

കോഴിക്കോട്: യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റ് മുഈന്‍ അലിയുടെ വാര്‍ത്താസമ്മേളനം തടസപ്പെടുത്തി പറഞ്ഞ വിവാദ പരാമര്‍ശങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് ലീഗ് പ്രവര്‍ത്തകന്‍ റാഫി പുതിയകടവ്. പറയാന്‍ പാടില്ലാത്ത കാര്യങ്ങളാണ് പറഞ്ഞുപോയത്. ലക്ഷകണക്കിന് പ്രവര്‍ത്തകരുടെ വികാരമാണ് താന്‍ അവിടെ പ്രകടിപ്പിച്ചതെന്നും റാഫി പുതിയ കടവ് മാധ്യമങ്ങളോട് പറഞ്ഞു.
കഴിഞ്ഞദിവസം പാര്‍ട്ടിയുടെ സംസ്ഥാന കമ്മിറ്റി ഓഫീസില്‍ ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ മുഈന്‍ അലി വിമര്‍ശനം ഉന്നയിക്കുന്നതിനിടെയാണ് റാഫി പുതിയ കടവ് വാര്‍ത്താസമ്മേളനം തടസ്സപ്പെടുത്തിയത്. ലീഗ് അധ്യക്ഷന്‍ പാണക്കാട് ഹൈദരലി തങ്ങളെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുന്നില്‍ വരുത്തിയതിന് ആസ്പദമായ കാര്യങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം കുഞ്ഞാലിക്കുട്ടിക്ക് ആണെന്നാണ് മുഈന്‍ അലി ആരോപിച്ചത്. വാര്‍ത്താസമ്മേളനം പുരോഗമിക്കുന്നതിനിടെ മുഈന്‍ അലി പറയുന്നത് തടസ്സപ്പെടുത്താന്‍ ശ്രമിച്ചത് വിവാദമായ പശ്ചാത്തലത്തിലാണ് റാഫി പുതിയ കടവ് ഖേദ പ്രകടനവുമായി രംഗത്തുവന്നത്.
ലക്ഷകണക്കിന് പ്രവര്‍ത്തകരുടെ വികാരമാണ് താന്‍ അവിടെ പ്രകടിപ്പിച്ചതെന്നും റാഫി പുതിയ കടവ് പറഞ്ഞു. പറയാന്‍ പാടില്ലാത്ത കാര്യങ്ങളാണ് പറഞ്ഞുപോയത്. അതില്‍ ഖേദം പ്രകടിപ്പിക്കുന്നു. ലക്ഷകണക്കിന് പേര്‍ ആദരിക്കുന്ന വ്യക്തിത്വമാണ് പാണക്കാട് ഹൈദരലി തങ്ങള്‍. അദ്ദേഹത്തിന് കൂടി അപമാനം ഉണ്ടാക്കുന്ന വിധം മകന്‍ സംസാരിച്ചു തുടങ്ങിയപ്പോഴാണ് ഇടപെട്ടതെന്നും റാഫി പുതിയ കടവ് പറഞ്ഞു.
ഹൈദരലി തങ്ങള്‍ ഇപ്പോള്‍ വിഷമം അനുഭവിക്കുന്നത് മകനെ കൊണ്ടാണ്. പാര്‍ട്ടി സംസ്ഥാന കമ്മിറ്റി ഓഫീസില്‍ നേതാക്കളെ തേജോവധം ചെയ്യാന്‍ ഹൈദരലി തങ്ങളുടെ മകന്‍ മുഈന്‍ അലി ശ്രമിച്ചപ്പോഴാണ് തടയാന്‍ ശ്രമിച്ചത്. പാര്‍ട്ടിയുടെ സംസ്ഥാന പ്രസിഡന്റിന്റെ മകന്‍ പറയുമ്പോള്‍ അതിന്റെ ക്ഷീണം ഹൈദരലി തങ്ങള്‍ക്ക് കൂടിയാണ്. ഹൈദരലി തങ്ങള്‍ ഇപ്പോള്‍ ചികിത്സയിലാണ്. ഈസമയത്താണ് ഹൈദരലി തങ്ങള്‍ക്ക് കൂടി അപമാനം ഉണ്ടാക്കുന്ന വിധം മകന്‍ സംസാരിച്ചതെന്നും അദ്ദേഹം ആരോപിച്ചു.
പാര്‍ട്ടിയെയും നേതാക്കളെയും തേജോവധം ചെയ്യാനുള്ള ശ്രമം തടയുകയാണ് ഉണ്ടായത്. ലക്ഷകണക്കിന് പാര്‍ട്ടിപ്രവര്‍ത്തകരുടെ വികാരമാണ് താന്‍ അവിടെ പ്രകടിപ്പിച്ചത്. എന്നാല്‍ പറഞ്ഞ വാക്കുകളില്‍ പ്രയാസമുണ്ടെന്നും റാഫി പുതിയ കടവ് പറഞ്ഞു.
 
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
