റോക്കറ്റ് വിക്ഷേപണ സമയത്ത് പൂജ ചെയ്യാമോ?, ദൈവം ഉണ്ടോ?; എസ് സോമനാഥ് പറയുന്നു

ആത്മീയത, ശാസ്ത്രീയത എന്നിങ്ങനെ രണ്ടിലൂടെയും പോയാലേ പൂര്‍ണമായി അറിവ് നേടാന്‍ സാധിക്കൂ എന്നാണ് താന്‍ കരുതുന്നത് എന്ന് ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാന്‍ എസ് സോമനാഥ്
s somnath
എസ് സോമനാഥ് ( s somnath) ഫയൽ
Updated on
2 min read

തിരുവനന്തപുരം: ആത്മീയത, ശാസ്ത്രീയത എന്നിങ്ങനെ രണ്ടിലൂടെയും പോയാലേ പൂര്‍ണമായി അറിവ് നേടാന്‍ സാധിക്കൂ എന്നാണ് താന്‍ കരുതുന്നത് എന്ന് ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാന്‍ എസ് സോമനാഥ് ( s somnath). ഒരുപാട് ചോദ്യങ്ങള്‍ ബാക്കിയായി ഉണ്ട്. ഉത്തരങ്ങള്‍ ഇല്ലാത്ത അവസ്ഥയാണ്. ശാസ്ത്രീയതയുടെ അടിസ്ഥാനം പുസ്തകങ്ങളാണ്. ഉത്തരങ്ങള്‍ പുസ്തകത്തിലും ഇല്ല. ക്ഷേത്രങ്ങളിലുമില്ല. അതുകൊണ്ട് ഉത്തരം സ്വയം കണ്ടെത്തേണ്ട സാധനമാണെന്നും സോമനാഥ് പറഞ്ഞു. ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ എക്‌സ്പ്രസ് ഡയലോഗ്‌സില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു സോമനാഥ്.

'ഞാന്‍ വിശ്വാസിയല്ല. ഞാന്‍ ഒന്നും വിശ്വസിക്കുന്നില്ല. അതുകൊണ്ട് എന്നെ വിശ്വാസികളുടെ കൂട്ടത്തില്‍ പെടുത്തരുത്. പക്ഷേ ക്ഷേത്രങ്ങളില്‍ പോകാറുണ്ട്. പോകുന്നത് പല ഉദ്ദേശങ്ങള്‍ കൊണ്ടാണ്. ക്ഷേത്രങ്ങള്‍ ഒരു തലമുറയുടെ ബാക്കിയിരിപ്പാണ്. സംസ്‌കാരത്തിന്റെ ഭാഗമാണ്. അവിടെ പോകുന്നത് ഈശ്വരനെ കാണാനോ പ്രാര്‍ഥിക്കാനോ അല്ല. അവിടെ ഞാന്‍ പോകുന്നത് ഒരു സംസ്‌കാരത്തിന്റെ ഭാഗമായിട്ടാണ്. അവിടെ പോയി പ്രാര്‍ഥിച്ചാല്‍ എനിക്ക് കിട്ടും എന്ന വിശ്വാസം ഒന്നും എനിക്കില്ല. അങ്ങനെ ഒരു ആശയത്തിന്റെ പുറത്ത് പോകുന്നതുമല്ല. അങ്ങനെ ആരും തെറ്റിദ്ധരിക്കേണ്ട. എന്‍റെ ആത്മീയ പ്രക്രിയയില്‍ ഞാന്‍ ഒരു അന്വേഷകനാണ്. ഞാന്‍ ഒരുപാട് വായിച്ചിട്ടുണ്ട്.അറിഞ്ഞിട്ടുണ്ട്. മനസിലാക്കാന്‍ ശ്രമിക്കുന്നുണ്ട്. പക്ഷേ ഇപ്പോഴും അറിവ് അപൂര്‍ണമാണ്. ഒരുപാട് ചോദ്യങ്ങള്‍ ബാക്കിയായി ഉണ്ട്. ഉത്തരങ്ങള്‍ ഇല്ലാത്ത അവസ്ഥയാണ്. ഉത്തരങ്ങള്‍ കിട്ടാന്‍ എളുപ്പമല്ല എന്ന് എനിക്ക് അറിയാം. കണ്ടെത്തിയെ പറ്റൂ. ശാസ്ത്രജ്ഞന്‍ ആയിട്ടു പോലും പലതിനും ഉത്തരങ്ങളില്ല. ശാസ്ത്രത്തിന് പരിമിതികള്‍ ഉണ്ടാവാം. എന്നാല്‍ അതിനെ കുറിച്ച് പൂര്‍ണമായി ബോധ്യം ഉള്ള ആളല്ല ഞാന്‍.വായിച്ചു അറിയുന്നത് മാത്രമാണ് എന്റെ അറിവ്. എന്‍ജിനീയര്‍ ആയതു കൊണ്ട് അനുഭവസമ്പത്ത് വഴി ലഭിച്ച അറിവും ഉണ്ട്. ഇനിയും ഒരുപാട് അറിയാനുണ്ട്. എന്റെ ജീവിതകാലത്ത് മുഴുവനായി അറിയാന്‍ സാധിക്കുമോ എന്ന് എനിക്ക് അറിയില്ല. ആത്മീയത, ശാസ്ത്രീയത എന്നിങ്ങനെ രണ്ടിലൂടെയും പോയാലേ പൂര്‍ണമായി അറിയാന്‍ സാധിക്കൂ എന്നാണ് ഞാന്‍ കരുതുന്നത്. ഉത്തരങ്ങള്‍ പുസ്തകത്തിലും ഇല്ല. ക്ഷേത്രങ്ങളിലുമില്ല. അതുകൊണ്ട് ഉത്തരം സ്വയം കണ്ടെത്തേണ്ട സാധനമാണ്. സ്വയം കണ്ടെത്താനുള്ള പ്രക്രിയയിലാണ് ഞാന്‍.'- സോമനാഥ് പറഞ്ഞു.

'പൂജ, സംസ്‌കാരത്തിന്റെ ഭാഗമാണ്. ജനിച്ചുവളര്‍ന്ന കുടുംബവും കണ്ടുതീര്‍ന്ന ഒരു സംസ്‌കാരവുമുണ്ട്. സംസ്‌കാരങ്ങളിലൂടെയാണ് നമ്മള്‍ ഇവിടെ എത്തിയത്. ഇപ്പോള്‍ ചിന്തിക്കുമ്പോള്‍ ആ സംസ്‌കാരം ശരിയല്ലെന്നോ പിന്തുടരേണ്ടതില്ലെന്നോ തീരുമാനിക്കാം.ആ സ്വാതന്ത്ര്യം നിങ്ങള്‍ക്ക് ഉണ്ട്. പക്ഷേ അതിലൂടെയാണ് ഓരോരുത്തരും കടന്നുവന്നത്. കുടുംബത്തിന്റെയും സമൂഹത്തിന്റെയും രാജ്യത്തിന്റെയും സംസ്‌കാരത്തിലൂടെയാണ് എല്ലാവരും വന്നിരിക്കുന്നത്. അതിനെ നിഷേധിക്കുന്നത് സ്മാര്‍ട്ട് ആയിട്ടുള്ള കാര്യമായിട്ട് ഞാന്‍ കരുതുന്നില്ല. ചോദ്യങ്ങള്‍ ചോദിക്കാം. വേണ്ടെന്ന് വെയ്ക്കാം. അതൊക്കേ നിങ്ങളുടെ സ്വാതന്ത്ര്യം. അതോടൊപ്പം നിങ്ങള്‍ ഒരു സമൂഹത്തിലാണ് ജീവിക്കുന്നത് എന്ന കാര്യം മറക്കരുത്. ഒരു റോക്കറ്റ് വിക്ഷേപണ സമയത്ത് ഒരാള്‍ പൂജ ചെയ്യുകയാണെങ്കില്‍ പൂജ ചെയ്യരുത് എന്ന് പറയാന്‍ കഴിയില്ല. കാരണം എല്ലാവരും ഒരേ തലത്തില്‍ ചിന്തിക്കുന്നവര്‍ ആയിരിക്കില്ല. എന്നെ സംബന്ധിച്ച് പൂജ പ്രധാനമായിരിക്കണമെന്നില്ല. എനിക്ക് തിരിച്ചറിയുന്നുണ്ടായിരിക്കും ആ പൂജ കൊണ്ട് പ്രത്യേകിച്ച് ഗുണം ഉണ്ടാവില്ല എന്ന്. പക്ഷേ ഉണ്ട് എന്ന് ചിന്തിക്കുന്നവരുടെ സൈക്കോളജിയെ ഇല്ലാതാക്കാന്‍ ഞാന്‍ ആളല്ല. ആ സമയത്ത് ഞാന്‍ അവരോടൊപ്പം നില്‍ക്കുകയും പങ്കെടുക്കുകയും ചെയ്യും. ഞാന്‍ ക്ഷേത്രത്തില്‍ പോകുമ്പോള്‍ ആ ദേവിയാണ് എനിക്ക് എല്ലാം തരുന്നത് എന്നും വിശ്വസിക്കുന്നവര്‍ ഉണ്ട്. അവരെ ഞാന്‍ കുറ്റം പറയില്ല. എന്നാല്‍ ഞാന്‍ അങ്ങനെ ചിന്തിക്കണമെന്ന് നിര്‍ബന്ധിക്കാന്‍ ആകില്ല ആര്‍ക്കും. അവര്‍ വളര്‍ന്നുവന്ന പശ്ചാത്തലത്തില്‍ നിന്ന് കണ്ടെത്തിയതാണ് അവര്‍ ചെയ്യുന്നത്. അവര്‍ പ്രകടിപ്പിക്കുന്നത്. അത് സമൂഹത്തെ ബാധിക്കുന്നുണ്ടോ എന്ന് മാത്രം നോക്കിയാല്‍ മതി. അങ്ങനെ സംഭവിക്കുന്നുണ്ടെങ്കില്‍ മാത്രം തിരുത്തിയാല്‍ മതി. ദൈവത്തെ ഞാന്‍ കണ്ടിട്ടില്ല. ദൈവം ഉണ്ടോ എന്നും എനിക്ക് അറിയില്ല. അതുകൊണ്ട് ദൈവം ഇല്ലായെന്ന് പറയാന്‍ ഞാന്‍ ആളല്ല. ഇതുസംബന്ധിച്ച് എന്തെങ്കിലും ചോദ്യം വന്നാല്‍ അറിയില്ല എന്ന് മാത്രമാണ് ഞാന്‍ പറയാറ്'- സോമനാഥ് കൂട്ടിച്ചേര്‍ത്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com