

വിഡി സതീശനോട് തനിക്ക് മതിപ്പ് ഉണ്ടായിരുന്നുവെന്നും യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ മുഖ്യമന്ത്രി ആയി സതീശന്‍ വരണം എന്ന് താന്‍ ആഗ്രഹിച്ചിരുന്നുവെന്നും രാഷ്ട്രീയ നിരീക്ഷകനായ സെബാസ്റ്റ്യന്‍ പോള്‍. എന്നാല്‍ അധികാരത്തിലേറി നൂറ് ദിനങ്ങള്‍ പിന്നിട്ടപ്പോള്‍ ആ മതിപ്പ് പോയെന്ന് സെബാസ്റ്റ്യന്‍ പോള്‍ സമകാലിക മലയാളത്തോട് പറഞ്ഞു.
വിദേശയാത്ര, ഹെലികോപ്റ്റര്‍ വിവാദത്തിലെ സ്‌പോണ്‍സര്‍മാരുടെ പേരുകള്‍ ജനങ്ങളോട് വെളിപ്പെടുത്താന്‍ സതീശന്‍ മടിക്കുന്നത് എന്തിനാണ്...? പ്രളയഫണ്ട് വിതരണം തടസപ്പെട്ടതും പവര്‍കട്ടും സര്‍ക്കാരിന്റെ ജനകീയ മുഖം നഷ്ടപ്പെടുത്തി. അഴിമതിയുടെ പാപഭാരത്താല്‍ നിവര്‍ന്ന് നില്‍ക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് പിണറായി വിജയന്‍. എന്നാല്‍, കരിമണല്‍ കേസില്‍ പിണറായി വിജയനോ മകള്‍ വീണയോ ശിക്ഷിക്കപ്പെടില്ലെന്നും സെബാസ്റ്റ്യന്‍ പോള്‍ പറഞ്ഞു.
വിഡി സതീശന്‍ സര്‍ക്കാര്‍ തന്റെ ഇന്നിംഗ്‌സ് ആരംഭിച്ചിട്ടേയുള്ളു. ഇത്ര വലിയ വിമര്‍ശനം?
സതീശനില്‍ എനിക്ക് പ്രതീക്ഷ ഉണ്ടായിരുന്നു. എന്നാല്‍ രഹസ്യാത്മകമായി സ്‌പോണ്‍സര്‍മാരുമായി ചേര്‍ന്നുള്ള ഭരണം സതീശന്റെ പ്രതിച്ഛായ കളഞ്ഞു. നൂറ് ദിനങ്ങള്‍ പിന്നിട്ടപ്പോഴേക്കും മന്ത്രിമാര്‍ സ്‌പോണ്‍സര്‍ഷിപ്പില്‍ ടൂര്‍ പോവുകയാണ്. 37 വയസുള്ള മന്ത്രി വിദേശത്തിരുന്ന് താന്‍ തന്തവൈബ് അല്ലാ എന്ന് പറയുന്നു. സുഹൃത്തിന്റെ റെയ്ഞ്ച്‌റോവര്‍ കാര്‍ ഔദ്യോഗിക ബോര്‍ഡും നമ്പറും ഉപയോഗിച്ച മറ്റൊരു മന്ത്രി ബര്‍ഗേറിയയിലേക്ക് ടൂര്‍ പോയിരിക്കുന്നു. ഇതിനെയെല്ലാം സതീശന്‍ ന്യായീകരിക്കുകയാണ്.
ഔചിത്യ പൂര്‍വ്വം ഒഴിവാക്കേണ്ട കാര്യങ്ങള്‍ ഒഴിവാക്കുകയും പാളിച്ച വന്നാല്‍ അത് തിരുത്തിയും പോവുക. അതിന് പകരം അനാവശ്യമായ വിശദീകരണങ്ങളും വ്യാഖ്യാനങ്ങളും കാരണം സതീശന്‍ തന്റെ വില കളഞ്ഞു. കുട്ടനാട്ടില്‍ ഉള്‍പ്പടെ പ്രളയ ഫണ്ട് വിതരണം പാളി. പത്ത് വര്‍ഷംകൊണ്ട് ഇല്ലാത്ത വൈദ്യുതി പ്രതിസന്ധിയും പവര്‍കട്ടും ഇവിടെ ഉണ്ടായി.
താന്‍ നിലപാട് മാറ്റില്ല എന്ന് എപ്പോഴും പറയുന്ന ആളാണ് സതീശന്‍. ഇപ്പോള്‍ നിലപാടില്‍ മാറ്റം വന്നിട്ടുണ്ടോ...?
അടിയന്തര സാഹചര്യങ്ങളില്‍ നിലപാട് മാറ്റം വരുത്തേണ്ടി വരും. അങ്ങിനെ നിലപാട് മാറ്റാനുള്ള സാഹചര്യം ഉണ്ടായിട്ടില്ല... മലപ്പുറത്ത് പ്രളയം ഉണ്ടായി എന്ന് പറഞ്ഞ് തിരുവനന്തപുരത്ത് ഇരിക്കുന്ന മുഖ്യമന്ത്രി ബാംഗ്ലൂരില്‍ നിന്ന് ഹെലികോപ്റ്റര്‍ എടുത്ത് മലപ്പുറത്ത് പോയി ഇറങ്ങി എന്ന് പറഞ്ഞാല്‍.... അതൊക്കെ ചെയ്യാം... ആരുടെ വിമാനം എന്ന് ചോദിച്ചാല്‍ ഉത്തരം പറയേണ്ടേ...? മന്ത്രിമാര്‍ക്ക് വിമാന യാത്ര സ്‌പോണ്‍സര്‍ഷിപ്പിലാണ്. ആരാണ് സ്‌പോണ്‍സര്‍ എന്ന് ചോദിച്ചാല്‍ ഉത്തരമില്ല... അങ്ങിനെ എല്ലാം ജനങ്ങളില്‍ നിന്ന് മറച്ച് വെച്ചുകൊണ്ട് ഒരു രഹസ്യാത്മകത സൃഷ്ടിച്ച് ഒരു സര്‍ക്കാര്‍ ഭരിച്ചാല്‍ സുതാര്യത എന്ന ഗുണം ചോര്‍ന്ന് പോകും.
മുഖ്യമന്ത്രിയായ പിണറായി വിജയന്‍ പ്രതിപക്ഷനേതാവായി വന്നപ്പോള്‍?
പ്രതിപക്ഷ നിലയില്‍ പിണറായിയുടെ പ്രകടനം തൃപ്തികരമല്ല. മുഖ്യമന്ത്രി സ്ഥാനം പോയപ്പോള്‍ കാബിനറ്റ് റാങ്കുള്ള ഒരു പദവി അദ്ദേഹം നേടി എടുത്തു. പ്രതിപക്ഷ ഉപനേതാവ് പദവി കൂടി കൈയ്യടക്കി വെച്ചിരിക്കുകയാണ്. ഉപനേതാവ് പദവി പിണറായി വിട്ടുവീഴ്ച ചെയ്യേണ്ട കാര്യമല്ല, മുന്നണിക്കുള്ളില്‍ തീരുമാനിക്കേണ്ടതാണ്. ഞാന്‍ എഴുതുന്ന കത്ത്, അതില്‍ ഞാന്‍ എഴുതുന്ന പേര് എന്ന രീതിയില്‍ അല്ല ഉപനേതാവിനെ തെരഞ്ഞെടുക്കേണ്ടത്. പാര്‍ലമെന്ററി ജനാധിപത്യത്തില്‍ അനുസൃതമായി പ്രവര്‍ത്തിക്കുന്ന പ്രതിപക്ഷനേതാവല്ല അദ്ദേഹം.
എല്‍ഡിഎഫിന് ഇത്ര വലിയ തോല്‍വി താങ്കള്‍ പ്രതീക്ഷിച്ചിരുന്നോ?
അവിശ്വസനീയമായ പരാജയം ഉണ്ടായി. പാര്‍ട്ടി പരിശോധിക്കണം. ഇത്ര ദയനീയമായ തോല്‍വി സംഭവിക്കാനുള്ള മോശം ഭരണം ആയിരുന്നില്ല. പിണറായി വിജയന്‍ ഒരിക്കല്‍ കൂടി മുഖ്യമന്ത്രിയായി കാണരുത് എന്ന് വോട്ടര്‍മാര്‍ തീരുമാനിച്ചു. ആ വ്യക്തിയുടെ പ്രശ്‌നം ആണത്. വിജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നവര്‍ തോല്‍വിയുടെ ഉത്തരവാദിത്തവും ഏറ്റെടുക്കണം... വോട്ട് ചെയ്യാന്‍ പോയവര്‍ക്ക് തെറ്റു പറ്റി എന്ന വിശദീകരണവുമായിട്ടാണ് പാര്‍ട്ടി ഇരിക്കുന്നതെങ്കില്‍ തോല്‍വിയില്‍ നിന്ന് പാഠം പഠിച്ചിട്ടില്ല പാര്‍ട്ടി എന്നാണ് വിലയിരുത്തേണ്ടത്. ഒന്നും മനസ്സിലാക്കാതെ മുന്നോട്ട് പോയാല്‍ പാര്‍ട്ടിക്ക് ഭാവി ഇല്ല. പാര്‍ട്ടി ഇല്ലാതാകും.
മാസപ്പടി, ഹവാല കേസുകളില്‍ പിണറായിയും കുടുംബവും അന്വേഷണം നേരിടുകയാണ്?
പിണറായി വിജയന്റെ നിര്‍ഭാഗ്യം എന്നേ പറയാന്‍ കഴിയു.. അദ്ദേഹം ഒട്ടേറെ കാലമായി പാപഭാരം ചുമക്കുന്നു. അഴിമതി ആരോപണത്തിന്റെ പാപഭാരത്താല്‍ നിവര്‍ന്ന് നില്‍ക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ ആണ് ഇന്ന് അദ്ദേഹം. എന്നാല്‍, പിണറായി ശിക്ഷിക്കപ്പെട്ട് കാണണം എന്ന് ആഗ്രഹിക്കുന്നവര്‍ നിരാശപ്പെടുന്ന പര്യവസാനം ആയിരിക്കും ഈ കേസില്‍ ഉണ്ടാവുക. സാങ്കേതികമായും വസ്തുതാപരമായും ലാവ്‌ലിന്‍ എന്നൊരു കേസ് ഇന്നില്ല. കേസില്‍ കുറ്റവിമുക്തനായി.. ഇപ്പോള്‍ വന്ന കേസിലും പിണറായി കുറ്റവിമുക്തനാകും.
കോഴിക്കോട് നടന്ന സിപിഎം വിശാല സംസ്ഥാന സമിതിയോടെ തെറ്റ് തിരുത്തലിലേക്ക് കാര്യങ്ങള്‍ എത്തിയോ?
ആരെയും മാറ്റുക എന്നതല്ല, മാറേണ്ടവര്‍ സ്വയം മാറണം എന്നാണ് പാര്‍ട്ടി ജനറല്‍ സെക്രട്ടറി എം.എ. ബേബി പറഞ്ഞത്. അപ്പോള്‍ മാറ്റം വരും. ഉരുക്കുകോട്ടയായ കണ്ണൂര്‍ ജില്ലയില്‍ നിന്ന് പോലും പിണറായിക്ക് നേരെ വിമര്‍ശനം ഉണ്ടായി. ഇനി താഴേക്കിടയിലുള്ള സഖാക്കള്‍ വരെ അദ്ദേഹത്തിന് നേരെ വിരല്‍ ചൂണ്ടും. സോവ്യയറ്റ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ സ്റ്റാലിന്‍ എങ്ങിനെ ആയിരുന്നോ ആ അവസ്ഥയില്‍ ആണ് കേരളത്തില്‍ പിണറായി വിജയന്‍. കരുത്തിനേക്കാള്‍ കൂടുതല്‍ ഭയപ്പെടുത്തുവാനുള്ള കഴിവ്. കൂടെ നില്‍ക്കുന്നവര്‍ ഭയപ്പെട്ട് നില്‍ക്കുന്നു. ഭയമില്ലാത്തവര്‍ പുറത്ത് പോകും. എന്നാല്‍, അടുത്തൊരു തെരഞ്ഞെടുപ്പിന് പിണറായി നേതൃസ്ഥാനത്ത് ഉണ്ടാകുമെന്ന് താന്‍ കരുതുന്നില്ല.
പിണറായിക്ക് ശേഷം പാര്‍ട്ടിയെ ആരാവും നയിക്കുക?
അഞ്ച് വര്‍ഷം മുന്‍പ് ചില പേരുകള്‍ എന്റെ മനസ്സില്‍ ഉണ്ടായിരുന്നു. ഇവരൊക്ക മുഖ്യമന്ത്രി ആയാല്‍ കൊള്ളാം എന്ന് തോന്നിയിട്ടുണ്ട്. പക്ഷേ, ഇപ്പോള്‍ അവരെ വിലയിരുത്തുമ്പോള്‍ പോരാ എന്ന അഭിപ്രായം ആണ്. എന്നാല്‍ ലോകത്ത് ഒരു പ്രസ്ഥാനവും നേതൃത്വത്തിന്റെ അഭാവം കൊണ്ട് നശിച്ചു പോയിട്ടില്ല. പിണറായിക്ക് ശേഷം ശൈലജ ടീച്ചര്‍ എന്ന് കേരളം മുഴുവന്‍ പറഞ്ഞ സാഹചര്യം ഉണ്ടായിരുന്നു. പിന്നീട് നാം എന്താണ് കണ്ടത്. ശൈലജ ടീച്ചറെ ഒതുക്കിയില്ലേ..? സിപിഎമ്മിന് ഇത്ര ദയനീയ തോല്‍വി കേരളത്തില്‍ ഉണ്ടാകാന്‍ ഉള്ള ഒരു കാരണം ശൈലജ ടീച്ചറോട് കാണിച്ച അനീതിയാണ്. തെറ്റുകള്‍ തിരുത്തണം.
മന്ത്രിയായും കെപിസിസി പ്രസിഡന്റായും സണ്ണി ജോസഫ് തുടരുകയാണ്. എന്തുകൊണ്ടാണ് പുതിയൊരു കെപിസിസി പ്രസിഡന്റ് ഇല്ലാത്തത്..?
അത് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ സംഘടനാപരമായ ദൗര്‍ബല്യമാണ്. കെപിസിസി പ്രസിഡന്റ് മുഖ്യമന്ത്രിക്ക് താഴേ ഇരിക്കേണ്ട ആളല്ല. കൂടെ ഇരിക്കേണ്ട ആളാണ്. ഈ പാര്‍ട്ടിയില്‍ എന്താ വേറെ നല്ല നേതാക്കള്‍ ഇല്ലാഞ്ഞിട്ടാണോ..? ഭരണസ്തംഭനത്തിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates