലുകള്‍ക്കു കാരണമാകുന്നതിനാല്‍ ഓരോ മത്സ്യത്തിനും അനുയോജ്യമായ ഹ്രസ്വകാല മുന്നറിയിപ്പുകള്‍ വേണമെന്നും സാഹചര്യം പരിഗണിച്ച് പ്രാദേശിക മത്സ്യബന്ധന നിയന്ത്രണങ്ങള്‍ ആകാമെന്നും പഠനം ശുപാര്‍ശ ചെയ്യുന്നു. സിഎംഎഫ്ആര്‍ഐ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ യു. ഗംഗയുടെ നേതൃത്വത്തില്‍ നടത്തിയ പഠനം കറന്റ് സയന്‍സ് ജേണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
കൊച്ചി, വിഴിഞ്ഞം, കോഴിക്കോട് എന്നിവിടങ്ങളിലെ സമുദ്ര ജൈവശാസ്ത്ര ഘടകങ്ങള്‍ വിശകലനം ചെയ്തായിരുന്നു പഠനം. 2012ല്‍ സംസ്ഥാനത്ത് 4 ലക്ഷം ടണ്‍ എന്ന റെക്കോര്‍ഡ് അളവില്‍ ലഭിച്ച മത്തി 2021ല്‍ വെറും 3500 ടണ്ണായി ഇടിഞ്ഞു. എന്നാല്‍, കഴിഞ്ഞ വര്‍ഷം ശരാശരി 10 സെന്റിമീറ്റര്‍ വലുപ്പമുള്ള ചെറുമത്തി കേരള തീരത്തു വന്‍തോതില്‍ പ്രത്യക്ഷപ്പെട്ടു. കോഴിക്കോട്, തൃശൂര്‍ ജില്ലകളില്‍ ഇവ കൂട്ടത്തോടെ കരയ്ക്കടിയുകയും ചെയ്തു. മത്തിക്കുഞ്ഞുങ്ങളുടെ എണ്ണം പെരുകിയതോടെ ഭക്ഷ്യ ലഭ്യത ക്രമേണ കുറഞ്ഞത് അവയുടെ വളര്‍ച്ച മുരടിക്കാനും തൂക്കം കുറയാനും കാരണമായി. തുടര്‍ന്നു വിപണിയില്‍ മത്തിയുടെ വില കുത്തനെ ഇടിഞ്ഞു. മത്തിക്കുഞ്ഞുങ്ങളെ പിടിക്കുന്നതു നിര്‍ത്തിവയ്‌ക്കേണ്ടി വന്നു.
അനുകൂല മണ്‍സൂണ്‍ മഴയും അടിത്തട്ടിലെ പോഷക സമൃദ്ധമായ വെള്ളം മുകളിലേക്കു വന്നതും (അപ് വെല്ലിങ്) മൂലം സൂക്ഷ്മ പ്ലവകങ്ങള്‍ പെരുകിയതാണ് മത്തിക്കുഞ്ഞുങ്ങള്‍ പെരുകാന്‍ കാരണം. ആവാസവ്യവസ്ഥ എത്രത്തോളം ഉല്‍പാദനക്ഷമം ആണെന്നതു മത്തി ലഭ്യതയെ ഏറെ സ്വാധീനിക്കുന്ന ഘടകമാണ്. സമുദ്രത്തിലെ ഉഷ്ണതരംഗങ്ങളും മത്തിയുടെ പ്രജനനത്തെയും വ്യാപനത്തെയും ബാധിക്കുമെന്നും പഠന റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
